Development | പടന്നക്കാട് മേൽപാലം-വെള്ളരിക്കുണ്ട് റോഡ്: ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ ധനകാര്യ വകുപ്പ് അംഗീകാരം നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ; തടസമാകുന്നത് പടന്നക്കാട്ടെ ഭൂമി ഏറ്റെടുക്കൽ വൈകുന്നത്
● റോഡ് നിർമ്മാണത്തിന് 60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
● പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പുളിക്കാൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി.
● ആനപ്പെട്ടി, ബാനം പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.
കാസർകോട്: (KasargodVartha) പടന്നക്കാട് മേൽപാലം - വെള്ളരിക്കുണ്ട് റോഡിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ പദ്ധതിക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. വിഷയത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ, കോടോം - ബേളൂർ, കിനാനൂർ - കരിന്തളം എന്നീ പഞ്ചായത്തുകളെ വെള്ളരിക്കുണ്ട് താലൂക്ക് സ്ഥാനവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് 60 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിട്ടുണ്ട്. എന്നാൽ റോഡ് ആരംഭിക്കുന്ന പടന്നക്കാട് ഭാഗത്ത് വികസനത്തിനാവശ്യമായ സ്ഥലം ഇതുവരെ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. മറ്റ് ഭാഗങ്ങളിൽ ഭൂമി വിട്ടുനൽകുന്നതിന് ഉടമകൾ സമ്മതം അറിയിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പുളിക്കാൽ പാലം, ആനപ്പെട്ടി പാലം, ബാനം പാലം എന്നിവയുടെ നിർമാണത്തിനായി 9.37 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇതിൽ പുളിക്കാൽ പാലത്തിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞു. ആനപ്പെട്ടി, ബാനം പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
റോഡ് നിർമ്മാണത്തിന്റെ ആകെ എസ്റ്റിമേറ്റ് തുകയായ 92.57 കോടി രൂപയിൽ പാലം നിർമ്മാണത്തിന്റെ തുകയായ 9.37 കോടി രൂപ കുറച്ചാൽ ബാക്കി വരുന്ന 83.19 കോടി രൂപയുടെ റോഡ് പ്രവൃത്തിക്കുള്ള ധനകാര്യ അംഗീകാരം നൽകണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. ഇതിന് മറുപടിയായി, റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകുന്ന പക്ഷം പദ്ധതിക്ക് ധനകാര്യ അംഗീകാരം നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Kerala Finance Minister KN Balagopal informed the legislative assembly that financial approval for the Padannakkad Overbridge-Vellarikundu road project is contingent on the timely acquisition of land. The project, aimed at improving connectivity in Kasaragod, has faced delays due to slow land acquisition in the Padannakkad area.
#KeralaDevelopment, #Infrastructure, #Kasaragod, #RoadProject, #LandAcquisition, #KNBalagopal