Criticism | വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ച ടൺ കണക്കിന് പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ കൂട്ടിയിട്ടു; കൊതുക് വളർത്ത് കേന്ദ്രമായി മാറിയെന്ന് ആക്ഷേപം
● വിദ്യാനഗർ വ്യവസായ കേന്ദ്രത്തിൽ 500 ടൺ പ്ലാസ്റ്റിക് കൂട്ടിയിട്ടിരിക്കുന്നു
● നഗരസഭയുടെ 38 വാർഡുകളിൽ നിന്നുള്ള പ്ലാസ്റ്റിക് കൂട്ടിയിട്ടിരിക്കുന്നു
● പ്ലാസ്റ്റിക് നീക്കം ചെയ്യാൻ പുതിയ ഏജൻസിയെ ചുമതലപ്പെടുത്തിയതായി അബ്ബാസ് ബീഗം
കാസർകോട്: (KasargodVartha) വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിച്ച് വിദ്യാനഗർ വ്യവസായ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ടൺ കണക്കിന് പ്ലാസ്റ്റികുകൾ മഴ നനഞ്ഞ് കൊതുക് വളർത്തൽ കേന്ദ്രമായി മാറിയെന്ന് ആക്ഷേപം ഉയർന്നു. പ്ലാസ്റ്റിക് സംഭരണ കേന്ദ്രം നിറഞ്ഞുകഴിഞ്ഞതിനാൽ പുറത്താണ് ഇപ്പോൾ പ്ലാസ്റ്റികുകൾ സൂക്ഷിച്ചിക്കുന്നത്. പ്ലാസ്റ്റികിൽ നിന്ന് ഒഴുകിവന്ന വെള്ളം കെട്ടിനിന്ന് ഇവിടെ ദുർഗന്ധ പൂരിതമാണ്.
500 ടണിലേറെ പ്ലാസ്റ്റികാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. നഗരസഭയിലെ 38 വാർഡുകളിൽ നിന്ന് പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് അടക്കമുള്ളവ തരം തിരിക്കാതെയാണ് കൂട്ടിയിട്ടിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. വിദ്യാനഗറിലെ കേന്ദ്രത്തിൽ സ്ഥലം ഇല്ലാത്തതിനാൽ പുനർ ഉപയോഗ സാധ്യതയുള്ള ബാഗ്, കുപ്പി തുടങ്ങിയ സാധനങ്ങൾ ഈയിടെയായി ഹരിത കർമസേന ആക്രി കടകളിൽ നേരിട്ടു നൽകുകയാണ്.
റോഡുകളിലെയും മറ്റും മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരാണ്. ഈ മാലിന്യമാകട്ടെ നഗരസഭ ഓഫീസിന് സമീപത്ത് റോഡരികിൽ കൂട്ടിയിട്ട നിലയിലാണെന്നും പരാതിയുണ്ട്. അതേസമയം പ്ലാസ്റ്റിക് നീക്കം ചെയ്യാൻ കോഴിക്കോട് ആസ്ഥാനമായുള്ള 'തിരുവോണം' എന്ന പുതിയ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം കാസർകോട് വാർത്തയോട് പറഞ്ഞു.
തുടർച്ചയായ മഴ കാരണം പ്ലാസ്റ്റിക് നനഞ്ഞ് കുതിർന്നതിനാൽ ഇതിന്റെ ഭാരം കൂടിയത് കൊണ്ട് അധിക ചിലവ് നഗരസഭ വഹിക്കേണ്ടത് കൊണ്ടാണ് മഴ നിന്ന ശേഷം പ്ലാസ്റ്റിക് നീക്കം ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ നാല് മാസത്തിലധികം മുമ്പുള്ള പ്ലാസ്റ്റിക് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അജൈവ മാലിന്യം ശേഖരിക്കാനും തരംതിരിക്കാനുമുള്ള പുതിയ റിസോഴ്സ് റികവറി ഫെസിലിറ്റി (ആർആർഎഫ്) കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഉടൻ നടക്കുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.
ഇതുകൂടി വരുന്നതോടെ കൂടുതൽ പ്ലാസ്റ്റിക് സൂക്ഷിക്കാൻ കഴിയും. ഗോവയിലെയും കർണാടകയിലെയും പ്ലാസ്റ്റിക് പ്രോസസിംഗ് കംപനികളിലേക്കാണ് ഇവിടെ നിന്നും പ്ലാസ്റ്റിക് കൊണ്ടുപോകുന്നത്. അനന്തപുരം വ്യവസായ കേന്ദ്രത്തിൽ സ്വകാര്യ സ്ഥാപനം പ്ലാസ്റ്റിക് പ്രോസസിംഗ് കേന്ദ്രം നിർമിക്കുന്നുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റികുകൾ പൊടിച്ച് പ്രോസസിംഗ് നടത്തി അയക്കുന്ന സ്ഥാപനമാണ് അനന്തപുരത്ത് വരുന്നത്. ഈ മാസം 29ന് ഈ കംപനിയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും. ഇതുകൂടി വരുന്നതോടെ പ്ലാസ്റ്റിക് ഈ കംപനിക്ക് നൽകാൻ കഴിയും.
ഹരിതകർമസേന കൃത്യമായി തന്നെ പ്ലാസ്റ്റിക് ശേഖരിച്ച് സംഭരണ കേന്ദ്രത്തിൽ അയക്കുന്നുണ്ടെങ്കിലും അത് കൃത്യമായി കയറ്റി അയക്കാൻ കഴിയാത്തതാണ് പ്രധാന വെല്ലുവിളി. പുതിയ ആർആർഎഫ് വരുന്നതോട് കൂടി മഴ നനയാതെ തന്നെ പ്ലാസ്റ്റിക് സംഭരിച്ച് വെക്കാൻ കഴിയും. മാലിന്യ സംസ്കരണ കേന്ദ്രം നിർമിക്കാൻ കാസർകോട് നഗരസഭാ മധൂർ പഞ്ചായതിൽ അഞ്ച് ഏകർ സ്ഥലം വാങ്ങിയിട്ടുണ്ട്. എന്നാൽ പ്രാദേശികമായ എതിർപ്പ് കാരണമാണ് ഇതിന് കഴിയാതെ പോയത്. മുൻകാലങ്ങളിൽ മാലിന്യം നിക്ഷേപിച്ചിരുന്ന കേളുഗുഡ്ഡിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നും എല്ലാ മാലിന്യങ്ങളും നീക്കം ചെയ്ത് ആ പ്രദേശത്തെ വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റുന്ന പദ്ധതി നഗരസഭ നടപ്പാക്കുന്നുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
നഗരസഭ പരിധിയിലെ വീടുകളും കടകളും സ്ഥാപനങ്ങളും ഉൾപ്പെടെ 13000ത്തിലേറെ ഇടങ്ങളിൽ നിന്നാണ് ഹരിതകർമ സേന മാലിന്യം ശേഖരിക്കുന്നത്. 40 വനിതകളാണ് ഇതിനായി പ്രവർത്തിക്കുന്നത്. പ്രതിമാസം ചുരുങ്ങിയത് 25 മുതൽ 70 ടൺ വരെ മാലിന്യമാണ് വീടുകളിൽ നിന്നടക്കം ഇവിടെ എത്തിക്കുന്നത്.
#kasaragod #plasticwaste #kerala #environment #pollution #wastemanagement #health #citycorporation #mosquitobreeding