Criticism | ഫാർമസിയിൽ നിന്ന് മരുന്ന് മാറിനൽകുന്ന സംഭവം: ദുരനുഭവം തുറന്നുപറഞ്ഞ് വീട്ടമ്മ; പ്രിൻ്റ് ചെയ്തോ ആർക്കും വായിക്കാവുന്ന തരത്തിലോ കുറിപ്പടി നൽകണമെന്ന നിർദേശം നൽകുമെന്ന് ഐഎംഎ
● ഡോക്ടർമാരുടെ പ്രത്യേക യോഗം വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും ഐഎംഎ
● മരുന്ന് മാറി നൽകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുതെന്ന് ആവശ്യം
കാസർകോട്: (KasargodVartha) ഡോക്‌ടർമാരുടെ കുറിപ്പടിയിൽ ഫാർമസിയിൽ നിന്ന് മരുന്ന് മാറിനൽകുന്ന സംഭവം ചർച്ചയായി. ദിവസങ്ങൾക്ക് മുമ്പ് ഞരമ്പ് സംബന്ധമായ അസുഖത്തിന് ഡോക്‌ടറെ കണ്ട ചൗക്കിയിലെ ഒരു വീട്ടമ്മയ്ക്ക് ഗുളിക മാറിനൽകിയതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് ആക്ഷേപം. സ്ഥിരമായി ഡോക്‌ടറെ കാണുന്ന വീട്ടമ്മയ്ക്കാണ് കാസർകോട്ടെ ഒരു ഫാർമസിയിൽ നിന്നും ഗുളിക മാറിനൽകിയതെന്നാണ് ആരോപണം.
ഗുളിക കഴിച്ച വീട്ടമ്മയ്ക്ക് ഏറെനേരം ഉറക്കം ഉണ്ടാവുകയും രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തതായി പറയുന്നു. വീണ്ടും ഗുളിക കഴിച്ചപ്പോൾ ഛർദിക്കുകയും തളർച്ച അനുഭവപ്പെടുകയും ചെയ്‌തതായി വീട്ടമ്മ പ്രതികരിച്ചു. ഇതേത്തുടർന്ന് മക്കൾ ചീട്ട് പരിശോധിച്ചതോടെയാണ് ഗുളിക മാറിയതായി സംശയമുണ്ടായത്. പരിശോധിക്കുന്ന ഡോക്‌ടറെ ഇക്കാര്യം അറിയിച്ചപ്പോൾ ഗുളിക മാറി നൽകിയതായും ഡ്രിപ് എടുക്കണമെന്ന് ആവശ്യപ്പെട്ടതായും ഇവർ കൂട്ടിച്ചേർത്തു.
ഗുളിക നൽകിയ ഫാർമസിയിൽ എത്തി പറഞ്ഞപ്പോൾ പുച്ഛിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും വീട്ടമ്മ കുറ്റപ്പെടുത്തുന്നു. ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ അങ്ങനെയൊരു രോഗിക്ക് ഗുളിക മാറിനൽകിയിട്ടില്ലെന്നായിരുന്നു ഫാർമസി അധികൃതരുടെ വിശദീകരണം.
ഡോക്‌ടർമാരുടെ കുറിപ്പടി മനസിലാകാത്ത പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്നും പലപ്പോഴും ഡോക്ടറെ വിളിച്ച് ഉറപ്പ് വരുത്തിയാണ് മരുന്ന് നൽകാറുള്ളതെന്നും നഗരത്തിലെ ഒരു ഫാർമസി ഉടമ കാസർകോട് വാർത്തയോട് പറഞ്ഞു. ഡോക്‌ടർമാരുടെ ക്ലിനികിനോ ആശുപത്രിക്ക് സമീപമോ ഉള്ള ഫാർമസിയിൽ മാത്രം കിട്ടുന്ന മരുന്നുകളും ഗുളികകളും ഡോക്ടർമാർ കുറിച്ച് കൊടുക്കുന്ന പതിവുണ്ടെന്നും ആക്ഷേപമുണ്ട്.
