Railway | മംഗ്ളുറു-ഷൊർണൂർ സെക്ഷനിൽ മൂന്നും നാലും റെയിൽ പാതകൾ; റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനത്തിൽ കാസർകോടിന് പ്രതീക്ഷയും ആശങ്കയും
● കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളം സന്ദർശിച്ചു.
● കേരളത്തിൽ 35 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുമെന്നും പ്രഖ്യാപനം
● പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും നടപടിയുണ്ടാവണമെന്ന് ആവശ്യം.
കാസർകോട്: (KasargodVartha) കേരളത്തിലെ റെയിൽവേ വികസനത്തിന് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാനത്തെത്തിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നുണ്ടായത്. കേരളത്തിന്റെ റെയിൽവേ മേഖലയിൽ വൻ കുതിച്ചുചാട്ടം സാധ്യമാക്കുന്ന നിരവധി പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചു.
മന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് മംഗ്ളുറു-ഷൊർണൂർ സെക്ഷനിൽ മൂന്നും നാലും റെയിൽ പാതകൾ നിർമിക്കുമെന്നതാണ്. ഇത് കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിലെ യാത്രക്കാർക്ക് വൻ ആശ്വാസമാണ്. കൂടാതെ, ഷൊർണൂർ മുതൽ കന്യാകുമാരി വരെ വിവിധ ഘട്ടങ്ങളായി മൂന്നാം പാതയും നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് കേരളത്തിന്റെ വടക്കും തെക്കും റെയിൽവേ വഴി കൂടുതൽ അടുപ്പിക്കും.
കേരളത്തിൽ ട്രെയിനുകളുടെ എണ്ണം, പ്രത്യേകിച്ച് മെമു ട്രെയിനുകൾ വർധിപ്പിക്കുമെന്നും 35 റെയിൽവേ സ്റ്റേഷനുകൾ പൂർണമായി നവീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മതിയായ ട്രെയിനുകളുടെ അഭാവമാണ് കാസർകോട് ജില്ലയിലെ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം. ഈ പ്രഖ്യാപനങ്ങൾ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് റെയിൽവേ വികസനം അനിവാര്യമാണ് എന്നതിൽ രണ്ട് അഭിപ്രായങ്ങളില്ല. എന്നാൽ, സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന്റെ ഭാഗമായി മംഗ്ളുറു-ഷൊർണൂർ പാതയിൽ വീണ്ടും ഇരട്ടപ്പാത നിർമിക്കുന്നത് ജനവാസ കേന്ദ്രങ്ങളായ തീരദേശത്ത് വീണ്ടുമൊരു കുടിയൊഴിപ്പിക്കലിന് സാധ്യതയേറുന്നുവെന്ന ആശങ്കയും പ്രദേശവാസികളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
ഈ പാതയിൽ നേരത്തെ തന്നെ ചരക്ക് വണ്ടികൾക്ക് പാതയൊരുക്കാൻ നീക്കങ്ങളാരംഭിച്ചതുമാണ്. ഇതിനായുള്ള സർവേയും നടന്നിരുന്നു. ഇപ്പോൾ അതിനോടൊപ്പം മറ്റൊരു പാത കൂടി നിർമിക്കുമെന്നാണ് റെയിൽവേ മന്ത്രി പറയുന്നത്. റെയിൽപാതയ്ക്ക് സമീപത്ത് സമീപത്തായി ജില്ലയിൽ മത്സ്യത്തൊഴിലാളികൾ അടക്കം ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിച്ചുവരുന്നത്.
റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഈ കുടുംബങ്ങളിപ്പോൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലായി. ജില്ലയിലെ റെയിൽപാതകൾ കടന്നുപോകുന്നത് കൂടുതലും തീരദേശ മേഖലയിലൂടെയാണ്. ഈ മേഖലയാകട്ടെ ജനവാസ കേന്ദ്രങ്ങളുമാണ്. മറുഭാഗത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആയിരങ്ങളെയാണ് നഷ്ടപരിഹാരം നൽകി കുടിയൊഴിപ്പിച്ചത്. ഇപ്പോൾ റെയിൽവേ വികസനത്തിലും കുടിയൊഴിപ്പിക്കൽ സാധ്യതയേറിയിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.
കുടിയൊഴിപ്പിക്കുന്നവർക്ക് മാറി താമസിക്കാൻ ഇപ്പോൾ ജില്ലയിൽ ഭൂമിയുടെ ലഭ്യതയും കുറവാണ്. അതുകൊണ്ടുതന്നെ കുടിയൊഴുപ്പിക്കുന്നവർക്ക് നഷ്ടപരിഹാരത്തിനോടൊപ്പം പുനരധിവാസത്തിനും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് തീരദേശ ജനതയുടെ ആവശ്യം.
#KeralaRailway #RailwayDevelopment #CoastalCommunities #Displacement #KeralaNews #India