വെള്ളിയാഴ്ച മഹാശിവരാത്രി; ലെഡ്ഡില്‍ കടുകുമണിയേക്കാളും ചെറിയ ശിവലിംഗം തീര്‍ത്ത് വെങ്കടേഷിന്റെ വിസ്മയം
Feb 20, 2020, 21:58 IST
കാസര്‍കോട്: (www.kvartha.com 20.02.2020) വെള്ളിയാഴ്ച മഹാശിവരാത്രി. ലെഡ്ഡില്‍ കടുകുമണിയേക്കാളും ചെറിയ ശിവലിംഗം തീര്‍ത്ത് വിസ്മയം സൃഷ്ടിക്കുകയാണ് മുള്ളേരിയ തലവേലിലെ വെങ്കടേഷ് ആചാര്യ എന്ന പുട്ട. ഏറ്റവും ചെറിയ മൈക്രോ സൃഷ്ടികള്‍ ഉണ്ടാക്കി ശ്രദ്ധേയനായ വ്യക്തിയാണ് വെങ്കടേഷ് ആചാര്യ. പെന്‍സിലിന്റെ ലെഡ്ഡില്‍ രണ്ടു ദിവസത്തെ പ്രയഗ്നത്തിനൊടുവിലാണ് ശിവന് സമര്‍പ്പണമായി ശിവലിംഗം ഒരുക്കിയത്. അരിമണിയിലും ലെഡ്ഡിലും തീപ്പട്ടിക്കമ്പിലും ശില്‍പ്പങ്ങള്‍ ഒരുക്കിയാണ് വെങ്കടേഷ് ശ്രദ്ധേയനായത്.
തീപ്പെട്ടിക്കമ്പിന്റെ അറ്റത്ത് ശബരിമല സന്നിധാനം, 10 മില്ലി സ്വര്‍ണം കൊണ്ട് സ്വച്ഛ് ഭാരത് ലോഗോ, തീപ്പെട്ടിക്കമ്പിന്റെ അറ്റത്ത് ഇന്ത്യന്‍ പാര്‍ലമെന്റ്, അരിമണി വലുപ്പത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ, പോസ്റ്റ് കാര്‍ഡില്‍ 6524 തവണ ഓം നമശിവായ എന്ന് എഴുതുകയും ചെയ്തുകൊണ്ട് ശ്രദ്ധേയനായിരുന്നു വെങ്കടേഷ്. ഒരു അരിമണിയില്‍ 36 അക്ഷരങ്ങള്‍ എഴുതിയും സൂചി ദ്വാരത്തില്‍ സ്വര്‍ണം കൊണ്ട് ക്രിക്കറ്റ് പിച്ച് ഉണ്ടാക്കിയും 60 മില്ലിഗ്രം സ്വര്‍ണം കൊണ്ട് ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഉണ്ടാക്കിയും പെന്‍സില്‍ മുന കൊണ്ട് ഇന്ത്യന്‍ ഭൂപടമുണ്ടാക്കിയും വെങ്കടേഷ് തന്റെ കരവിരുത് തെളിയിച്ചിരുന്നു.
ഫുട്‌ബോള്‍ വേള്‍ഡ് കപ്പ്, ഗിത്താര്‍, കുരിശില്‍ തറച്ച യേശു എന്നിവ പെന്‍സില്‍ മുനയില്‍ തീര്‍ത്തിരുന്നു. ക്രിസമസിന്റെ ഭാഗമായി തീപ്പട്ടിക്കമ്പിന്റെ അറ്റത്ത് പുല്‍ക്കൂട് ഉണ്ടാക്കിയും അരിമണിയില്‍ ഈദ്മുബാറക്ക് എന്നെഴുതിയും ഇതോടൊപ്പം നിലാവില്‍ മക്ക, മദീനയുടെ ചിത്രവും ചേര്‍ത്ത് ഭംഗിവരുത്തിയും ചെയ്തും വെങ്കടേഷ് തന്റെ കഴിവ് തെളിയിച്ചിരുന്നു. കാസര്‍കോട് തായിലങ്ങാടി ഗോള്‍ഡ് വര്‍ക്ക്‌സ് കടയില്‍ ജോലി ചെയ്യുന്ന വെങ്കടേഷ് മുള്ളേരിയ തലവേലിലെ സുബ്രായ ആചാര്യ-ശാരദ ദമ്പതികളുടെ മകനാണ്. ചെറുപ്പത്തിലേ കലയില്‍ താത്പര്യം പ്രകടിപ്പിച്ച വെങ്കടേഷ് വളരുംതോറും കലകളില്‍ പുതുമകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. മരപ്പണിക്കാരന്‍ പ്രശാന്ത് ആചാര്യ സഹോദരനാണ്.
Keywords: Kasaragod, News, Kerala, Venkatesh, Shiva Lingam, Pencil lead, Football world cup, Cricket pitch, Gold, Gitar, Venkatesh make Shiva Lingam in pencil lead