Resolution | തളങ്കര ഗവ. സ്‌കൂളിന്റെ സ്ഥലം കയ്യേറിയെന്ന പരാതി തീർപ്പാക്കി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
● ഹര്‍ജിക്കാരനെ നേരില്‍ കേട്ട്, രേഖകള്‍ പരിശോധിച്ച്, പരാതിക്ക് പരിഹാരം കാണുവാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
● കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിലാണ് കമ്മീഷന്‍ ചെയര്‍മാന്‍ തീരുമാനം പ്രഖ്യാപിച്ചത്.
കാസര്‍കോട്: (KasargodVartha) തളങ്കര ഗവ. മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്ഥലം വ്യക്തികള്‍ കയ്യേറിയെന്ന പരാതി തീർപ്പാക്കി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിലാണ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഹര്‍ജിക്കാരന് കയ്യേറ്റം സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാലും താലൂക്ക് സര്‍വേ, റീസര്‍വേ നടപടികള്‍ നടന്നു വരികയാണെന്നും കയ്യേറ്റം നടന്നിട്ടുണ്ടെന്ന് ബോധ്യമായാല്‍ നടപടി സ്വീകരിക്കുന്നതാണെന്നുള്ള റവന്യൂ അധികാരികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഈ തീരുമാനം.
കരം അടയ്ക്കല്‍: ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി
അതേസമയം, 2011 മുതല്‍ കരമടച്ചു വരുന്ന ഭൂമിയുടെ കരം 2021 മുതല്‍ സ്വീകരിക്കുന്നില്ലെന്ന ബദ്രഡുക്ക സ്വദേശിയുടെ പരാതിയില്‍ എതിര്‍ കക്ഷികളായ റവന്യു ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച രേഖകളിലും റിപ്പോര്‍ട്ടുകളിലും വൈരുധ്യമുള്ളതിനാല്‍ ഹര്‍ജിക്കാരനെ നേരില്‍ കേട്ട്, രേഖകള്‍ പരിശോധിച്ച്, പരാതിക്ക് പരിഹാരം കാണുവാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.