Perungaliyattam | 'ജനങ്ങൾ ഒന്നാകെ ആദൂരിലേക്ക് ഒഴുകും'; പെരുങ്കളിയാട്ടം 19 മുതൽ 24 വരെ
● മൂന്ന് നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പെരുങ്കളിയാട്ട നിറവിലേക്ക് നാടുണരുന്നു.
● ഒന്നൂറെ നാൽപത് തെയ്യങ്ങളാണ് വിവിധ ദിവസങ്ങളിലായി കെട്ടിയാടുക.
● 17ന് ശുദ്ധികലശവം നടക്കും.
● തിരുമുൽ പ്രസാദ വിതരണത്തിനുശേഷം രാത്രി 11.50-ഓടെ പെരുങ്കളിയാട്ടത്തിന് കൊടിയിറങ്ങും.
കാസർകോട്: (KasargodVartha) മൂന്ന് നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പെരുങ്കളിയാട്ട നിറവിലേക്ക് നാടുണരുന്നു. ആദൂർ ഭഗവതിക്ഷേത്രത്തിൽ 351 വർഷങ്ങൾക്കുശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുവർഷത്തോളമായി അനുബന്ധ ചടങ്ങുകൾ നടക്കുകയാണ്.
മുകയ-ബോവി സമുദായ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്കായി ജാതി-മതഭേദമന്യേയുള്ള കമ്മിറ്റിയാണ് നേതൃത്വം വഹിക്കുന്നത്. ആറ് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ പ്രതിദിനം അരലക്ഷത്തോളം ആളുകളെത്തുമെന്ന് കമ്മിറ്റി അറിയിച്ചു. ഒന്നൂറെ നാൽപത് തെയ്യങ്ങളാണ് വിവിധ ദിവസങ്ങളിലായി കെട്ടിയാടുക.
സമാപനദിവസമായ 24ന് പ്രധാന ദേവതമാരായ ഉച്ചൂളിക്കടവത്ത് ഭഗവതി, പുന്നക്കാൽ ഭഗവതി, ആയിറ്റി ഭഗവതി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും. 17ന് ശുദ്ധികലശവം നടക്കും. തുടർന്ന് കാനക്കോട് വലിയവീട് തറവാട്ടിൽനിന്ന് സ്ഥാനികർ, അവകാശികൾ എന്നിവരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളോടെ കന്നിക്കലവറ ഘോഷയാത്ര നടക്കും. തുടർന്ന് നാഗദേവതയ്ക്ക് ആശ്ലേഷബലിയുമുണ്ടാകും.
28ന് രാവിലെ 11ന് ആചാര്യവരവേൽപ്പ്, വൈകീട്ട് മൂന്നിന് ബേങ്ങത്തടുക്കയിൽനിന്ന് മുള്ളേരിയ വഴി ക്ഷേത്രത്തിലേക്ക് വിളംബരഘോഷയാത്രയുണ്ടാകും. 19ന് രാവിലെ 7.30ന് മല്ലവാര പഞ്ചലിംഗേശ്വര ക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും എഴുന്നള്ളിക്കും. തുടർന്ന് പെരുങ്കളിയാട്ടത്തിനുള്ള കൊടിമരം നാട്ടും. രാവിലെ ഒൻപതിന് കുണ്ടാർ വാസുദേവ തന്ത്രി, 9.30ന് എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി എന്നിവർക്ക് പൂർണകുംഭ സ്വീകരണം നൽകും.
