മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി
Nov 8, 2016, 18:09 IST
കാസര്‍കോട്: (www.kasargodvartha.com 08/11/2016) കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തൃശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനെ സുള്ള്യ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ അന്വേഷണം കാസര്‍കോട് പോലീസ് സുള്ള്യ പോലീസിലെ ഉന്നത അധികാരികള്‍ക്ക് കൈമാറി. സുള്ള്യ സ്റ്റേഷനില്‍ വെച്ച് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി തന്നെ ബലമായി കുടിപ്പിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തുവെന്നാരോപിച്ച് മജിസ്ത്രേട്ട് കാസര്‍കോട് സി ഐക്ക് പരാതിനല്‍കിയിരുന്നു.
എന്നാല്‍ സംഭവം നടന്നത് സുള്ള്യ പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസെടുക്കേണ്ടതും തുടരന്വേഷണം നടത്തേണ്ടതും സുള്ള്യ പോലീസാണെന്നും ഈ സാഹചര്യത്തില്‍ പരാതി സുള്ള്യ പോലീസിലെ ഉന്നത അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ പറഞ്ഞു.
മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. കര്‍ണ്ണാടകയിലെ സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പോയ മജിസ്ട്രേറ്റ് സുള്ള്യയിലേക്ക് ഓട്ടോയില്‍ വരികയും അമിതവാടക വാങ്ങാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നടപടിക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും പ്രശ്നത്തലിടപെട്ടു.
വിവരമറിഞ്ഞെത്തിയ സുള്ള്യ പോലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് അമിതവാടക ആവശ്യപ്പെട്ട ഓട്ടോെഡ്രൈവറുടെ പക്ഷം ചേര്‍ന്നത് പ്രശ്നം സങ്കീര്‍ണ്ണമാക്കി. ഇതിനിടെ സുള്ള്യ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മജിസ്ട്രേറ്റിനെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ക്രൂരമര്‍ദനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
മജിസ്ട്രേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിവരം കാസര്‍കോട് പോലീസ് സുള്ള്യ പോലീസിനെ അറിയിച്ചിട്ടുണ്ട്. അവിടെ നിന്നും പോലീസ് ഉദ്യോഗസ്ഥരെത്തി മജിസ്ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. എന്നാല്‍ മജിസ്ട്രേറ്റിന്റെ മൊഴിയെടുക്കാന്‍ ഇതുവരെ സുള്ള്യപോലീസിലെ ആരും വിന്നിട്ടില്ലെന്നാണ് അറിയുന്നത്. അതേ സമയം മജിസ്ട്രേറ്റിന്റെ പരാക്രമം സുള്ള്യ പോലീസ് വീഡിയോയില്‍ ചിത്രീകരിച്ചതായാണ് വിവരം.
Related News:
സുള്ള്യപോലീസ് ക്രൂരമായി മര്‍ദിച്ചെന്നും പെപ്സിയില്‍ മദ്യംകലര്‍ത്തി കുടിപ്പിച്ചെന്നും മജിസ്ട്രേറ്റ്; സി ഐക്ക് പരാതി നല്കി, ചികിത്സതേടി
സുള്ള്യ ടൗണില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്ട്രേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു, സ്റ്റേഷനിലും പരാക്രമം കാട്ടിയതിന് കേസെടുത്തു
മജിസ്ട്രേറ്റിനെതിരെയുള്ള കേസ്: നിയമവൃത്തങ്ങളില്‍ ഞെട്ടല്‍, നടപടിയുണ്ടായേക്കും, ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്കിയതിനാല് വിട്ടയച്ചു
സുള്ള്യയിലെ കേസ്; മജിസ്ട്രേറ്റില്‍ നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു
Keywords: Kasaragod, Police, Complaint, Sullia, Attack, Auto Driver, Custody, Complaint, Hospital, Station.