അറബ് രാജ്യത്തെ ആദ്യ ചൊവ്വ ദൗത്യം വിജയിച്ചതിന്റെ കയ്യൊപ്പ് പതിഞ്ഞവരിൽ കാസർകോട്ടുകാരനും
Feb 11, 2021, 16:39 IST
ദുബൈ:(www.kasargodvartha.com 11.02.2021)യുഎഇ യുടെ അഭിമാന പദ്ധതിയായ ഹോപ് പ്രോബ് (അൽ അമൽ) ഭ്രമണപഥത്തിൽ എത്തിയപ്പോൾ കാസർകോട്ടുകാർക്ക് സന്തോഷിക്കാൻ ഒരു കാരണവും കൂടിയുണ്ട്. അതിൽ കയ്യൊപ്പ് പതിഞ്ഞവരിൽ ഒരു നാട്ടുകാരനുമുണ്ട്. പള്ളിക്കര തൊട്ടി സ്വദേശിയായ അഹ്‌മദ് മശ്‌ഹൂദ് (35) ആണ് അഭിമാനമായി മാറിയത്.
അറബ് ലോകത്തെ പ്രഥമ ചൊവ്വാ പര്യവേഷണ ദൗത്യ വിജയമായിരുന്നു ഹോപ് പ്രോബ് പേടകം കഴിഞ്ഞ ദിവസം ഭ്രമണപഥത്തിൽ എത്തിയതോടെ യുഎഇ സ്വന്തമാക്കിയത്. ജൂലൈ 21 ന് പ്രാദേശിക സമയം പുലര്‍ചെ 1.58 നായിരുന്നു ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപാനിലെ താനെഗാഷിമ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ചൊവ്വാഴ്ച രാത്രി 7.42 ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതോടെ ചൊവ്വയിലേക്ക് ഉപഗ്രഹമയക്കുന്ന ആദ്യ അറബ് രാഷ്ട്രവും അഞ്ചാമത്തെ രാജ്യവുമായി യുഎഇ മാറി.
ചൊവ്വാ പര്യവേഷണ ദൗത്യവുമായി ബന്ധപ്പെട്ട് വിവിധ സേവനങ്ങളിൽ മശ്ഹൂദും ഭാഗമായിരുന്നു. യുഎഇ നാഷണൽ സ്‌പേസ് ആൻഡ് സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിൽ (എൻ എസ് എസ് ടി സി) സാറ്റലൈറ്റ് ഡെവലപ്‌മെന്റ് എൻജിനീയറാണ് ഇദ്ദേഹം. എൻ എസ് എസ് ടി സിയിൽ സീനിയർ റിസർച് ആയും വിവിധ പ്രോജക്ടുകളുടെ മാനജറായും 4 വർഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയാണ്. കഴിഞ്ഞ വർഷം അമേരികയിൽ നടന്ന സ്‌പേസ് ജനറേഷൻ അഡ്വൈസറി കൗൺസിലിൽ യു എ ഇയെ പ്രതിനിധീകരിച്ചതും ഇദ്ദേഹമായിരുന്നു.
പള്ളിക്കരയിലെ പരേതനായ തൊട്ടിയില്‍ മുഹമ്മദിന്റെയും സുരയ്യ മുഹമ്മദിന്റെയും മകനാണ് മശ്ഹൂദ്. യുകെയിൽ നിന്നും നാനോ ടെക്‌നോളജി ആൻഡ് മൈക്രോ സിസ്റ്റംസിൽ എം എസ് പഠനം പൂർത്തിയാക്കി. അതിനു ശേഷം യുഎഇ യിലെത്തി. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാൻ യുഎഇ ദൗത്യമിട്ടിരിക്കുന്ന പദ്ധതിയിലും മശ്ഹൂദ് ഭാഗമാവുമെന്നാണ് സൂചന.
Keywords: UAE, Dubai, Kasaragod, Pallikara, There were Kasargod resident in the success of the first Mars mission on the Arab world.