city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം: സി.ബി.ഐയുടെ പുനരന്വേഷണം വൈകരുതെന്ന് കുടുംബാംഗങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 25/08/2015) ചെമ്പരിക്ക - മംഗളൂരു സംയുക്ത ഖാസിയും 140 ഓളം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച സി.ബി.ഐയുടെ പുനരന്വേഷണം ഇനിയും വൈകരുതെന്ന് ഖാസിയുടെ കുടുംബാംഗങ്ങള്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഖാസി സമരസമിതി ആഗസ്ത് 28ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന ബഹുജന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനും ഖാസിയുടെ കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയാണ് സി.എം. അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടുക്ക കല്ലിന് സമീപം കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കോളിളക്കംസൃഷ്ടിച്ച ഈ മരണത്തിന്റെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവന്നിരിക്കുന്ന സമരസമിതിക്ക് കുടുംബം ഒറ്റക്കെട്ടായി പിന്തുണ നല്‍കുമെന്ന് ഇവര്‍ അറിയിച്ചു. തുടക്കത്തില്‍ ലോക്കല്‍ പോലീസ് നടത്തിയ വീഴ്ച്ചകളാണ് കേസ് തെളിയിക്കപ്പെടാതിരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകളോ അന്വേഷണങ്ങളോ തുടക്കത്തില്‍ നടന്നിട്ടില്ല. പലതെളിവുകളും അതുകൊണ്ടുതന്നെ നശിപ്പിക്കപ്പെടാന്‍ ഇടയായി. തുടക്കത്തില്‍തന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ക്രൈംബ്രാഞ്ചിന്റേയും ക്രൈംഡിറ്റാച്ച്‌മെന്റിന്റേയും സി.ബി.ഐയുടേയുംവരെ റിപോര്‍ട്ടുകളെ ലോക്കല്‍ പോലീസിന്റെ അന്വേഷണം സ്വാധീനിക്കുകയും തെറ്റായ നിഗമനത്തില്‍ എത്തുകയുമാണ് ചെയ്തിരിക്കുന്നത്.

ഒരു പുരുഷായൂസ് മുഴുവനും സമൂഹത്തിനും ദീനിനുംവേണ്ടി സമര്‍പ്പിച്ച പണ്ഡിത ശ്രേഷ്ടനായ സി.എം. അബ്ദുല്ല മൗലവിയുടെ മരണകാര്യത്തില്‍ തെറ്റിദ്ധാരണകളുടെ പുകമറനീക്കി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരല്ലെല്ലാം ആഗ്രഹിക്കുന്നു. എസ്.പിയുടെ റാങ്കിലുള്ള ഉന്നത സി.ബി.ഐ. ഉദ്യോഗസ്ഥനെകൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്നാണ് കുടുംബം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. അപകടമരണമാണെന്നതോ സി.ബി.ഐ. കണ്ടെത്തിയ നിഗമനങ്ങളോ കുടുംബത്തിനും സമൂഹത്തിനും വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍ ലാസര്‍ അന്വേണത്തിന്റെ അവസാനഘട്ടത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന് പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലംമാറ്റിയതോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്.

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും പിടിവലിയുടേയും മറ്റും മുറിവുകള്‍ കണ്ടെത്തിയിരുന്നു. നുണപരിശോധന നടത്തിയ ഒരു വ്യക്തിയുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണവും നടത്തിയില്ല. ഖാസിയുടെ മൊബൈലിലേക്ക് മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ വന്ന ചില ഫോണ്‍ നമ്പറുകള്‍ ടവര്‍ലൊക്കേഷന്‍ പരിശോധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. ഖാസിയെ പലതവണ വിളിച്ച ചട്ടഞ്ചാല്‍ സ്വദേശിയായ ഒരാള്‍ ദുരൂഹസാഹചര്യത്തില്‍ അന്വേഷണഘട്ടത്തിനിടെ മരിച്ചത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടുകാര്‍പോലും അറിയാതെ ഭാര്യാവീട്ടില്‍കൊണ്ടുപോയി സംസ്‌ക്കരിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പുനരന്വേഷണ ഹര്‍ജി ബന്ധുക്കള്‍ നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷമായി കേസ് കോടതിയുടെ പരിഗണനയില്‍തന്നെയാണ് ഉള്ളത്. തുടക്കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിന്തുണ നല്‍കിയ പലരും പിന്നീട് മൗനം അവലംഭിച്ചതും അന്വേഷണ ആവശ്യത്തെ മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമരപരിപാടികള്‍ നടത്തുന്നതിന് കുടുംബംകൂടി പിന്തുണനല്‍കുന്നത്. മുസ്ലിം ലീഗും സമസ്ത നേതൃത്വവും കേസന്വേഷണ കാര്യത്തില്‍ പല ഇടപെടലുകളും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അസംതൃപ്ത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം പിരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖാസിയുടെ മരണത്തില്‍ കുടുംബത്തില്‍പെട്ടവര്‍ക്കോ, സംഘടനകളില്‍പെട്ടവര്‍ക്കോ മറ്റേതെങ്കിലും വിഭാഗങ്ങള്‍ക്കോ ബന്ധമുണ്ടെങ്കില്‍ അതെല്ലാം അന്വേഷിച്ച് കണ്ടെത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഖാസിയുടെ സഹോദരന്‍ സി.എം. ഉബൈദുല്ല മൗലവി ചെമ്പരിക്ക, മരുമകന്‍ സി.എം. അഹ്മദ് ഷാഫി ദേളി, മരുമക്കളായ അബൂബക്കര്‍ സിദ്ദിഖ് നദ്‌വി ചേരൂര്‍, സി.എം. അബ്ദുല്ലകുഞ്ഞി ഹാജി ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് സഈദ് ചേരൂര്‍, മറ്റു ബന്ധുക്കളായ യു.കെ. മൊയ്തീന്‍ കുഞ്ഞി ഹാജി കോളിയടുക്കം, സമരസമിതി കോ-ഓഡിനേറ്ററും ബന്ധുവുമായ ഇ. അബ്ദുല്ലകുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
ഖാസിയുടെ മരണം: സി.ബി.ഐയുടെ പുനരന്വേഷണം വൈകരുതെന്ന് കുടുംബാംഗങ്ങള്‍

Keywords : Kasaragod, Kerala, Qazi death, C.M Abdulla Maulavi, Press Conference, Qazi death: Relatives' press conference, Advertisement Baby Camp.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia