city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാളികേരത്തിന്റെ നാടായി കേരളത്തെ നിലനിര്‍ത്താനും നാളികേര കര്‍ഷകന് കൈത്താങ്ങാവാനും നമ്മള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം; മന്ത്രി ഇ പി ജയരാജന്‍

കാസര്‍കോട്: (www.kasargodvartha.com 14.09.2019) നാളികേരത്തിന്റെ നാടായി കേരളത്തെ നിലനിര്‍ത്താനും നാളികേര കര്‍ഷകന് കൈത്താങ്ങാവാനും നമ്മള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി ന്യായപ്രകാരം ഒക്ടോബര്‍ 31നകം കിനാനൂര്‍ ഗ്രാമപഞ്ചായത്തിനെ മാലിന്യ വിമുക്ത പഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ജനകീയ കണ്‍വെന്‍ഷന്‍, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം, പഞ്ചായത്തിന് കീഴില്‍ കുടുംബശ്രീ സംരംഭമായി കരിന്തളത്ത് ആരംഭിച്ച കയര്‍ ഡി ഫൈബറിംങ്ങ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രിനിര്‍വഹിച്ചത്. കരിന്തളം ബാങ്ക് പരിസരത്ത് നടന്ന ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ അധ്യക്ഷത വഹിച്ചു.

നാളികേരത്തിന്റെ നാടായി കേരളത്തെ നിലനിര്‍ത്താനും നാളികേര കര്‍ഷകന് കൈത്താങ്ങാവാനും നമ്മള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം; മന്ത്രി ഇ പി ജയരാജന്‍

കേരളം പണ്ടുമുതല്‍ക്കേ നാളികേരത്തിന്റെ നാടാണ്. ഈ അടുത്ത കാലത്തായി കേരളത്തില്‍ നാളികേര ഉത്പാദനം വളരെയേറെ കുറഞ്ഞിട്ടുണ്ട്. ഇതിന് മാറ്റം വരണം. നമുക്ക് നാളികേര ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നാളികേര കൃഷി ലാഭകരമാവണമെങ്കില്‍ നാളികേരത്തെ ഫലപ്രദമായി ഉപയോഗിക്കണം. നാളികേര കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കണം. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കയര്‍ ഡി ഫൈബറിങ്ങ് യൂണിറ്റ് നാളികേര കര്‍ഷകര്‍ക്കും മറ്റുള്ള കര്‍ഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണെന്നും മന്ത്രി പറഞ്ഞു. ചകിരിച്ചോര്‍ നല്ലൊരു ജൈവവളമാണ്. കൃഷികാര്‍ക്ക് ജൈവവളമായി ഉപയോഗിക്കാം. നാളികേരം മാത്രമല്ല റബ്ബര്‍ കൃഷിയും പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

കാര്‍ഷിക വ്യവസായ രംഗത്തുള്ള പുരോഗതി മാത്രമല്ല ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഒന്നാമത്തെ വര്‍ഷം തന്നെ വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കാനുള്ള നടപടികളാരംഭിച്ചു. ഇപ്പോഴും പല വീടുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്.

ഇന്നത്തെ കാലത്ത് സമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചത് നല്ല കാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇത് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും നമുക്ക് രക്ഷയാകുന്നു.

കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി ആയിരുന്ന ഏഷ്യന്‍ വംശജയായ അമേരിക്കയിലെ ആദ്യത്തെ വനിതാ ജഡ്ജി ജസ്റ്റിസ് ജൂലി മാത്യു, ദേശീയ വോളിബോള്‍ ടീം അംഗം അഞ്ജു ബാലകൃഷ്ണന്‍, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്വാതി നാരായണന്‍ ചിമ്മത്തോട്, ഹരിത ചേമ്പേന എന്നിവര്‍ക്ക് മന്ത്രി ഉപഹാരം കൈമാറി.

ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാല്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ബാലകൃഷ്ണന്‍, വിവിധ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്മാരായ വി സുധാകരന്‍, പി ചന്ദ്രന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷൈജമ്മ ബെന്നി, കെ അനിത, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി വി രവി, കെ ഉഷ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ പി നാരായണന്‍, സിപിഎം പ്രതിനിധി ടി കെ രവി, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വിധുബാല സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി എന്‍ മനോജ് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Minister, inauguration, farmer, Minister E P Jayarajan about coconut farmers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub