city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഥസഞ്ചലനവും വിജയശക്തി സംഗമവും വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നു പോയതില്‍ ആശ്വസിക്കാം, പക്ഷെ...

കാസര്‍കോട്: (www.kasargodvartha.com 02/02/2015) ബോവിക്കാനത്തും പൊവ്വലിലും ചില അനിഷ്ടസംഭവങ്ങളുണ്ടായതൊഴിച്ചാല്‍ ആര്‍.എസ്.എസിന്റെ പഥസഞ്ചലനങ്ങളും വിജയശക്തി സംഗമവും വലിയ ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ കടന്നുപോയതിന്റെ ആശ്വാസത്തിലാണു പോലീസും ജില്ലയിലെ ജനങ്ങളും. എങ്കിലും അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിലുള്ള ആശങ്ക പടരുകയും ചെയ്യുന്നു.

ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി കാല്‍ലക്ഷത്തോളം പ്രവര്‍ത്തകരാണ് വിദ്യാനഗര്‍ ഗവ. കോളജ് ഗ്രൗണ്ടില്‍ ഞായറാഴ്ച വൈകിട്ടു നടന്ന സംഗമത്തില്‍ അണിനിരന്നത്. പരിപാടിയുടെ സുരക്ഷ പോലീസിനു വലിയ തലവേദനയായിരുന്നു. മലപ്പുറത്തിനു വടക്കുള്ള ജില്ലകളില്‍ നിന്നായി ഡി.വൈ.എസ്.പിമാരടക്കം 638 പോലീസ് ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.

സംഗമസ്ഥലത്തെ സുരക്ഷയെക്കാളും പഥസഞ്ചലനങ്ങള്‍ കടന്നുവന്ന വഴികളിലേയും പരിപാടി കഴിഞ്ഞുള്ള മടക്കയാത്രയിലേയും സുരക്ഷയാണ് പോലീസിനു ഏറെ പ്രയാസം സൃഷ്ടിച്ചത്. മടക്കയാത്രയിലാണ് പൊവ്വലിലും ബോവിക്കാനത്തും മറ്റും വാഹനങ്ങള്‍ക്കും കടകള്‍ക്കും ആരാധനാലയത്തിനും കല്ലേറുണ്ടായത് എന്നതും വസ്തുതയാണ്.

നാലാംമൈലില്‍ നിന്നും പഥസഞ്ചലനം ആരംഭിക്കുന്നതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ്, പ്രദേശവാസികളുമായി നടത്തിയ സന്ധിസംഭാഷണത്തെ തുടര്‍ന്നു എതിര്‍പ്പുകളും ആശങ്കയും നീങ്ങുകയും തികച്ചും സമാധാനപരമായി പഥസഞ്ചലനം കടന്നുപോവാനുള്ള സാഹചര്യം ഒരുക്കുകയുമായിരുന്നു. ഇതിലൂടെ പഥസഞ്ചലനം നടത്താന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. അതിനു കേസെടുക്കുന്ന  കാര്യവും പോലീസ് ആലോചിക്കുകയാണ്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, ഉളിയത്തടുക്ക, രാംദാസ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നും റൂട്ടുമാര്‍ച്ചുകള്‍ ആരംഭിക്കുകയും അവ തികച്ചും സമാധാനപരമായി കടന്നുപോവുകയും ചെയ്തു. മാര്‍ച്ചുകള്‍ കടന്നു പോകുന്ന സമയത്തും സമ്മേളനം കഴിഞ്ഞു പ്രവര്‍ത്തകര്‍ തങ്ങള്‍ വന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്ത സ്ഥലങ്ങിലേക്കു കൂട്ടത്തോടെ മടങ്ങുമ്പോഴും റോഡു തടസ്സം ഉണ്ടായി എന്നതൊഴിച്ചാല്‍ മറ്റു ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല എന്നതും പോലീസിനും ജനങ്ങള്‍ക്കും ആശ്വാസം പകര്‍ന്നു.

ബോവിക്കാനത്തു അക്രമം അഴിച്ചുവിട്ടവരെ തുരത്താന്‍ പോലീസിനു ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നു. ഉത്തരമേഖലാ ഡി.ഐ.ജി. ദിനചന്ദ്ര കശ്യപ്, ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ്, ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘര്‍ഷാവസ്ഥ നീക്കിയത്. വ്യാജ പ്രചരണങ്ങള്‍ക്കെതിരെയും പോലീസ് തന്ത്രപരമായി നിലകൊണ്ടതും ആശ്വാസം പകര്‍ന്നു.

വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായപ്പോള്‍ അക്രമികളെ പിടികൂടാനും സമാധാനാന്തരീക്ഷം നിലനിര്‍ത്താനും പോലീസുമായി സഹകരിക്കേണ്ടതിന് പകരം ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍നിന്നിറങ്ങി അക്രമം നടത്തുകയായിരുന്നുവെന്ന ആക്ഷേപം നാട്ടുകാര്‍ ഉന്നയിക്കുന്നു. ആരാധനാലയത്തിന് കല്ലെറിഞ്ഞത് സംഘര്‍ഷാവസ്ഥ വ്യാപിപ്പിക്കാനായിരുന്നുവെന്നും ആരോപണമുണ്ട്. സംഭവമൊന്നും അറിയാതെ തുറന്നിരുന്ന ബേക്കറികളിലും മറ്റും ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടതായുള്ള വ്യാപാരികളുടെ പരാതി ആര്‍.എസ്.എസ്. നേതൃത്വവും പോലീസും ഗൗരവമായി എടുക്കേണ്ടതുണ്ട്. സാമൂഹ്യവിരുദ്ധരായ ഏതാനും ചിലര്‍ വാഹനത്തിന് കല്ലെറിഞ്ഞതിന്റെ പേരില്‍ ബോവിക്കാനം, പൊവ്വല്‍, ബന്തടുക്ക തുടങ്ങിയ പ്രദേശത്തെ മൊത്തം ഭീതിയിലാഴ്ത്തുന്ന തരത്തില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകര്‍ പെരുമാറിയതായി ദൃക്‌സാക്ഷികള്‍ സൂചിപ്പിക്കുന്നു.

വാഹനങ്ങളില്‍ എത്തി അക്രമം നടത്തിയതിനാല്‍ പ്രതികളെ പോലീസിന് പിടികൂടാന്‍ സാധിക്കില്ലെന്നുള്ള കണക്കുകൂട്ടലാകാം അക്രമത്തിന് പിന്നിലുള്ള മനോവികാരമെന്നും സൂചനയുണ്ട്.

സമ്മേളനം കഴിഞ്ഞു മടങ്ങുന്നവര്‍ സഞ്ചരിച്ച ബസുള്‍പെടെയുള്ള വാഹനങ്ങള്‍ക്കു ഒളിഞ്ഞുനിന്നും ബൈക്കുകളിലെത്തിയും കല്ലെറിഞ്ഞു സാമൂഹ്യവിരുദ്ധര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സമ്മേളനത്തിനു പോകുമ്പോഴും മടങ്ങുമ്പോഴും പൊവ്വലില്‍ വെച്ചു കല്ലേറുണ്ടായിരുന്നതായി ആരോപണമുണ്ട്.  ഇവിടെ പോലീസിന്റെ സാന്നിധ്യം കുറഞ്ഞതാണ് അക്രമം പെരുകാന്‍ കാരണമായത്. പൊവ്വലില്‍ നിന്നാണ് സംഘര്‍ഷം ബോവിക്കാനത്തേക്കു പടര്‍ന്നത്. പോലീസിന്റെ തക്കസമയത്തെ ഇടപെടലും നടപടികളും അക്രമത്തിന്റെ രൂക്ഷത നീക്കിയതായി നാട്ടുകാര്‍ പറയുന്നു.

സംഘടനകള്‍ അവരുടെ ശക്തിതെളിയിക്കാനുള്ള പരിപാടികള്‍ നടത്തുമ്പോള്‍ അതില്‍ അസഹിഷ്ണുത പൂണ്ട് മനപ്പൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്താനും അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും പോലീസും എല്ലാ സംഘടനാ പാര്‍ട്ടി നേതൃത്വങ്ങളും തയ്യാറാവണമെന്ന ആവശ്യവും പൊതുവെ ഉയര്‍ന്നിട്ടുണ്ട്.

പഥസഞ്ചലനവും വിജയശക്തി സംഗമവും വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നു പോയതില്‍ ആശ്വസിക്കാം, പക്ഷെ...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Police,  RSS Route March,  Kasaragod, RSS, Kerala, Protest,  Clash.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia