Cattle Underpass | ദേശീയപാത വികസനം: 'സിയുപി' സംവിധാനം പരിഗണനയിലില്ല; കന്നുകാലികൾക്കും രക്ഷയില്ല, റോഡ് മുറിച്ചുകടക്കാനാകില്ല
തലങ്ങും, വിലങ്ങും സർവീസ് റോഡിലൂടെ ഓടുകയാണ് കന്നുകാലികൾ
മൊഗ്രാൽ: (KasaragodVartha) കന്നുകാലികൾക്ക് റോഡ് മുറിച്ച് കടക്കാൻ സൗകര്യമൊരുക്കാതെയാണ് ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതെന്ന് ആക്ഷേപം. വെള്ളക്കെട്ടിൽ കുടുങ്ങി ദേശീയപാത നിർമാണം തുടരുന്നതിനിടെയാണ് വിമർശനം. നേരത്തെ ദേശീയപാതയിൽ കാറ്റില്‍ അന്‍ഡര്‍ പാസ് (Cattle Underpass - CUP) സംവിധാനം ഒരുക്കണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും നടപ്പിലായിട്ടില്ല.
സിയുപി സംവിധാനം പ്രകാരം, ദേശീയപാതകളിൽ പ്രത്യേകം നീക്കിവച്ച വഴികളിലൂടെ കന്നുകാലികളെ കൊണ്ടുപോകാൻ സാധിക്കുമായിരുന്നു. ഇത് കന്നുകാലികൾക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയും വാഹനങ്ങളുമായുള്ള അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യും. പുതിയ സാഹചര്യത്തിൽ ദേശീയപാതയിൽ കന്നുകാലികൾ കടന്നാൽ പെട്ട് പോയത് തന്നെ.
റോഡ് മുറിച്ചു കടക്കാൻ വഴിയില്ലാതെ തലങ്ങും, വിലങ്ങും സർവീസ് റോഡിലൂടെ ഓടുകയാണ് കന്നുകാലികൾ. എപ്പോഴാണ് കന്നുകാലികളുടെ മേൽ വാഹനമിടിക്കുക എന്ന ഭയാശങ്കയിലാണ് ക്ഷീര കർഷകരും ഡ്രൈവർമാരും. ഈ വിഷയം നേരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും, കരാറുകാരായ യുഎൽസിസി അധികൃതരെയും കണ്ട് നിവേദനം നൽകിയിരിന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് ഇപ്പോൾ ദേശീയപാത നിർമാണമെന്നാണ് ആക്ഷേപം.
മൊഗ്രാലിൽ ദേശീയപാതയിൽ നിന്ന് കെകെ പുറത്തേക്കുള്ള റോഡിന് കുറുകെ സിയുപി സംവിധാനം ഒരുക്കണമെന്നായിരുന്നു ക്ഷീരകർഷകരുടെയും വിവിധ സംഘടനകളുടെയും ആവശ്യം. യാത്രക്കാരുടെയും കന്നുകാലികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.