Damaged | നടപ്പാത ഇടിഞ്ഞു; കൊളച്ചെപ്പ്-ബാദിയട്ക്കം-ചോക്കമൂല പ്രദേശത്തുകാർ ഒറ്റപ്പെട്ട അവസ്ഥയിൽ; അധികൃതർ പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ്
വീതി കൂട്ടി കൈവരി നിർമ്മിക്കണമെന്ന വർഷങ്ങളോളമായുള്ള നാട്ടുകാരുടെ ആവശ്യം ഇതുവരെ പരിഹരിച്ചിട്ടില്ല
ബോവിക്കാനം: (KasargodVartha) ശക്തമായ മഴ കാരണം മല്ലം ചാലിൽ നീരൊഴുക്ക് വർധിക്കുകയും അതുമൂലം കൊളച്ചെപ്പ്, ചോക്കമൂല, ബാദിയട്ക്കം പ്രദേശത്തെ നാട്ടുകാർ ഉപയോഗിച്ചിരുന്ന നടപ്പാത ഇടിഞ്ഞതിനാൽ ഒറ്റപ്പെട്ട അവസ്ഥയിലായ ഈ പ്രദേശം ജില്ലാ കലക്ടർ സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ഹമീദ് മല്ലം, ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്ത് ആവശ്യപ്പെട്ടു.
മല്ലം സ്കൂൾ, ബോവിക്കാനം സ്കൂൾ, മല്ലം ക്ഷേത്രം, മല്ലം പള്ളി എന്നിവിടങ്ങളിലേക്കും മറ്റും മല്ലം ചാലിൻ്റെ അരികിലൂടെ കൈവരി പോലുമില്ലാത്ത നടന്നു പോകുന്ന വഴിയാണ് ഒലിച്ചുപോയത്. വർഷങ്ങൾക്ക് മുമ്പ് കരിങ്കൽ കൊണ്ട് നിർമ്മിച്ച ഈ നടപ്പാതയുടെ വീതി കൂട്ടി കൈവരി നിർമ്മിക്കണമെന്ന വർഷങ്ങളോളമായുള്ള നാട്ടുകാരുടെ ആവശ്യം ഇതുവരെ പരിഹരിച്ചിട്ടില്ല.
ഇതുസംബന്ധിച്ച് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. അമ്പതിൽപ്പരം വീട്ടുകാരും വിദ്യാർത്ഥികളും രോഗികളും പ്രായമായവരും ഉപയോഗിക്കുന്ന ഈ വഴിയുടെ പ്രശ്നം മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി രേഖാമൂലം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.