Praise | മദ്രസകള്‍ തന്നെ മതേതരനാക്കിയെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎൽഎ; 'അവിടെ പഠിപ്പിക്കുന്നത് സ്‌നേഹവും സൗഹൃദവും'; ശ്രദ്ധേയമായി സഅദിയ്യ മീഡിയ സംഗമം
● സഅദിയ്യ മീഡിയ സംഗമം എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു
● ജാമിഅ സഅദിയ്യയുടെ 55ാം വാര്‍ഷികത്തിന്റെ ഭാഗമായായിരുന്നു പരിപാടി
● ' ഇതര മതങ്ങളെ ആദരിക്കാനുള്ള മികച്ച പാഠങ്ങളാണ് മദ്രസകള്‍ നല്‍കുന്നത്'
കാസർകോട്: (KasargodVartha) മദ്രസകള്‍ മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും പാഠശാലകളാണെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ദേളി ജാമിയ സഅദിയ്യയുടെ 55-ാമത് വാര്‍ഷിക സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീഡിയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ ഞാന്‍ പഠിച്ച മദ്രസ പാഠങ്ങളാണ് സമൂഹത്തിന്റെ ഭാഗമാകാന്‍ എന്നെ പാകപ്പെടുത്തിയത്. മദ്രസകളില്‍ സ്‌നേഹവും സൗഹൃദവും ആണ് പഠിപ്പിക്കുന്നത്. ഇതര മതങ്ങളെയും ആശയങ്ങളെയും ആദരിക്കാനുള്ള മികച്ച പാഠങ്ങളാണ് മദ്രസകള്‍ നല്‍കുന്നത്. ഞാന്‍ എന്ന സ്വാര്‍ത്ഥതയില്‍ നിന്ന് നാം എന്ന പൊതുബോധത്തിലേക്ക് എത്താന്‍ മദ്രസ പഠനം എന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ഉദുമ അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സുലൈമാന്‍ കഴിവള്ളൂര്‍ വിഷയാവതരണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ഖാദര്‍ സഅദി, പ്രസ് ക്ലബ് ജനറൽ സെക്രട്ടറി പ്രദീപ് നാരായണന്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍, അബ്ദുസലാം ദേളി, ഖലീല്‍ മാക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. സി എല്‍ ഹമീദ് സ്വാഗതവും നാഷണല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.
#Secularism #NA_Nellikkunnu #KeralaNews #Madrassas #Education #Tolerance