Curious Event | കട തുറക്കുന്നതും കാത്ത് പ്രാവുകൾ; കുമ്പളയിൽ മനം കവർന്ന് ഒരു കൗതുകക്കാഴ്ച
● ഏകദേശം രാവിലെ ആറ് മണിയാവുമ്പോൾ പലചരക്കു കട തുറക്കും.
● ദിവസേന അമ്പതിനും നൂറിനും ഇടയിലുള്ള പ്രാവിൻ കൂട്ടങ്ങളാണ് ഇവിടെ എത്തുന്നത്.
● പ്രാവുകളോടുള്ള ഇഷ്ടത്തിൽ ചിലവൊന്നും കുഞ്ഞഹ് മദിന് പ്രശ്നമേ അല്ല. 7.30 ആകുമ്പോഴേക്കും ടൗണുകൾ ഉണരും.
കുമ്പള: (KasargodVartha) പ്രാവിനോടുള്ള ഇഷ്ടത്തിൽ കുമ്പള മത്സ്യമാർകറ്റ് റോഡിലെ സിഎം സ്റ്റോർ ഉടമ പെർവാഡ് സ്വദേശി കുഞ്ഞഹ് മദിന് അവയ്ക്ക് പ്രാതൽ ഒരുക്കാൻ ഒരു മടിയുമില്ല. ദിവസവും കട തുറക്കുമ്പോളുള്ള പ്രാവിൻ കൂട്ടങ്ങളുടെ ഭംഗി വേണ്ടുവോളം ആസ്വദിക്കുകയാണ് കുഞ്ഞഹ് മദും, ജോലിക്കാരായ അഷ്റഫും, സമദും.
ഏകദേശം രാവിലെ ആറ് മണിയാവുമ്പോൾ പലചരക്കു കട തുറക്കും. പ്രാതലിനായി പ്രാവുകൾ കൂട്ടമായി സിഎം സ്റ്റോറിന് മുന്നിൽ ഇരിക്കും. ദിവസേന അമ്പതിനും നൂറിനും ഇടയിലുള്ള പ്രാവിൻ കൂട്ടങ്ങളാണ് ഇവിടെ എത്തുന്നത്. ഗോതമ്പും ചുവന്ന പയറുമാണ് പ്രാവുകളുടെ ഇഷ്ട ആഹാരം. അത് മതിയാവോളം കുഞ്ഞഹ് മദ് നൽകും.
ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല, കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്നതാണ് ഈ ഇഷ്ടം. പ്രാവുകളോടുള്ള ഇഷ്ടത്തിൽ ചിലവൊന്നും കുഞ്ഞഹ് മദിന് പ്രശ്നമേ അല്ല. 7.30 ആകുമ്പോഴേക്കും ടൗണുകൾ ഉണരും. മത്സ്യത്തൊഴിലാളികളൊക്കെ മീൻ കൊട്ടയുമായി കടകളുടെ മുന്നിൽ വന്നിരിക്കും. പിന്നെ പ്രാവുകളെ കാണില്ല. അവ പറന്നുയരും. രാവിലത്തെ പ്രാതലിന് മാത്രമായി എത്തുന്നതാണ് ഈ പ്രാവിൻ കൂട്ടങ്ങൾ. രാവിലെ ടൗണിൽ എത്തുന്നവർക്ക് ഇത് കൗതുക കാഴ്ചയാണ്.
#Kumbala #Crows #Curiosity #CMStore #UniqueSight #MorningEvent