Feat | സർവീസിൽ നിന്ന് വിരമിച്ച പൊലീസ് നായ റൂണി തെളിയിച്ചത് പ്രമാദമായ 4 കേസുകൾ; സേനയുടെ വീരോചിത യാത്രയയപ്പ്
● പൊലീസ് ഡ്യൂടി മീറ്റിൽ നിരവധി അവാർഡുകൾ നേടി.
● 2016 ഏപ്രിൽ 10-നാണ് കാസർകോട് എത്തിയത്.
● ചിറ്റാരിക്കാൽ കൊലപാതക കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിച്ചു.
കാസർകോട്: (KasargodVartha) പൊലീസ് സേനയുടെ അന്തസും അഭിമാനവും ഉയർത്തിപിടിച്ച റൂണി എന്ന പൊലീസ് നായ വിരമിച്ചു. കെ-9 സ്ക്വാഡിലെ ട്രാകറായ ജർമൻ ഷെപ്പേർഡ് നായ റൂണി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. തൃശൂർ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സെന്ററിൽ നിന്ന് ഒൻപത് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം 2016 ഏപ്രിൽ 10-നാണ് റൂണി കാസർകോട് എത്തിയത്.
കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ റൂണി ജില്ലയിലെ നിരവധി കേസുകളിൽ പൊലീസിന് നിർണായക സഹായമായി. റൂണിയുടെ ആദ്യത്തെ ഡ്യൂടി തന്നെ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രതിയുടെ ചെരുപ്പിൽ മണംപിടിച്ച റൂണി നേരെ പ്രതിയുടെ വീട്ടിലേക്കായിരുന്നു പോയത്.
ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടിയെ കാണാതായ കേസിൽ കുട്ടിയുടെ വസ്ത്രത്തിൻ്റെ മണംപിടിച്ച് നേരെ പുഴയുടെ കരയിലേക്ക് പോകുക വഴി അന്വേഷണ ഉദ്യോഗസ്ഥർക്ക് നേർവഴി കാട്ടികൊടുക്കാൻ റൂണിക്ക് സാധിച്ചു. കൂടാതെ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കിണർ വെള്ളത്തിൽ കീടനാശിനി കലർത്തിയ കേസിൽ കീടനാശിനിയുടെ കുപ്പിയിൽ മണം പിടിച്ച റൂണി നേരെ പ്രതിയുടെ വീട്ടിലേക്കു പോവുകയുണ്ടായി.
ഒട്ടനനവധി കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥന്മാരെ സഹായിച്ച റൂണി പൊലീസ് ഡ്യൂടി മീറ്റിലും മികച്ച പ്രകടനം കാഴ്‌ചവെക്കുകയുണ്ടായി. 2018-ൽ കേരള പൊലീസ് ഡ്യൂടി മീറ്റിൽ സിൽവർ മെഡലും 2019-ൽ ലക്നൗവിൽ നടന്ന ഓൾ ഇൻഡ്യ പൊലീസ് ഡ്യൂടി മീറ്റിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഏഴാംസ്ഥാനവും നേടി. ഒമ്പതുവയസും എട്ടുമാസവുമാണ് പ്രായം. എസ് രഞ്ജിത്ത്, ആർ പ്രജേഷ് എന്നിവരാണ് റൂണിയുടെ പരിശീലകർ. വീരോചിത യാത്രയയപ്പാണ് അധികൃതർ റൂണിക്ക് നൽകിയത്. ഇനി തൃശൂർ വിശ്രാന്തിയിൽ വിശ്രമ ജീവിതം നയിക്കും.
#police, #dog, #retired, #K9, #hero, #Kerala, #casesolved