Accident | മരണക്കെണിയായി പടന്നക്കാട് മേൽപാലം; മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു; പൊലീസുകാരന്റെ ആകസ്മിക വിയോഗം കണ്ണീരിലാഴ്ത്തി; ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കുമോ?
● കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം അനവധി അപകടങ്ങൾ ഇവിടെ നടന്നു.
● പത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
● പാലത്തിന്റെ ടാറിംഗ് പലയിടത്തും തകർന്ന നിലയിലാണ്.
കാഞ്ഞങ്ങാട്: (KasargodVartha) പടന്നക്കാട് റെയിൽവേ മേൽപാലം വീണ്ടും ഒരു ദാരുണമായ അപകടത്തിന് സാക്ഷ്യം വഹിച്ചു. ഞായറാഴ്ച രാവിലെ 9.10 മണിയോടെ ടാങ്കർ ലോറിയും ബൈകും കൂട്ടിയിടിച്ച് ഹൊസ്‌ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കരിവെള്ളൂർ സ്വദേശി വിനീഷ് (35) ആണ് മരിച്ചത്.
ജോലിക്ക് ഹൊസ്‌ദുർഗിലേക്ക് പോവുകയായിരുന്നു വിനീഷ്. നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് അമിത വേഗതയിൽ വരികയായിരുന്ന കെഎ 70 0008 നമ്പർ ടാങ്കർ ലോറി, അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വിനീഷിന്റെ കെ എൽ 59 ജി 594 എന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പ്രാഥമിക നിഗമനമനുസരിച്ച് ടാങ്കർ ലോറിയുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണം. കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹൊസ്‌ദുർഗ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹപ്രവർത്തകന്റെ അപ്രതീക്ഷിതമായ വിയോഗം പൊലീസുകാരെ ദുഃഖത്തിലാഴ്ത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ ആശുപത്രിയിലെത്തിയിരുന്നു.
പടന്നക്കാട് മേൽപാലം അപകടങ്ങളുടെ സ്ഥിരം കേന്ദ്രമായിട്ട് നാളുകളേറെയായി. നിർമ്മാണത്തിലെ അശാസ്ത്രീയതയും പാലത്തിലെ തകർന്ന ടാറിംഗുമാണ് തുടർച്ചയായ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൂർണമായി റീ ടാറിംഗ് നടത്താത്തതും, റീ ടാർ ചെയ്ത ഭാഗങ്ങൾ ഉയർന്നും താഴ്ന്നും നിൽക്കുന്നതും ഇരുചക്ര വാഹനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ചെറുതും വലുതുമായി നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഈ അപകടങ്ങളിൽ പത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാലത്തിലെ ടാറിംഗ് പലയിടത്തും തകർന്ന നിലയിലാണ്. ഇത് ഇരുചക്ര വാഹനങ്ങൾക്ക് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
അധികൃതർ എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഇടപെട്ട് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു.
Civil Police Officer Vineesh (35) died in an accident on the Padannakkad railway overpass when his bike collided with a tanker lorry. Locals have long complained about the faulty construction and damaged tarring of the overpass, which they say is the cause of frequent accidents. This latest tragedy has intensified calls for immediate repairs and action from authorities, as the overpass has become a death trap.
#PadannakkadOverpass #Accident #PoliceOfficerDeath #RoadSafety #Kasaragod #Negligence