Mobile Tower | ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം; ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ
● അനുമതിയില്ലാതെ ടവർ നിർമ്മിക്കുന്നുവെന്ന് ആരോപണം.
● തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമെന്ന് ആരോപണം.
● 'വാർഡ് മെമ്പറെ പോലും അറിയിച്ചിട്ടില്ല'.
തൃക്കരിപ്പൂർ: (KasargodVartha) തൃക്കരിപ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിന് മുന്നിലെ ജനവാസ കേന്ദ്രത്തിന് നടുവിലെ വയലിൽ മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. ടവർ നിർമ്മിക്കാൻ നീക്കം നടത്തുന്ന സ്ഥലത്തിന് ചുറ്റും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അര കിലോമീറ്റർ ചുറ്റളവിൽ റേഡിയേഷൻ ഉണ്ടാകുന്ന വലിയ ടവർ ആണ് ബി.എസ്.എൻ.എല്ലിന് വേണ്ടി സ്ഥാപിക്കുന്നത് എന്നാണ് പറയുന്നത്.
അമ്പലത്തിന് മുന്നിലുള്ള ട്രാൻസ്ഫോർമറിലേക്ക് വൈദ്യുതി എത്തിക്കുന്ന 11,000 വോൾട്ടിന്റെ കെ.വി ലൈനും ഈ സ്ഥലത്തിന് മുകളിലൂടെ കടന്നുപോകുന്നുണ്ട്. ടവർ നിർമ്മിക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് നിയമമുണ്ട്. മൊബൈൽ ടവർ നിർമ്മാണത്തിന് പാലിക്കേണ്ട വ്യവസ്ഥകൾ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 118 മുതൽ 131 വരെയുള്ള ഭാഗങ്ങളിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പെർമിറ്റ് അനിവാര്യമാണെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ ടവർ സ്ഥാപിക്കുന്നതിന് യാതൊരു അനുമതിയും പഞ്ചായത്തിൽ നിന്ന് നേടിയിട്ടില്ല. ടവർ സ്ഥാപിക്കുന്ന സ്ഥലം ഉൾപ്പെടുന്ന ആറാം വാർഡ് മെമ്പറെയും ഇക്കാര്യം ഇതുവരെ അറിയിച്ചിരുന്നില്ല. ടവറിന്റെ കാര്യം വാർഡ് മെമ്പർ എന്ന നിലയിൽ എന്നെ അറിയിക്കുകയോ പഞ്ചായത്തിൽ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മെമ്പർ സീത ഗണേഷ് പറഞ്ഞു.
പരിസരവാസികളുടെ അനുമതി പത്രം പോലും വാങ്ങിക്കാതെയാണ് ടവർ സ്ഥാപിക്കാൻ നീക്കം നടത്തുന്നത്. ആരെയും അറിയിക്കാതെ രഹസ്യമായി ടവർ നിർമ്മിക്കാനായിരുന്നു പദ്ധതി. നിർമ്മാണ ചുമതല ഏറ്റെടുത്ത സ്വകാര്യ കമ്പനിക്ക് വേണ്ടി കുഴിയെടുക്കാൻ ഇന്നലെ എത്തിയ ജെ.സി.ബി ജനങ്ങൾ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് തിരിച്ചുപോയി.
തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം
2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ആറാം വാർഡിലെ മൊബൈൽ ടവർ നിർമ്മാണം. മണ്ണിട്ട് നികത്തുകയോ കുഴിയെടുക്കുകയോ ചെയ്യുന്നത് നിയമത്തിലെ സെക്ഷൻ 13 പ്രകാരം കുറ്റകരവുമാണ്. ടവർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വയൽ പ്രദേശമാണ്. ഇതിനോട് ചേർന്ന് തന്നെ പൂമാല ഭഗവതി ക്ഷേത്രം വകയായുള്ള സ്ഥിരമായി നെൽകൃഷി ചെയ്യുന്ന വയലുമുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം കൂടിയാണിത്. കടുത്ത ചൂടുള്ള സമയത്ത് പോലും വെള്ളം വറ്റാത്ത സ്ഥലത്താണ് 50 മീറ്റർ ഉയരത്തിലുള്ള ടവർ സ്ഥാപിക്കുന്നതിന് നീക്കം നടത്തുന്നത്.
ജനവാസ കേന്ദ്രത്തിലെ മൊബൈൽ ടവർ നിർമ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക. ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക.
Residents in Thrikkaripur are protesting against the construction of a mobile tower in a residential paddy field, alleging lack of permits and consent. They claim violations of environmental laws and lack of communication from authorities.
#MobileTowerProtest #Thrikkaripur #KeralaNews #EnvironmentalViolation #LocalProtest #PaddyField