Tragedy | നീലേശ്വരം അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി മരിച്ചു; മരണം രണ്ടായി
● കിണാവൂരിലെ രതീഷ് (32), സന്ദീപ് എന്നിവരാണ് മരിച്ചത്.
● 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്, 32 പേർ ഇപ്പോഴും ഐസിയുവിലാണ്.
● കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി.
നീലേശ്വരം: (KasargodVartha) തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി മരിച്ചു. ചോയ്യങ്കോട് കിണാവൂരിലെ രതീഷ് (32) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശിയായ സന്ദീപ് ശനിയാഴ്ച വൈകീട്ട് മരണപ്പെട്ടിരുന്നു.
സാരമായി പൊള്ളലേറ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു ഇരുവരും. ഒക്ടോബർ 28ന് രാത്രി നടന്ന ദുരന്തത്തിൽ 154 പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ 32 പേർ ഇപ്പോഴും ഐസിയുവിലും അഞ്ചുപേർ വെന്റിലേറ്ററിലുമാണ്. കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗ്ളുറു എന്നിവിടങ്ങളിലെ 12 ആശുപത്രികളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. സർകാർ ചികിത്സാ ചിലവ് ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിലാണ് അപകടമുണ്ടായത്. കേസിൽ പ്രതികളായ ക്ഷേത്ര കമിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവർക്ക് ഹൊസ്‌ദുർഗ് സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കാസർകോട് ജില്ലാ സെഷൻ കോടതി ജാമ്യം റദ്ദാക്കിയിട്ടുണ്ട്.
സംഭവത്തിൽ എഡിഎമിന്‍റെ അന്വേഷണ റിപോർട് ഉടൻ ജില്ലാ കലക്‌ടർ കെ ഇമ്പശേഖറിന് കൈമാറും. കേസിൽ ക്ഷേത്ര ഭാരവാഹികളായ നാലു പ്രതികൾ ഒളിവിലാണ്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
പരേതനായ അമ്പൂഞ്ഞി - ജാനകി ദമ്പതികളുടെ മകനാണ് രതീഷ്. ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി. ചോയ്യംകോട്ട് തന്നെ ഓടോറിക്ഷ ഡ്രൈവറായിരുന്നു മരിച്ച സന്ദീപ്. സി കുഞ്ഞിരാമൻ - എം കെ സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: പി വിജില പള്ളിപ്പാറ. മക്കൾ: സാൻവിയ, ഇവാനിയ.
#NileshwaramAccident #Kerala #TempleAccident #Fireworks #RIP #Prayers