രോഗികൾ അവർക്ക് ഇഷ്ടമുള്ള ഫാർസിയിൽ എത്തുമ്പോഴാണ് കുറിപ്പടി വ്യക്തമാകാത്ത സംഭവം കൂടുതലും ഉണ്ടാകുന്നത്. പലപ്പോഴും കോഡുകൾ അനുസരിച്ചുള്ള കുറിപ്പടി ഡോക്ടർമാർ നൽകുന്നുണ്ട്. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം കുറിപ്പടികൾ മാറ്റി പ്രിന്റ് ചെയ്തോ ആർക്കും വായിച്ചാൽ മനസിലാകുന്ന രീതിയിലോ മരുന്ന് കുറിച്ച് നൽകാൻ ഡോക്ടർമാർ തയ്യറാവണമെന്ന ആവശ്യം ശക്തമാണ്
സർകാർ ആശുപത്രിയിൽ മരുന്ന് കുറിപ്പടി പരിശോധിക്കാൻ പ്രത്യേക സമിതിയെ സർകാർ നിയമിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ കുറിപ്പടികൾ പരിശോധിക്കുന്നതിന് നിലവിൽ സംവിധാനമില്ലെന്നാണ് പരാതി. എന്നിരുന്നാലും ചില പ്രമുഖ സ്വകാര്യ ആശുപത്രികൾ കുറിപ്പടികൾ പ്രിന്റ് ചെയ്തും മറ്റും നൽകാറുണ്ട്.
കോടതി തന്നെ പലതവണ മരുന്ന് കുറിപ്പടി ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും പല ഡോക്ടർമാരും പഴയ രീതിയിൽ മരുന്ന് കുറിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. മരുന്നുകൾ മാറി അപകടം ഉണ്ടാവുന്നത് തടയുന്നതിന് ആർക്കും മനസിലാക്കാതെ കുത്തികുറിച്ചുള്ള കുറിപ്പടി ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. പുതിയ കാലത്ത് ഇത്തരം കാര്യങ്ങൾക്ക് ഒരുപാട് ആപ്പും മറ്റും ലഭ്യമാണെന്നിരിക്കെ പ്രിൻ്റ് ചെയ്ത് കുറിപ്പടി നൽകുന്നത് എളുപ്പമാണ്.
അതേസമയം, ഫാർമസി ജീവനക്കാർക്കും രോഗികൾക്കും മനസിലാകുന്ന രീതിയിൽ പ്രിന്റ് ചെയ്തോ ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ എഴുതിയോ നൽകണമെന്ന നിർദേശം നൽകുമെന്ന് കാസർകോട് ഐഎംഎ പ്രസിഡന്റ് ഡോ. ഹരികിരൺ ബങ്കര കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഇതുസംബന്ധിച്ച് ഡോക്ടർമാരുടെ പ്രത്യേക യോഗം വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും ഐഎംഎ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
രോഗികളുടെ തിരക്ക് കാരണമാണ് പെട്ടെന്ന് വ്യക്തമാകാത്ത രീതിയിൽ ഡോക്ടർമാർക്ക് കുറിപ്പടി എഴുതാൻ ഇടയാകുന്നത്. എല്ലാ ആശുപത്രികളിലും ക്ലിനികുകളും പരമാവധി പ്രിന്റ് ചെയ്ത കുറിപ്പടി നൽകണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. ഫാർമസി ജീവനക്കാർ കുറിപ്പടിയിൽ വ്യക്തത ഉണ്ടായില്ലെങ്കിൽ അക്കാര്യം ഡോക്ടറെ ബന്ധപ്പെട്ട് ഉറപ്പുവരുത്തിയ ശേഷമേ മരുന്ന് നൽകാൻ പാടുള്ളൂവെന്ന് ഡോ. ഹരികിരൺ പറഞ്ഞു. മരുന്ന് മാറി നൽകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുതെന്നാണ് ഐഎംഎ ആഗ്രഹിക്കുന്നതെന്നും സംഘടനയുടെ വ്യക്തമായ ഇടപെടൽ ഇക്കാര്യത്തിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#pharmacyerrors #medicationsafety #healthcare #patientcare #kasaragod #healthnews #pharma