സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ യോഗത്തില്‍ ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ ആശങ്ക അറിയിച്ചു; ദേശീയപാത വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന ആരാധനാലയങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യം
Dec 28, 2017, 12:54 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2017) ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന ആരാധനലായങ്ങളുടെ ഭാരവാഹികള്‍ സ്ഥലമെടുപ്പ് വിഭാഗം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആശങ്ക അറിയിച്ചു. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ സ്ഥലം ഒഴിപ്പിക്കലിന് വിധേയമാകുന്ന 20 ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗമാണ് ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്നത്.
70 ഓളം പേരാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. ദേശീയപാത വികസന സ്ഥലമെടുപ്പില്‍ നിന്ന് ആരാധനാലയങ്ങളെ ഒഴിവാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതേസമയ ഒഴിപ്പിക്കപ്പെടുന്ന ആരാധനാലയങ്ങളുടെ പുനര്‍നിര്‍മാണത്തിനും പുന: പ്രതിഷ്ഠയ്ക്കുമുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ സമ്മതമാണെന്ന് ചില ഭാരവാഹികള്‍ അറിയിച്ചു. കാസര്‍കോട് താലൂക്കില്‍ ഒമ്പതും, മഞ്ചേശ്വരം താലൂക്കില്‍ 11 ഉം ആരാധനാലയങ്ങളാണ് ഒഴിപ്പിക്കപ്പെടുന്നത്. ദേശീയപാത അലൈന്‍മെന്റ് മാറ്റണമെന്നായിരുന്നു ഭാരവാഹികളുടെ ആവശ്യം. എന്നാല്‍ അലൈന്‍മെന്റ് മാറ്റേണ്ടത് നാഷണല്‍ ഹൈവേ അതോറിറ്റിയാണെന്നും ഒഴിപ്പിക്കപ്പെടുന്ന നിര്‍മിതികളുടെ പുനര്‍ നിര്‍മാണ ചിലവും പുന പ്രതിഷ്ഠാ ചിലവും നല്‍കണമെന്ന ആവശ്യം സര്‍ക്കാരിനെ അറിയിക്കുമെന്നും സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമാക്കി.
ദേശീയപാത വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെയും നിര്‍മിതികളുടെയും അളവും വിലയും തിട്ടപ്പെടുത്തുന്നതിന് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരില്‍ നിന്നും ആവശ്യമായ നഷ്ടപരിഹാരം ഉള്‍പെടെയുള്ളവ ലഭ്യമാക്കാന്‍ സര്‍വ്വേ ഉള്‍പെടെ നടത്തി ഇതിന്റെ വിവരങ്ങള്‍ നല്‍കണം. കുമ്പള കണിപുര അയ്യപ്പ ക്ഷേത്രം, നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം, ചൗക്കി ജമാഅത്ത് പള്ളി, ഉദ്യാവര്‍ ഭഗവതി ക്ഷേത്രം, കുമ്പള നിത്യാനന്ദ മഠം തുടങ്ങിയ ആരാധനാലയങ്ങളുടെ സ്ഥലം ഒഴിപ്പിക്കലിന്റെ പരിധിയില്‍ ഉള്‍പെടുന്നുണ്ട്.
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലായി 15 മുസ്ലിം ആരാധനാലയങ്ങളുടെയും അഞ്ച് ഹൈന്ദവ ആരാധനാലയങ്ങളുടെയും ഭൂമിയാണ് ദേശീയപാത വികസനത്തിനായി ആദ്യ ഘട്ടത്തില്‍ ഒഴിപ്പിക്കപ്പെടുന്നത്. സ്ഥലമെടുപ്പ് വിഭാഗം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ശശിധര ഷെട്ടിക്കു പുറമെ ജില്ലാ ലെയ്‌സണ്‍ ഓഫീസര്‍ കെ. സേതുമാധവന്‍, പി.വി രമേശന്‍, പി. രാഘവന്‍, രാമണ്ണ റൈ, ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ സ്ഥലം ഒഴിപ്പിക്കപ്പെടുന്ന ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗം വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ ചേരും.
Related News:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, National highway, Worship, Evacuation, National highway; Worship committees against development.