ബൈപാസിനുള്ള നീക്കം തകൃതി
Jan 13, 2012, 12:54 IST
കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി നഗരസഭയും രംഗത്തു വന്നതോടെ ബൈപാസിനുള്ള നീക്കം തകൃതിയായി.
നാലുവരിപാതയ്ക്കായി സമര്‍പ്പിച്ച കരട് നിര്‍ദ്ദേശത്തില്‍ നിന്നും കാസര്‍കോട് നഗരപ്രദേശത്തെ ഒഴിവാക്കി പ്രത്യേക എന്‍.എച്ച്. ബൈപാസ് നിര്‍മ്മിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കാസര്‍കോട് നഗസഭ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് പ്രമേയം വഴി ആവശ്യപ്പെട്ടു. നാലുവരിപാത പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും നഗര പ്രദേശങ്ങളെ ഒഴിവാക്കി പ്രത്യേക ബൈപാസ് വഴിയാണ് കടന്നുപോകുന്നത്. വടക്കന്‍ കേരളത്തില്‍ പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, മാഹി, കോഴിക്കോട് എന്നിവിടങ്ങളിലും തെക്കന്‍ കേരളത്തില്‍ ചേര്‍ത്തല, ആലപ്പുഴ, അഡൂര്‍, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലും പ്രത്യേക ബൈപാസ് നിര്‍മ്മിച്ചാണ് നാലുവരിപാതക്ക് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കാസര്‍കോട് നഗരമുഖം വികൃതമാകുന്ന രീതിയില്‍ നാലുവരിപാതയ്ക്കായി തയ്യാറാക്കിയിട്ടുള്ള കരട് നിര്‍ദ്ദേശം ഒഴിവാക്കി കൂടുതല്‍ പണച്ചെലവും സ്ഥലമെടുപ്പും ഇല്ലാത്തവിധവും സൗകര്യപ്രദമായ രീതിയില്‍ വിദ്യാനഗര്‍-ഉളിയത്തടുക്ക-ചൗക്കി ബൈപാസ് നിര്‍മ്മിച്ച് നാലുവരി പാത ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബൈപാസ് വരുമ്പോള്‍ വിദ്യാനഗര്‍, മധൂര്‍, ഉളിയത്തടുക്ക, ചൗക്കി തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ വികസന സാധ്യത ഉണ്ടാകുമെന്ന തിരിച്ചറിവ് ഈ പ്രദേശത്തെ ജനങ്ങളിലും ബൈപാസിനു വേണ്ടിയുള്ള അനുകൂലസമീപനം സൃഷ്ടിക്കാന്‍ ഇടയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി നടപടിയുണ്ടാകേണ്ടത് ദേശീയപാത അതോറിറ്റി അധികൃതരില്‍ നിന്നാണ്. നാട്ടുകാരേയും മറ്റും ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ബൈപാസിന് സ്ഥലം വിട്ട് കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാക്കാന്‍ എം.പിയും, സ്ഥലം എം.എല്‍.എ മുന്‍ കൈയ്യെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ബൈപാസ് നിര്‍മ്മിച്ചാല്‍ അനുബന്ധമായി പുതിയ ഒരു ബസ് സ്റ്റാന്‍ഡിനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം കാസര്‍കോടിന്റെ വികസനത്തിന് പുതിയ ചലനങ്ങളായിരിക്കും ഉണ്ടാക്കുക.
മൂന്ന് മീറ്റര്‍ വരെ ഉയരത്തിലായിരിക്കും പുതിയ നാലുവരിപ്പാത നിര്‍മാണം. അങ്ങനെ വന്നാല്‍ പുതിയ ബസ്സ്റ്റാന്‍ഡ് ഭാഗത്തെ റോഡിന്റെ ഇരുവശങ്ങളും പൂര്‍രണമായും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകും. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പ്രവേശിക്കുന്നതിന് ടോള്‍ നല്‍കേണ്ടതായും വരും. ഇത് സാധാരണക്കാര്‍ക്ക് വന്‍ബാധ്യതയായിമാറും. കാസര്‍കോട്ടെ പുതിയ ബസ്സ്റ്റാന്‍ഡ് കോപ്ലക്‌സിന്റെ മുന്‍വശവും പാര്‍ക്കിംഗ് ഭാഗവും നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഇക്കാര്യങ്ങളെല്ലാം മുന്‍കൂട്ടികണ്ടാണ് കാസര്‍കോട് നഗരസഭയും ബൈപാസ് വേണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇത്സംബന്ധിച്ച പ്രമേയം എ അബ്ദുര്‍ റഹ്മാന്‍ അവതരിപ്പിച്ച് ഹാശിം കടവത്ത് പിന്താങ്ങി. പ്രമേയം യോഗം ഐക്യകണ്‌ഠേന പാസാക്കിയത് ബൈപാസ് വിഷയം കാസര്‍കോട്ടുകാരുടെ പൊതുവികാരമായി മാറിയതായി ചൂണ്ടിക്കാട്ടുന്നു.
ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ദുര്‍ റഹ്മാന്‍ കുഞ്ഞു, അബ്ബാസ് ബീഗം, കൗണ്‍സിലര്‍മാരായ എം സുമതി, എല്‍എ മഹ്മൂദ് ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിനകം പി കരുണാകരന്‍ എംപി, കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, വിവിധ രാഷ്ട്രീയ കക്ഷികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ബൈപ്പാസ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ദുര്‍ റഹ്മാന്‍ കുഞ്ഞു, അബ്ബാസ് ബീഗം, കൗണ്‍സിലര്‍മാരായ എം സുമതി, എല്‍എ മഹ്മൂദ് ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിനകം പി കരുണാകരന്‍ എംപി, കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, വിവിധ രാഷ്ട്രീയ കക്ഷികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ബൈപ്പാസ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
Keywords: SAVE-KASARAGOD-TOWN, Bypass, Kasaragod, Kasaragod-Municipality