മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും ഉദ്ഘാടനം ബുധനാഴ്ച
Aug 13, 2019, 20:48 IST
കാസര്‍കോട്: (www.kasargodvartha.com 13.08.2019) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കിടത്തി ചികിത്സ, അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. രാവിലെ 11.30 ന് കിടത്തി ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം കാസര്‍കോട് എംപി രാജമോഹന്‍ ഉണ്ണിത്താനും അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും നിര്‍വ്വഹിക്കും.
ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. എ പി ദിനേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ ചടങ്ങില്‍ സംബന്ധിക്കും.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്ന ആശുപത്രിയെ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം പൊതുജനാരോഗ്യ സേവനരംഗത്ത് ആശുപത്രിക്ക് മികച്ച പ്രവര്‍ത്തനം നടത്തുന്നതിന് തടസമുണ്ടായിരുന്നതായും ബ്ലോക്ക് പഞ്ചായത്തിന്റെ നിതാന്ത ജാഗ്രതയും ശ്രദ്ധയും വഴി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് പറഞ്ഞു.
ആശുപത്രി വിപുലീകരണത്തിന് 20 കോടിയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. മംഗല്‍പ്പാടി, മഞ്ചേശ്വരം കുമ്പള, മീഞ്ച, വോര്‍ക്കാടി തുടങ്ങി എട്ടോളം ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതാണ്.