Criticism | ദേശീയപാത നിർമാണം: കരാറുകാർ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നതായി എ അബ്ദുർ റഹ്‌മാൻ
കാസർകോട്: (KasargodVartha) ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കരാറുകാർ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ ആരോപിച്ചു.
ദേശീയപാത നിർമ്മാണം ആരംഭിച്ചിട്ട് സർവീസ് റോഡുകളുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായെങ്കിലും, സർവീസ് റോഡിലെ അറ്റകുറ്റപ്പണികൾ എന്ന പേരിൽ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങൾ തടഞ്ഞുവെക്കുകയും ചെയ്യുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ പാടില്ലെന്നുള്ള നിർദ്ദേശങ്ങൾ ലംഘിച്ച് കരാറുകാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മതിയായ ബദൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന നിർദ്ദേശവും കാസർകോട് കാറ്റിൽ പറത്തിയിരിക്കുകയാണ്.
മംഗലാപുരത്തെ വിമാനത്താവളത്തിലേക്കും ആശുപത്രികളിലേക്കും പോകുന്നവർ അതിരാവിലെ പുറപ്പെട്ടാൽ രാത്രികളിലാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത്. ഇതുകാരണം പ്രവാസികളും രോഗികളും വിദ്യാർത്ഥികളും തൊഴിലാളികളും വ്യാപാരികളുമുൾപ്പടെയുള്ള ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുന്നു.
പല ഭാഗങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ സർവ്വീസ് റോഡുകൾ കയ്യേറിയിരിക്കുന്നു. ദേശീയ പാത നിർമ്മാണത്തിന്റെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറുന്ന സമീപനമാണ് ഭരണകക്ഷിയുടെ സ്വന്തം കരാർ കമ്പനി തുടരുന്നത്. ജനപ്രതിനിധികളെയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരെയും പുച്ഛത്തോടെ കാണുകയും നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ജനങ്ങൾക്ക് ദുരിതം മാത്രം നൽകുകയും ചെയ്യുന്ന കരാറുകാർക്കെതിരെ ശക്തമായ ജനരോഷമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും അബ്ദുൽ റഹ്‌മാൻ പറഞ്ഞു.