city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒടുവില്‍ പിരാരെ മൂല അംഗന്‍വാടിക്കു സ്വന്തം കെട്ടിടം വരുന്നു

മഞ്ചേശ്വരം: (www.kasargodvartha.com 27.08.2014) വിവാദമായ മഞ്ചേശ്വരം പിരാരെ മൂല അംഗന്‍വാടിക്ക് ഒടുവില്‍ സ്വന്തം കെട്ടിടം വരുന്നു. അംഗന്‍വാടിക്ക് ആവശ്യമായ മൂന്ന് സെന്റ് സ്ഥലം വാര്‍ഡ് മെമ്പറുടെ ബന്ധുവായ ഒരാള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അതിന്റെ രേഖകള്‍ ശരിയാക്കുന്ന മുറയ്ക്ക് കെട്ടിടത്തിന്റെ പണി ആരംഭിക്കുമെന്ന് ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കെട്ടിടത്തിന് ആവശ്യമായ ഫണ്ട് ഇപ്പോള്‍ തന്നെ ഐസിഡിഎസിന്റെ പക്കലുണ്ട്. പിരാരെ മൂലയിലെ അഞ്ചാം നമ്പര്‍ അംഗന്‍വാടി കഴിഞ്ഞ എട്ട് വര്‍ഷമായി ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓടുമേഞ്ഞ കാര്‍ ഷെഡ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്. 200 രൂപയാണ് ഇതിന്റെ മാസവാടക. ഈ കെട്ടിടം അംഗന്‍വാടിയുടെ പ്രവര്‍ത്തനത്തിന് പര്യാപ്തമല്ലെന്ന് നേരത്തെ തന്നെ ബോധ്യപ്പെടുകയും സ്വന്തം കെട്ടിടം വേണമെന്ന് ഗ്രാമസഭകളിലടക്കം ആവശ്യമുയരുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഷെഡ്ഡില്‍ രാത്രിയില്‍ ആടുകളെ പാര്‍പ്പിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നത്. ഇത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കുകയും ബന്ധപ്പെട്ട അധികൃതര്‍ പലവഴിക്കും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ സ്ഥലം കിട്ടാത്തതായിരുന്നു സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതിന് തടസമായത്. മഞ്ചേശ്വരം പഞ്ചായത്തില്‍ ആകെയുള്ള 37 അംഗന്‍വാടികളില്‍ ഈ അംഗന്‍വാടിയടക്കം അഞ്ച് എണ്ണത്തിനാണ് സ്വന്തം കെട്ടിടമില്ലാത്തത്. പിരാരി മൂലെ അംഗന്‍വാടിക്ക് കെട്ടിടം പണിയുന്നതോടൊപ്പം മറ്റുള്ളവയ്ക്ക് കൂടി സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നതായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍  പി.എല്‍ ഗീത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഈയിടെ ചേര്‍ന്ന ഗ്രാമസഭയില്‍ അംഗന്‍വാടിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. അംഗന്‍വാടിയിലേക്കുള്ള വഴി വളരെ മോശമാണ്. ശക്തമായ മഴയുണ്ടാകുന്ന സമയങ്ങളില്‍ അംഗന്‍വാടിക്ക് അകത്തേക്ക് തണുത്ത കാറ്റ് അടിക്കുന്നത് കുട്ടികള്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നു.

അതിനിടെയാണ് ആട് വിഷയം കത്തിക്കയറിയത്. ഇതോടെ മഞ്ചേശ്വരത്ത് എവിടെയുംതന്നെ ആടുകളില്ലെന്നും പിന്നെങ്ങിനെയാണ് അംഗന്‍വാടിയില്‍ ആടുകളെ കൂട്ടുക എന്നും ചിലര്‍ ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ അംഗന്‍വാടിക്ക് അല്‍പം അകലെ ഒരു വീട്ടില്‍ ഇപ്പോള്‍ ആടിനെ വളര്‍ത്തുന്നതായി ഐസിഡിഎസ് ഓഫീസ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് അധികൃതരെ സ്വന്തം കെട്ടിടം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തിയത്.

അംഗന്‍വാടി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നുസ്രത്ത് ജഹാന്‍ പറഞ്ഞു. അംഗന്‍വാടിക്ക് അസൗകര്യങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ മനസിലായിരുന്നു. നേരത്തേ വാഹന ഷെഡ്ഡായി ഉപയോഗിച്ചിരുന്നതാണ് ഈ സ്ഥലം.

അംഗന്‍വാടി പ്രവര്‍ത്തിക്കുന്ന ഷെഡ്ഡില്‍ രാത്രി ആടുകളെ കൂട്ടുന്നതായി ഗ്രാമ സഭയില്‍ ആരോപണം ഉയര്‍ന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. താനോ, സെക്രട്ടറിയോ ഗ്രാമ സഭയില്‍ പങ്കെടുത്തിട്ടില്ലാത്തതില്‍ അതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അതേസമയം, ആരോപണം കെട്ടിടത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടവര്‍ നിഷേധിക്കുന്നുണ്ട്.

ആറോളം കുട്ടികളാണ് പിരാരെമൂലെ അംഗന്‍വാടിയില്‍ പഠിക്കുന്നത്. പാവപ്പെട്ടവരുടെ മക്കളാണിവര്‍. അംഗന്‍വാടിയ്ക്കു സ്വന്തം കെട്ടിടം പണിയാനും മറ്റു പ്രയാസങ്ങള്‍ പരിഹരിക്കാനും നടപടി സ്വീകരിച്ചു വരുന്നതായും ബന്ധപ്പെട്ടവരെ ഈ വിഷയത്തില്‍ ചുമതലപ്പെടുത്തിയതായും അവര്‍ വ്യക്തമാക്കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഒടുവില്‍ പിരാരെ മൂല അംഗന്‍വാടിക്കു സ്വന്തം കെട്ടിടം വരുന്നു


Related News: 
രാത്രി 12 ആടുകളെ കൂട്ടുന്ന ഷെഡ്ഡ് പകല്‍ ആറ് കുട്ടികളുടെ അംഗന്‍വാടി!
Keywords : Manjeshwaram, Panchayath, Kasaragod, Anganwadi, Building, Car Shed, Goat, Controversy. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia