Anniversary | സഅദിയ്യയുടെ അമ്പത്തിയഞ്ചാം വാർഷികം: പ്രൗഢമായ ആഘോഷങ്ങൾക്ക് തുടക്കം
● വിദ്യാർത്ഥികളുടെ പങ്കാളിത്തം രാഷ്ട്ര നിർമാണത്തിൽ നിർണായകമെന്ന് സ്പീക്കർ
● പുസ്തകോത്സവ്, എക്‌സ്‌പോ, ആത്മീയ സംഗമം ഉൾപ്പെടെ വിവിധ പരിപാടികൾ
ദേളി (കാസർകോട്): (KasargodVartha) സമന്വയ വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടിന്റെ കർമ്മഗാഥകൾ അയവിറക്കി ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തിയഞ്ചാം വാർഷികാഘോഷ പരിപാടികൾക്ക് ദേളി സഅദാബാദിൽ പ്രൗഢമായ തുടക്കമായി. പണ്ഡിത മഹത്തുക്കളുടെ മഖ്ബറകളിൽ നടന്ന സിയാറത്തോടെ ആരംഭിച്ച പരിപാടികൾ വിവിധ സാംസ്കാരിക പരിപാടികളും പ്രഭാഷണങ്ങളുമായി സമ്പന്നമായിരുന്നു.
പ്രാരംഭ സമ്മേളനം
കർണാടക നിയമസഭ സ്പീക്കർ യുടി ഖാദർ ഉദ്ഘാടനം ചെയ്ത പ്രാരംഭ സമ്മേളനത്തിൽ സീനിയർ വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് അമ്പതാണ്ടിന്റെ സേവനം മുൻനിർത്തി എൻ എ അബൂബക്കർ ഹാജിയെ സമ്മേളന വേദിയിൽ ആദരിച്ചു. സ്പീക്കർ യുടി ഖാദർ ഷാള്‍ അണിയിച്ചു. യേനപ്പൊയ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സംവിധാനിച്ച പ്രത്യേക എക്‌സ്‌പോ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവ് ഡിവൈഎസ്പി മനോജ് ഉദ്ഘാടനം ചെയ്തു. വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം അഡ്വ. സി എച്ച് കുഞ്ഞമ്പു എം എൽ എ, എൻ എ നെല്ലിക്കുന്ന് എം എൽ എ, എകെ എം അഷ്‌റഫ് എം എൽ എ, മൈനോറിറ്റി കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി നിർവ്വഹിച്ചു.
വിദ്യാർത്ഥികളാണ് രാഷ്ട്ര നിർമാണത്തിലെ നിർണായക ഘടകമെന്ന് സ്പീക്കർ
കർണാടക നിയമസഭ സ്പീക്കർ യുടി ഖാദർ തന്റെ പ്രസംഗത്തിൽ വിദ്യാർത്ഥികളാണ് രാഷ്ട്ര നിർമാണത്തിലെ നിർണായക ഘടകമെന്നും അവരുടെ ക്രിയാ ശേഷി നന്മയുടെ വഴിയിൽ തിരിച്ചു വിടാന്‍ ബോധപൂർവ്വമായ ശ്രമം ഉണ്ടാവണമെന്നും അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ അരുതായ്മകൾ തല പൊക്കുമ്പോൾ രക്ഷിതാക്കളും അധ്യാപകരും ഏറെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചര പതിറ്റാണ്ട് മുമ്പ് സഅദിയ്യയിലൂടെ എം എ ഉസ്താദ് തുടക്കം കുറിച്ച വിദ്യാഭ്യാസ രീതി ഇന്ന് ഏറെ പ്രസക്തമാണെന്ന് സ്പീക്കർ പറഞ്ഞു. കേരളത്തിന് പുറമെ കർണാടകയിലും സഅദിയ്യയുടെ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാരംഭ സമ്മേളനത്തിനു ശേഷം നടന്ന വിവിധ പരിപാടികളിൽ പ്രമുഖരായ പണ്ഡിതന്മാർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. രാത്രി നടന്ന ജലാലിയ്യ ആത്മീയ സംഗമം വിശ്വാസികൾക്ക് ആത്മ നിർവൃതി നൽകി.