Incident | മരത്തിൽ നിന്ന് ഹൈ ടെൻഷൻ വൈദ്യുതി കമ്പിയിലേക്ക് വീണ് പെരുമ്പാമ്പ് ചത്തു; വീഡിയോ
● കാസർകോട് അമേയ് റോഡിൽ സംഭവം
● വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം
● വനം വകുപ്പിന് പാമ്പ് കൈമാറി
കാസർകോട്: (KasargodVartha) മരത്തിൽ നിന്ന് സമീപത്തെ ഹൈ ടെൻഷൻ വൈദ്യുതി കമ്പിയിലേക്ക് വീണ് പെരുമ്പാമ്പ് ചത്തു. കാസർകോട് പ്രസ് ക്ലബ് ജംക്ഷന് സമീപം അമേയ് റോഡിലാണ് കൂറ്റൻ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തത്. വ്യാഴാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം.
പാമ്പ് കമ്പിയിൽ സ്പർശിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം സ്വമേധയാ നിലച്ചു. രാവിലെ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കമ്പിയിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടൻതന്നെ കെഎസ്ഇബി കാസർകോട് സബ് എൻജിനീയർ സദർ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സ്നേക് റെസ്‌ക്യൂർ അമീൻ അടുക്കത്ബയൽ കമ്പ് ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ കുടുങ്ങിയ പാമ്പിനെ താഴെയിറക്കി. തുടർ നടപടികൾക്കായി പാമ്പിനെ വനം വകുപ്പ് ജീവനക്കാർക്ക് കൈമാറി.
#snake #electrocution #kasargod #kerala #wildlife #accident #kseb #indiawildlife