10.21നും 12.22നും ഇടയിൽ ഉത്സവത്തിന് കൊടിയേറും. ഉച്ചയ്ക്കുശേഷം വിവിധ തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും തുടങ്ങലുമുണ്ടാകും. സാംസ്കാരിക പരിപാടിയിൽ സുവനീർ പ്രകാശനവുമുണ്ടാകും. 20ന് രാവിലെ ഏഴ് മുതൽ വൈരാപുരത്ത് വടക്കൻ കോടി, അസുരാളൻ, കല്ലങ്കര ചാമുണ്ഡി, കുണ്ടാർ ചാമുണ്ഡി, വിഷ്ണുമൂർത്തി, മേച്ചേരി ചാമുണ്ഡി തെയ്യങ്ങളും ഭഗവതിമാരുടെ ഉച്ചത്തോറ്റവുമുണ്ടാകും. വൈകീട്ട് വിവിധ തെയ്യങ്ങളുടെ തുടങ്ങലും കുളിച്ചുതോറ്റവും വെള്ളാട്ടവും അരങ്ങിലെത്തും.
21ന് പുലർച്ചെ മൂന്ന് മുതൽ പന്നിക്കുളത്ത് ചാമുണ്ഡി, അണ്ണപ്പ പഞ്ചുരുളി, വൈരാപുരത്ത് വടക്കൻകോടി, അസുരാളൻ, കല്ലങ്കര ചാമുണ്ഡി, പടിഞ്ഞാർ ചാമുണ്ഡി, മലങ്കര ചാമുണ്ഡി, വിഷ്ണുമൂർത്തി, മേച്ചേരി ചാമുണ്ഡി തെയ്യങ്ങൾ അരങ്ങിലെത്തും. വൈകീട്ട് അഞ്ച് ഭഗവതിമാരുടെ ഉച്ചത്തോറ്റം. തുടർന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടവും തുടങ്ങലും കുളിച്ചുതോറ്റവുമുണ്ടാകും.
22-നും 23-നും വിവിധ തെയ്യങ്ങൾ അരങ്ങലിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിയും. 24-ന് രാവിലെ ഏഴ് മുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും. തുടർന്ന് പുന്നക്കാൽ ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി, ആയിറ്റി ഭവഗതി തെയ്യങ്ങളുടെ തിരുമുടി ഉയരും. ഈ സമയം നെല്ലിക്കുന്ന് കണ്ണീരത്ത് തറവാട്, കരയപ്പൻ-കിരിയം ഭണ്ഡാരവീട്, മൂത്തില്ലം തറവാട് എന്നിവിടങ്ങളിൽനിന്നുള്ള മീൻകോവ എഴുന്നള്ളിക്കും.
തിരുമുൽ പ്രസാദ വിതരണത്തിനുശേഷം രാത്രി 11.50-ഓടെ പെരുങ്കളിയാട്ടത്തിന് കൊടിയിറങ്ങും. 27, 28 തീയതികളിൽ കാസർകോട് കടപ്പുറം ബബ്ബരിയ ദൈവസ്ഥാനത്ത് ബബ്ബരിയൻ, മാണിച്ചി, ഗുളികൻ തെയ്യങ്ങൾ കെട്ടിയാടുമെന്നും പെരുങ്കളിയാട്ട ഓർമ്മകൾ നിലനിർത്താൻ തെയ്യംകെട്ടിനുശേഷം കാവുകളുടെ സംരക്ഷണമെന്ന ആശയത്തിൽ നക്ഷത്രവനവുമൊരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ചെയർമാൻ ബിപിൻദാസ് റൈ ആദൂർ ഗുത്ത്, ജനറൽ കൺവീനർ ആർ ഹരീഷ്ചന്ദ്ര ബേരിക്ക, ട്രഷറർ കൃഷ്ണപ്പ കാവുഗോളി, പ്രസിഡന്റ് ദാമോദരൻ കാവുഗോളി, കൺവീനർ എൻ അനിൽകുമാർ, ദിനേശ് ബംബ്രാണ, രഘുഘാം റൈ നടുമനെ, ശിവപ്രസാദ് നടുമനെ, കെ ജി. മനോഹർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
#Perungaliyattam #AadurTemple #KasaragodFestival #KeralaFestivals #CulturalCelebrations #TraditionalFestivals