city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷ്ണന്‍ മാഷിന് ആദരം ഞായറാഴ്ച; സംഗീതത്തിന്റെ കുളിര്‍മഴ പെയ്യിക്കാന്‍ ഷഹബാസ് അമന്റെ ഗസലും

കാസര്‍കോട്: (www.kasargodvartha.com 16.09.2017) പി വി കൃഷ്ണന്‍ മാഷിന് കാസര്‍കോട് പൗരാവലിയുടെ ആദരം ഞായറാഴ്ച. വൈകിട്ട് നാലു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരന്‍ ആദര സമര്‍പ്പണം നടത്തും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും.

കൃഷ്ണന്‍ മാഷിന് ആദരം ഞായറാഴ്ച; സംഗീതത്തിന്റെ കുളിര്‍മഴ പെയ്യിക്കാന്‍ ഷഹബാസ് അമന്റെ ഗസലും

എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, പി ബി അബ്ദുര്‍ റസാഖ് മുഖ്യാതിഥികളാകും. സുവനീര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന് നല്‍കി നോവലിസ്റ്റ് സി വി ബാലകൃഷ്ണനും 'സാക്ഷി വരയുടെ ലോകം' പുസ്തക പ്രകാശനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിന് നല്‍കി നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാടും, ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മം പ്രൊഫ. എം എ റഹ് മാനും, സാക്ഷി ചരിത്ര മുഹൂര്‍ത്തം ഫോട്ടോ പുസ്തക പ്രകാശനം കൃഷ്ണന്‍മാഷിന്റെ സഹധര്‍മിണി വി വി മേഴ്‌സി ടീച്ചര്‍ക്ക് നല്‍കി പി എന്‍ ഗോപീകൃഷ്ണനും നിര്‍വഹിക്കും.

പ്രമുഖര്‍ സംബന്ധിക്കും. അഞ്ചു മണിക്ക് ടൗണ്‍ ഹാളില്‍ സിനിമാ പിന്നണി ഗായകനും സംഗീതജ്ഞനും ഗസല്‍ മാന്ത്രികനുമായ ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന ഗസല്‍സന്ധ്യ അരങ്ങേറും.


കൃഷ്ണന്‍മാഷിന്റേത് അടിക്കുറിപ്പില്ലാതെ എല്ലാവര്‍ക്കും മനസിലാവുന്ന വര: ടി കെ സുജിത്
കാസര്‍കോട്: അടിക്കുറിപ്പില്ലാതെ എല്ലാവര്‍ക്കും മനസിലാവുന്ന വരയാണ് പി വി കൃഷ്ണന്‍മാഷിന്റെ കാര്‍ട്ടൂണുകളെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടി കെ സുജിത് (കേരള കൗമുദി) അഭിപ്രായപ്പെട്ടു. കാസര്‍കോട് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ കൃഷ്ണന്‍മാഷിനെ ആദരിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ട്ടൂണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ട്ടൂണുകള്‍ക്ക് പത്രങ്ങളില്‍ പ്രാതിനിധ്യം കുറഞ്ഞു വരുന്നതായും പോക്കറ്റു കാര്‍ട്ടൂണുകളില്‍ മാത്രമൊതുങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്‍ട്ടൂണ്‍ രംഗത്ത് കൃഷ്ണന്‍മാഷിന്റെ സംഭാവന വിലപ്പെട്ടതാണെന്നും സുജിത് കൂട്ടിച്ചേര്‍ത്തു. റഹ് മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ ജി ബി വത്സന്‍ ക്യാമ്പ് വിശദീകരിച്ചു.

ആര്‍ട്ടിസ്റ്റ് ടി രാഘവന്‍, ജയന്‍ മാങ്ങാട്, അഡ്വ. പി വി ജയരാജന്‍, ബിജു കാഞ്ഞങ്ങാട്, കാര്‍ട്ടൂണിസ്റ്റ് രഞ്ജിത്, അഡ്വ. ടി വി ഗംഗാധരന്‍, കെ വി കുമാരന്‍മാഷ്, അഷ്‌റഫലി ചേരങ്കൈ സംസാരിച്ചു. എ എസ് മുഹമ്മദ് കുഞ്ഞി സ്വാഗതവും ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദിയും പറഞ്ഞു. ടി കെ സുജിത്, പി വി കൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സഗീര്‍, കെ എ അബ്ദുല്‍ ഗഫൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.


പുതിയ സാംസ്‌കാരിക ഉണര്‍വിന് കാസര്‍കോട് സാക്ഷി; അപൂര്‍വ വിരുന്നുകാരനായി മന്ത്രി കടന്നപ്പള്ളിയുമെത്തി
കാസര്‍കോട്: വിടര്‍ന്ന കണ്ണുകളോടെ കാസര്‍കോട് ആ സാംസ്‌കാരികോത്സവത്തിന്റെ ആദ്യ ദിനത്തിന് സാക്ഷിയായി. വരകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്‍ മാഷെ ആദരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച നടന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനവും കവിയരങ്ങും കാസര്‍കോടിന് അവിസ്മരണീയമായ ദിനമാണ് സമ്മാനിച്ചത്. മൂന്ന് ദിന പരിപാടികളുടെ ഭാഗമായാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശനവും കവിയരങ്ങും സംഘടിപ്പിച്ചത്.

ഉച്ചയ്ക്ക് ശേഷം നടന്ന കവിയരങ്ങിന് സാക്ഷിയാവാന്‍ അപൂര്‍വ വിരുന്നുകാരനായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമെത്തി. മന്ത്രിയുടെ വരവ് പരിപാടിയുടെ ആഹ്ലാദം ഇരട്ടിപ്പിച്ചു. നാലു മണിയോടെ കെ കുഞ്ഞിരാമന്‍ എം എല്‍ എയോടൊപ്പമാണ് മന്ത്രി എത്തിയത്. കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച മന്ത്രി ഓരോ കാര്‍ട്ടൂണും നോക്കി പി വി കൃഷ്ണന്‍ മാഷെ അഭിനന്ദിക്കുന്നുണ്ടായിരുന്നു.

മാഷുമായി തനിക്കുള്ള പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന്റെ കഥ കൂടിനിന്നവരോട് പങ്കുവെച്ചാണ് മന്ത്രി വേദിയിലേക്ക് കയറിയത്. കവിയരങ്ങ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം കൃഷ്ണന്‍മാഷെ കുറിച്ചും കാര്‍ട്ടൂണുകളെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. വരകള്‍ ഇത്രമാത്രം ഇണങ്ങുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ കൃഷ്ണന്‍മാഷെ പോലെ അപൂര്‍വമാണെന്നും വരകള്‍ മാത്രമല്ല, കുറിക്കു കൊള്ളുന്ന അടിക്കുറിപ്പുകളും കൃഷ്ണന്‍മാഷുടെ വജ്രായുധമാണെന്നും മന്ത്രി പറഞ്ഞു. കാര്‍ട്ടൂണുകള്‍ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളും മാറ്റങ്ങളും ചെറുതല്ലെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ശബ്ദമില്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ ലോകത്ത് ശബ്ദമുണ്ടാക്കുന്നവരാണ് കവികള്‍: വീരാന്‍ കുട്ടി

കാസര്‍കോട്:
ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ ലോകത്ത് ശബ്ദമുണ്ടാക്കുന്നവരാണ് കവികളെന്ന് പ്രശസ്ത കവി വീരാന്‍ കുട്ടി പറഞ്ഞു. പി വി കൃഷ്ണന്‍ മാഷെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ചുള്ള കവിയരങ്ങ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധമാവണം കവിതയെന്നും ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നവര്‍ക്ക് കവിതകൊണ്ട് മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അതിജീവന മന്ത്രമായി കവിത എന്നും നിലനില്‍ക്കുമെന്നും വീരാന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു. പി എസ് ഹമീദ് അധ്യക്ഷതവഹിച്ചു. സ്വര്‍ഗ കവാടം കടന്ന് എന്ന കവിത അദ്ദേഹം ചൊല്ലി. പെരുച്ചാഴി എന്ന കവിത ചൊല്ലി പി വി കൃഷ്ണന്‍ മാഷും കവിയരങ്ങില്‍ പങ്കാളിയായി.

ദിവാകരന്‍ വിഷ്ണുമംഗലം, മാധവന്‍ പുറച്ചേരി, ബിജു കാഞ്ഞങ്ങാട്, രാധാകൃഷ്ണന്‍ പെരുമ്പള, നാലപ്പാടം പത്മനാഭന്‍, പ്രകാശന്‍ മടിക്കൈ, സി പി ശുഭ, രവീന്ദ്രന്‍ പാടി, രാധാകൃഷ്ണ ഉളിയത്തടുക്ക, വിനോദ് കുമാര്‍ പെരുമ്പള, എം നിര്‍മല്‍ കുമാര്‍, രമ്യ കെ പുളുന്തോട്ടി, രാഘവന്‍ ബെള്ളിപ്പാടി, കുമാര്‍ വര്‍ഷ, എരിയാല്‍ അബ്ദുല്ല, കെ ജി റസാഖ്, രാധ ബേഡകം, എം പി ജില്‍ജില്‍, കെ എച്ച് മുഹമ്മദ്, കുറ്റിക്കോല്‍ ശങ്കരന്‍ എമ്പ്രാന്തിരി, റഹ് മാന്‍ മുട്ടത്തോടി, ഹമീദ് ബദിയടുക്ക എന്നിവര്‍ കവിത ചൊല്ലി.

പി ഇ എ റഹ് മാന്‍ പാണത്തൂര്‍ സ്വാഗതവും പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.


ആഹ്ലാദ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവാന്‍ കൃഷ്ണന്‍ മാഷിന്റെ കുടുംബവും
കാസര്‍കോട്: സാക്ഷി ആദര ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പി വി കൃഷ്ണന്‍ മാഷിന്റെ കുടുംബവും എത്തി. ഭാര്യ മേഴ്‌സി ടീച്ചര്‍, മക്കള്‍ രേഖ, ബിന്ദു, മരുമകന്‍ അഡ്വ. സനല്‍, മാഷുടെ പേരകുട്ടികള്‍ തുടങ്ങിയവര്‍ കാസര്‍കോട്ടെത്തിയിരുന്നു.

കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലും കാര്‍ട്ടൂണ്‍ ക്യാമ്പിലും കവിയരങ്ങിലും കൃഷ്ണന്‍ മാഷുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി. സുഹൃത്ത് ആര്‍ട്ടിസ്റ്റ് സി എന്‍ രാജുവും കൊച്ചിയില്‍ നിന്നെത്തിച്ചേര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Felicitation, Programme, Inauguration, K Krishnan Master, Sakshi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia