city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Development | കാസർകോടിന്റെ വികസനത്തിന് പൊതുവായ പ്ലാറ്റ്ഫോം രൂപപ്പെടുത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

KasargodVartha Photo

● രാഷ്ട്രീയപരമായ ഭിന്നതകൾ ഒഴിവാക്കി വികസനത്തിനായി ഒന്നിക്കണം. 
● കഴിഞ്ഞ 40 വർഷത്തിൽ കാസർകോട് ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്. 
● കാർഷിക മേഖലയിൽ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തണം. 
● തൊഴിലില്ലായ്മ പരിഹാരത്തിന് വിജ്ഞാന കേരളം സഹായകമാകും. 
● കാസർകോടിന് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടായി.

കാസർകോട്: (KasargodVartha) ജില്ലയുടെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കുന്നതിന് രാഷ്ട്രീയത്തിനും വിഭാഗീയതകൾക്കും അതീതമായ പൊതുവായ പ്ലാറ്റ്ഫോം രൂപപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സര്‍ക്കാരിന്റെ കുടുംബശ്രീ അടക്കമുള്ള വനിതാ കേന്ദ്രീകൃത പദ്ധതികളും ജനകീയ ആസൂത്രണവും ജില്ലയുടെ വികസനത്തിന് വഴിത്തിരിവായെന്ന് പ്രസിഡണ്ട് പറഞ്ഞു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ് ക്ലബ്ബും സംയുക്തമായി 'കാസറഗോഡ് @ 40' ജില്ല കടന്നുപോയ 40 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍.

need a common platform for kasaragods development district

കാസര്‍കോട് പാക്കേജിന്റെ ഭാഗമായി നടന്ന വികസന പദ്ധതികൾ, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ കിഫ്ബി, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഇവയെല്ലാം ജില്ലയുടെ വികസനത്തിന് ഉദാഹരണങ്ങള്‍ ആണെന്നും പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.

40 വർഷത്തിനകത്ത് കാസർഗോഡ് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് സെമിനാറിൽ മോഡറേറ്റർ ഡോക്ടർ വി പിപി മുസ്തഫ പറഞ്ഞു. വികസനത്തിന്റെയും ദാരിദ്ര്യത്തിന്റെയും അളവുകോൽ മാറിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലും ചെറുകിട വ്യവസായ രംഗത്തും ജില്ല പുരോഗതി കൈവരിച്ചു.

അകറ്റിനിർത്തുകയല്ല ചേർത്ത് പിടിക്കുകയാണ് കാസർകോടിന്റെ സംസ്കാരം: ഡോ സി ബാലൻ

കാസര്‍കോടിന്റെ ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തില്‍ പ്രൊഫസര്‍ സി ബാലന്‍ പ്രബന്ധാവതരണം നടത്തി. കാസർകോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ബ്രിട്ടീഷ് കോളനി ഭരണം ആണ്. ഒരുകാലത്ത് വിഭവസമൃദ്ധമായിരുന്ന കാസര്‍കോടിനെ കൊളോണിയല്‍ ഭരണം പ്രതികൂലമായി ബാധിച്ചുണ്ട്. അവർ നടപ്പിലാക്കിയ കടുത്ത നികുതി സമ്പ്രദായം അടക്കമുള്ള രീതികൾ നമ്മുടെ ധനം സമ്പത്ത് എന്നിവ ചോർത്തി എടുക്കുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കാസര്‍കോട് ജില്ലയുടെ ചരിത്രം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. നമ്മുടെ ജില്ല പുരോഗതി കൈവരിക്കുമ്പോൾ മത സൗഹാർദവും ഒരുമയും നിലനിൽക്കണമെന്നും വിഭജനത്തിൽ നിന്നും മാറി ചേർത്തുപിടിക്കൽ ആകണം നമ്മുടെ പാരമ്പര്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോടിന്റെ മണ്ണിൽ പോഷകാംശം ദരിദ്രം: ഡോ സി തമ്പാൻ; കർഷകകൂട്ടായ്മകൾ വളർന്നു വരണം

നാണ്യ വിളകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാസര്‍കോടിന്റെ പുതിയ കാര്‍ഷിക സംസ്‌കൃതി കുരുമുളക്, കശുവണ്ടി തുടങ്ങിയ ഇനങ്ങളുടെ ഉത്പാദനത്തെ വളരെ പ്രതികൂലമായി ബാധിച്ചു എന്നും മറ്റു മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്‍ഷിക മേഖലയില്‍ ജില്ലയ്ക്ക് കൂടുതൽ മുന്നോട്ടു പോകാൻ കഴിയണമെന്നും കാസര്‍കോടിന്റെ കാര്‍ഷിക സംസ്‌കൃതി എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഡോ. സി.തമ്പാന്‍ അഭിപ്രായപെട്ടു. മൂല്യ വർദ്ധിത ഉത്പന്നങ്ങൾക്ക് കാര്‍ഷിക രംഗത്ത് മാര്‍ക്കറ്റിന് കൂടുതൽ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും മണ്ണിന്റെ ജൈവാംശവും പോഷകാംശവും നിലനിര്‍ത്തുന്നതിന് വേണ്ടി പുതിയ രീതികള്‍ അവലംബിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എഴുത്തുകാട്ടി.

വിജ്ഞാന കേരളം തൊഴിലില്ലായ്മ പരിഹാരമാകും: പപ്പന്‍ കുട്ടമത്ത്

സര്‍ക്കാരും വികസനവും എന്ന വിഷയത്തില്‍ പപ്പന്‍ കുട്ടമത്ത് സെമിനാര്‍ അവതരണം നടത്തി. രാഷ്ട്രീയത്തിനതീതമായ വികസന സംസ്‌കാരം പിന്തുടരുന്ന കാസര്‍കോട് ജില്ല കഴിഞ്ഞ 40 വര്‍ഷത്തില്‍ ജനപങ്കാളിത്തത്തില്‍ സംസ്ഥാനത്ത് തന്നെ മാതൃകയാണെന്നും പ്രാദേശിക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് പ്രവര്‍ത്തനങ്ങള്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രാദേശിക സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിജ്ഞാനകേരളം ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തിലും ജോബ്‌സ്റ്റേഷന്‍ ആരംഭിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കാസർകോട് നവകേരളത്തിന്റെ ഹരിത കവാടം: കെ ബാലകൃഷ്ണൻ

നവ കേരളവും കാസര്‍കോടും എന്ന വിഷയത്തില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധാവരണം നടത്തി. നവകേരളത്തിന്റെ ഹരിത കവാടമായ കാസര്‍കോടിന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഒട്ടേറെ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങള്‍ ആയപ്പോള്‍ സംസ്ഥാനത്ത് തന്നെ ആദ്യത്തെ കാര്‍ബണ്‍ നെഗറ്റീവ് സ്‌കൂള്‍ ആകാന്‍ മേലാങ്കോട് സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയിലൂടെ ഭവനരഹിതരായ ജനങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലും ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കിയത് വഴി ആരോഗ്യരംഗത്ത് വളരെ നല്ല പുരോഗതി കൈവരിക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പരിപാടിയില്‍ ഡോ. വി.പി.പി മുസ്തഫ മോഡറേറ്ററായി. പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്‍ അധ്യക്ഷനായി ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ എ പി ദിൽന നന്ദിയും പറഞ്ഞു.

Kasaragod District Panchayat President Baby Balakrishnan emphasized the need for a common platform beyond political and sectarian differences for the district's comprehensive development at a seminar titled 'Kasaragod @ 40'. The seminar, organized by the District Information Office and Press Club, discussed the progress of Kasaragod over the past 40 years, highlighting achievements in various sectors and the impact of government schemes.

#Kasaragod #Development #Kerala #Seminar #Progress #LocalGovernance

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub