Politics | മധു മുതിയക്കാല്‍ വീണ്ടും സിപിഎം ഉദുമ ഏരിയാ സെക്രടറി; ആക്ഷേപം ഉയർന്ന എ വി ശിവപ്രസാദ് അടക്കം 3 പേരെ കമിറ്റിയിൽ നിന്ന് ഒഴിവാക്കി
● 21 അംഗ പുതിയ ഏരിയാ കമിറ്റി
● നാരായണൻ കുന്നുച്ചി, ആശിഖ് മുസ്ത്വഫ, ഇ കുഞ്ഞിക്കണ്ണൻ പുതിയ അംഗങ്ങൾ
● പൊതുസമ്മേളനം പാലക്കുന്നില്‍
ഉദുമ: (KasargodVartha) മധു മുതിയക്കാലിനെ വീണ്ടും സിപിഎം ഉദുമ ഏരിയാ സെക്രടറിയായി തിരഞ്ഞെടുത്തു. ആക്ഷേപം ഉയർന്ന എ വി ശിവപ്രസാദ് ഉൾപ്പെടെ മൂന്ന് പേരെ ഒഴിവാക്കി. 21 അംഗ പുതിയ ഏരിയ കമിറ്റിയില്‍ നിന്നും പി കെ അബ്ദുല്ല, വി ഗീത, എ വി ശിവപ്രസാദ് എന്നിവരെയാണ് ഒഴിവാക്കിയത്. പകരം നാരായണന്‍ കുന്നുച്ചി, ആശിഖ് മുസ്ത്വഫ, ഇ കുഞ്ഞിക്കണ്ണന്‍ എന്നിവരെ പുതിയ ഏരിയാ കമിറ്റിയിൽ ഉൾപ്പെടുത്തി.
നേരത്തെ ബേക്കൽ ബീച് ഫെസ്റ്റുമായും അനധികൃത സമ്പാദ്യം ഉണ്ടെന്നും പറഞ്ഞ് ശിവപ്രസാസിനെതിരെ പാർടിക്കുള്ളിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ പിന്നീട് പാർടി നേതൃത്വവും ശിവപ്രസാദും ആരോപണങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് ഏരിയ കമിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. 23 പേരെ ജില്ലാ സമ്മേളന പ്രതിനിധികളായും തെരെഞ്ഞടുത്തു.
ഏരിയാ കമിറ്റി അംഗങ്ങൾ: മധു മുതിയക്കാൽ, ടി നാരായണൻ, കുന്നൂച്ചി കുഞ്ഞിരാമൻ, പി മണിമോഹൻ, കെ സന്തോഷ്‌കുമാർ, എം കുമാരൻ, എം ഗൗരി, കെ വി ഭാസ്ക്‌കരൻ, ചന്ദ്രൻ കൊക്കാൽ, വി വി സുകുമാരൻ, എം കെ വിജയൻ, ഇ മനോജ്കുമാർ, വി ആർ ഗംഗാധരൻ, അജയൻ പനയാൽ, പി ശാന്ത, പി ലക്ഷ്‌മി, പി വി രാജേന്ദ്രