Staff Shortage | കോയിപ്പാടി വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല; ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു
● ഒരു വില്ലേജ് ഓഫീസർ, ഒരു സ്പെഷ്യൽ വില്ലേജ് ഓഫീസർ, ഒരു വില്ലേജ് അസിസ്റ്റന്റ്, രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർ മാത്രമാണ് ഇവിടെയുള്ളത്.
● കോയിപ്പാടി വില്ലേജ് ഓഫീസിൽ നേരത്തെ രണ്ട് വില്ലേജ് അസിസ്റ്റന്റ് തസ്തികകൾ ഉണ്ടായിരുന്നു.
● പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
കുമ്പള: (KasargodVartha) കോയിപ്പാടി ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരുടെ അഭാവം ഓഫീസ് പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതായി പരാതി. ഇച്ചിലമ്പാടി, മൊഗ്രാൽ, കോയിപ്പാടി എന്നീ മൂന്ന് ഗ്രൂപ്പ് വില്ലേജുകൾ ചേർന്നതാണ് കോയിപ്പാടി വില്ലേജ് ഓഫീസ്. ഏകദേശം 21000 ഭൂമികൾ ഇവിടെയുണ്ട്.
എന്നാൽ, ഒരു വില്ലേജ് ഓഫീസർ, ഒരു സ്പെഷ്യൽ വില്ലേജ് ഓഫീസർ, ഒരു വില്ലേജ് അസിസ്റ്റന്റ്, രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർ മാത്രമാണ് ഇവിടെയുള്ളത്. ഇതിൽ വില്ലേജ് അസിസ്റ്റന്റ് തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.
കോയിപ്പാടി വില്ലേജ് ഓഫീസിൽ നേരത്തെ രണ്ട് വില്ലേജ് അസിസ്റ്റന്റ് തസ്തികകൾ ഉണ്ടായിരുന്നു. എന്നാൽ, ജോലിഭാരം കൂടിയതോടെ ഒരു തസ്തിക ഇല്ലാതാക്കുകയും, ഒഴിവുള്ള തസ്തിക നികത്താതിരിക്കുകയും ചെയ്തത് വലിയ അനാസ്ഥയാണെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
തിരക്കുള്ള ഈ ഓഫീസിൽ ഒരു ടൈപ്പിസ്റ്റിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചിരുന്നെങ്കിലും, 'കരുതലും കൈത്താങ്ങും' എന്ന പേരിൽ നടക്കുന്ന താലൂക്ക് തല അദാലത്തിന്റെ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ഉടനടി മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് സ്ഥലം മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ജില്ലയിലെ മറ്റ് ജോലിഭാരമുള്ള വില്ലേജുകളിലേക്ക് ഓഫീസ് അറ്റന്റന്റ്, ടൈപ്പിസ്റ്റ് തസ്തികകൾ അനുവദിച്ചപ്പോൾ കോയിപ്പാടി വില്ലേജിനെ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും മൊഗ്രാൽ ദേശീയ വേദി ആരോപിച്ചു.
ജില്ലയിൽ ആദ്യം റീസർവേ നടപടികൾ പൂർത്തിയായതും, തീരപ്രദേശമടക്കം ജനസാന്ദ്രത കൂടുതലുള്ള മൂന്ന് വില്ലേജുകൾ ഉൾപ്പെട്ടതുമായ കോയിപ്പാടി വില്ലേജ് ഓഫീസിലേക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തിൽ പരാതി നൽകാനും മൊഗ്രാൽ ദേശീയ വേദി തീരുമാനിച്ചിട്ടുണ്ട്. പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
#Koyippadi, #StaffShortage, #PublicInconvenience, #KeralaNews, #GovernmentServices, #VillageIssues