മുരളിയുടെ കൊല: അന്വേഷണം കര്‍ണാടകയിലേക്കും, സഹായം ചെയ്തുകൊടുത്ത ഒരാള്‍ പിടിയില്‍
Oct 29, 2014, 16:52 IST
കുമ്പള: (www.kasargodvartha.com 29.10.2014) കുമ്പളയിലെ സി.പി.എം. പ്രവര്‍ത്തകന്‍ പി. മുരളിയുടെ(37) കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ടീമിലെ ഒരുസംഘം പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനായി കര്‍ണാടകയിലേക്ക് പോയി.
പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്ത ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കുതിരപ്പാടി സ്വദേശി മിഥുന്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ മുരളിയുടെ മൃതദേഹത്തില്‍ 15 മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു മുറിവുകള്‍ ആഴത്തിലുള്ളതാണ്. മൃതദേഹം ഇന്‍ക്വസ്റ്റു നടത്തിയപ്പോഴാണ് മുറിവുകള്‍ കണ്ടെത്തിയതെന്ന് കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു പറഞ്ഞു. എല്ലാ മുറിവുകളും ഒരേ തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ടു സംഭവിച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായതായും സി.ഐ. പറഞ്ഞു.
അനന്തപുരത്തെ ശരത്, കുതിരപ്പാടിയിലെ ദിനേശന്‍ എന്ന ദിനു, ഭരത് എന്ന ഭരത് രാജ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍ എന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊലയുമായി ബന്ധപ്പെട്ട് ഏഴോളം പേരെ ഇതിനകം പോലീസ് ചോദ്യം ചെയ്തു. കൊല്ലപ്പെട്ട മുരളിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പേരാലിലെ തറവാട്ടു വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
Keywords : Kasaragod, Kumbala, Murder, Case, Police, Investigation, Kerala, CPM, BJP, Custody, Murali.