ഗവ.കോളജില്‍ SFI-MSF സംഘട്ടനം
Jul 18, 2013, 22:47 IST
കാസര്‍കോട്: ഗവ. കോളജില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പെണ്‍കുട്ടികളുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പെരിയ പോളിടെക്നിക്കില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയായിരുന്ന എം.എസ്.എഫ്, കെ.എസ്.യു. പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരുമാണ് ഏട്ടുമുട്ടിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
എം.എസ്.എഫ്. പ്രവര്‍ത്തകരായ ഒന്നാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥി അബൂബക്കര്‍ സിദ്ദീഖ് (18), രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥി ഉനൈസ് (19), ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി തസ്ലിം(18), ഒന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി റാഷിദ് (18), എസ്എഫ്ഐ പ്രവര്‍ത്തകരായ യൂണിറ്റ് പ്രസിഡന്റും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ എളേരിത്തട്ടിലെ വൈശാഖ് രാഘവന് (20), യൂണിറ്റ് സെക്രട്ടറി മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി മുന്നാട്ടെ എം ശ്രീകാന്ത് (20), ബളാന്തോടിലെ ബി ശ്രീനാഥ് (20), നീലേശ്വരത്തെ കെ വിജിഷ (20), കൊളത്തൂരിലെ ശരത്ത് ശശി (20), രണ്ടാംവര്‍ഷ കന്നഡ വിദ്യാര്‍ഥിയും ബാലസംഘം ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ മധൂരിലെ കെ സജിത (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ശിവന്, ശ്രീകാന്ത്, രാജേഷ്, വൈഷാഖ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്ന് ആശുപത്രിയില്‍ കഴിയുന്ന എം.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രകടനം കഴിഞ്ഞ് ക്ലാസിലേക്ക് പോവുകയായിരുന്ന പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നും നവാഗത വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയില്‍ നിന്ന് അകലുന്നതില്‍ വിറളിപൂണ്ടവര്‍ റാഗിംഗിലുടെയും ഭീഷണിയിലൂടെയും പുതുമുഖങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ടായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്നും എം.എസ്.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അക്രമത്തെ വഴിതിരിച്ചുവിടാന്‍ വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ കിടത്തി എസ്.എഫ്.ഐ നാടകം കളിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ശംസുദ്ദീന്‍ കിന്നിംഗാര്‍ ആരോപിച്ചു.
അതേ സമയം ഉച്ചഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്ന ശ്രീനാഥിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും ഇതില്‍ പ്രതിഷേധിച്ച് ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുമ്പോഴായിരുന്നു അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
കോളേജില്‍ എസ്എഫ്ഐക്കാരെ പഠിക്കാന്‍ അനുവദിക്കില്ലെന്നും പ്രകടനം ഇവിടെ വേണ്ടെന്നും ആക്രോശിച്ചായിരുന്നു മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അര്‍ഷാദ്, നവാസ് പാലോത്ത്, മുര്‍ഷീദ്, സത്താര്‍, നിസാമുദീന്‍, താഹ, രണ്ടാംവര്‍ഷ വിദ്യാര്‍ഥി നഈം, അനീസ്, കബീര്‍, ഉനൈസ്, തന്‍വീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എംഎസ്എഫ് സംഘം അക്രമം നടത്തിയത്. ക്യാമ്പസിനുള്ളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ നിരന്തരം അക്രമിക്കുകയാണ്. പെണ്‍കുട്ടികളെപ്പോലും ക്രൂരമര്ദനത്തിനിരയാക്കുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളേജ് അധികൃതരോ പൊലീസോ തയ്യാറാകാത്തത് അക്രമം തുടരാന്‍ പ്രോത്സാഹനമാകുന്നു, എസ്.എഫ്.ഐ ആരോപിച്ചു.
ആശുപത്രിയില്‍ കഴിയുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്, വൈസ് പ്രസിഡന്റ് കെ രവീന്ദ്രന് എന്നിവര്‍ സന്ദര്‍ശിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പഠിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ എംഎസ്എഫുകാര്‍ അക്രമം നടത്തുകയാണ്. ഇതിന്റെ അവസാന ഉദാഹരണമാണ് വ്യാഴാഴ്ച കോളേജില്‍ നടന്ന അക്രമം. ക്രിമിനലുകളായ എംഎസ്എഫുകാരുടെ നേതൃത്വത്തില്‍ നിരന്തരം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പൊലീസില്‍ പരാതി നല്കിയാലും മുസ്ലിംലീഗ് നേതൃത്വം ഇടപെട്ട് പ്രതികളെ സംരക്ഷിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.