Development | കാസർകോടിന് പുതിയ യാത്രാസൗകര്യം; മുനമ്പം പാലം യാഥാർഥ്യത്തിലേക്ക്: ടെൻഡർ നടപടികൾ ആരംഭിച്ചു
● 17.70 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു.
● ചെമ്മനാട്-ബേഡഡുക്ക പ്രദേശങ്ങളിലേക്ക് നിലവിൽ കാൽനടയാത്രയ്ക്ക് മാത്രമുള്ള തൂക്കുപാലമാണുള്ളത്.
● പാലം യാഥാർത്ഥ്യമാകുന്നതോടെ യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരമാകും.
● ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ റാണിപുരം, ബേക്കൽ എന്നിവിടങ്ങളിലേക്കും ഇതുവഴി വേഗത്തിൽ എത്തിച്ചേരാനാകും.
കാസർകോട്: (KasargodVartha) ഉദുമ നിയോജകമണ്ഡലത്തിലെ ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിൻ്റെ നിർമ്മാണത്തിന് ടെൻഡർ വിളിച്ചു. 17.70 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വഴിയൊരുങ്ങിയത്. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്.
ചന്ദ്രഗിരിപ്പുഴയുടെ കൈവഴികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചെമ്മനാട്-ബേഡഡുക്ക പ്രദേശങ്ങളിലേക്ക് നിലവിൽ കാൽനടയാത്രയ്ക്ക് മാത്രമുള്ള തൂക്കുപാലമാണുള്ളത്. എരിഞ്ഞിപ്പുഴ, കരിച്ചേരി പാലങ്ങൾ വഴിയാണ് ഇവിടുത്തെ നാട്ടുകാർ കാസർകോട്ടേക്ക് യാത്ര ചെയ്യുന്നത്. എന്നാൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരമാകും. കാസർകോട് നിന്ന് കുണ്ടംകുഴിയിലേക്കുള്ള 28 കിലോമീറ്റർ യാത്ര വെറും 14 കിലോമീറ്ററായി കുറയും. 18 കിലോമീറ്റർ വളഞ്ഞു സഞ്ചരിക്കുന്നതിന് പകരം മുനമ്പം പാലം വഴി രണ്ട് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ ചട്ടഞ്ചാലിൽ എത്താനാകും.
ജില്ലാ ആസ്ഥാനത്തുനിന്ന് മുന്നാട്, കുറ്റിക്കോൽ, പാണത്തൂർ, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാം. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ റാണിപുരം, ബേക്കൽ എന്നിവിടങ്ങളിലേക്കും ഇതുവഴി വേഗത്തിൽ എത്തിച്ചേരാനാകും. പാലം വരുന്നതോടെ ഈ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ വർധിക്കുമെന്നും സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tenders have been invited for the construction of the Munambam bridge connecting Chemnad and Bedadukka Panchayats in Uduma constituency, Kasaragod. With a technical sanction of ₹17.70 crore, the bridge will significantly reduce travel distance to Kasaragod and other areas, boosting tourism potential in the region, according to MLA C.H. Kunhambu.
#MunambamBridge #Kasaragod #KeralaInfrastructure #Development #CHKunhambuMLA #TravelFacility