Traffic Jam | മൊഗ്രാലിൽ തിരക്കേറിയ സർവീസ് റോഡിൽ വഴിമുടക്കി നിർമാണ കമ്പനിയുടെ ടിപ്പർ ലോറി കേടായി കിടക്കുന്നു; ഗതാഗത തടസ്സത്തിന് കാരണമാകുന്നുവെന്ന് ആക്ഷേപം
● ഗതാഗതം നിയന്ത്രിക്കാൻ പോലീസിനെ നിയമിച്ചിരുന്നു.
● സർവീസ് റോഡിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ സന്നദ്ധ സംഘടനകൾ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകി വരികയാണ്.
മൊഗ്രാൽ: (KasargodVartha) ടൗണിലെ ദേശീയപാതയോട് ചേർന്ന സർവീസ് റോഡിൽ നിർമാണ കമ്പനിയുടെ ടിപ്പർ ലോറി കേടായി കിടക്കുന്നത് ഗതാഗതക്കുരുക്കിന് വഴിവെക്കുന്നതായി പരാതി. മൊഗ്രാൽ ടൗൺ അടിപ്പാതയ്ക്ക് സമീപത്തെ തിരക്കേറിയ ഈ റോഡിൽ രണ്ടു ദിവസമായി ലോറി കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും നിർമാണ കമ്പനി അധികൃതരാകട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും, അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ദേശീയപാതയിലെ ഇടുങ്ങിയ സർവീസ് റോഡിലെ അശാസ്ത്രീയ നിർമാണവും, അധികൃതരുടെ അനാസ്ഥയും ഏറെ ചർച്ച ചെയ്യപെടുമ്പോഴും പരിഹാര നടപടികൾ ഒന്നുമില്ലെന്നാണ് ആക്ഷേപം. നേരത്തെ, കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും അടിപ്പാതയ്ക്ക് സമാനമായി നിർത്തിയിടുന്നത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് മൊഗ്രാൽ ദേശീയ വേദി കുമ്പള സിഐക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഗതാഗതം നിയന്ത്രിക്കാൻ പോലീസിനെ നിയമിച്ചിരുന്നു. എന്നാൽ, നിർമാണ ലോറി റോഡിൽ കുടുങ്ങിയതോടെ പ്രശ്നം വീണ്ടും രൂക്ഷമായി.
തിങ്കളാഴ്ച, സർവീസ് റോഡിലെ ഉയരം കൂടിയ ഓവുചാലിന് മുകളിലുള്ള സ്ലാബിൽ തട്ടി ഒരു സ്കൂട്ടർ യാത്രികൻ ലോറിയിൽ ഇടിച്ച് മരിച്ച സംഭവം നിർമാണ കമ്പനിയുടെ അനാസ്ഥയെ വെളിപ്പെടുത്തുന്നുവെന്ന് ആരോപണമുണ്ട്. സർവീസ് റോഡിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ സന്നദ്ധ സംഘടനകൾ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകി വരികയാണ്.
#TrafficJam, #Mograal, #TipperLorry, #KeralaNews, #ServiceRoad, #RoadBlock