Tragedy | നീലേശ്വരത്ത് വെടിപ്പുരക്ക് തീപിടിച്ചുണ്ടായ അപകടം: ചികിത്സയിലുള്ളത് 108 ആളുകൾ; 8 പേർക്ക് 60 ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റു; കൂടുതൽ പേർ ചികിത്സയിലുള്ളത് ആസ്റ്റർ മിംസ് ആശുപത്രിയിൽ
● നീലേശ്വരം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയിൽ വൻ തീപിടുത്തം.
● വിവിധ ആശുപത്രികളിലായി ചികിത്സ തുടരുന്നു.
● പലരും വെന്റിലേറ്ററിൽ.
നീലേശ്വരം: (KasargodVartha) തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റത് 154 പേര്‍ക്ക്. ഇതിൽ 108 പേർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 59 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. എട്ട് പേർക്ക് 60 ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ ഏഴുപേർ വെന്റിലേറ്ററിൽ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 26 പേർ ചികിത്സയിലുണ്ട്. ഇവരിൽ 23 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ മൂന്ന് പേർക്ക് 60 ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റിട്ടുണ്ട്, ഇവരിൽ രണ്ടുപേർ വെന്റിലേറ്ററിൽ തുടരുകയാണ്.കോഴിക്കോട് മിംസിൽ 60 ശതമാനം പൊള്ളലേറ്റ നാല് പേർ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില മോഡറേറ്റ് റിസ്കിലായാണ് വിലയിരുത്തപ്പെടുന്നത്, ഇവർക്ക് വെന്റിലേറ്റർ പിന്തുണ നൽകുന്നു.
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില ഹൈ റിസ്കിലായാണ് വിലയിരുത്തപ്പെടുന്നത്, ഇദ്ദേഹവും വെന്റിലേറ്ററിലാണ്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 16 പേരും, സഞ്ജീവനി ആശുപത്രിയിൽ 10 പേരും, അയ്‌ഷാൽ ആശുപത്രിയിൽ 17 പേരും, അരിമല ആശുപത്രിയിൽ 3 പേരും, മൻസൂർ ആശുപത്രിയിൽ 5 പേരും, ദീപ ആശുപത്രിയിൽ ഒരാളും, കെ എ എച് ചെറുവത്തൂർ ആശുപത്രിയിൽ രണ്ട് പേരും, പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ അഞ്ച് പേരും ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മംഗ്ളൂറിലെ എ.ജെ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 18 പേരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിശദമായ റിപോർട് ഇതുവരെ ലഭിച്ചിട്ടില്ല. കണ്ണൂർ ചാലയിലെ ആംസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ഷമിൽ, ശരത്ത്, വിഷ്ണു എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. സാരമായി പരുക്കേറ്റ ഷിബിൻ രാജ്, ബിജു, രതീഷ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അഭിജിത്, ശർമ, രാകേഷ്, സന്തോഷ്, വിനീഷ് ബിപിൻ, വൈശാഖ്, മോഹനൻ, അശ്വന്ത്, മിഥുൻ, അദിഷ്, ശ്രീനാഥ്, സൗരവ്, ശ്രീരാഗ്, ഗീത, പ്രാർത്ഥന, സുധീഷ്, പ്രീതി, വിന്യ, അതുൽ ടി വി, ഭവിക, സൗപർണിക, പദ്മനാഭൻ, അനിത എന്നിവരാണ് മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റുള്ളവർ.
അപകട വിവരം ലഭിച്ച ഉടൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, കണ്ണൂർ ഡിഐജി രാജ് പാൽമീണ എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അപകടം നടന്ന പ്രദേശം സന്ദർശിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ചു.
#Nileshwaram #Kerala #accident #temple #firecracker #injury #hospital #emergency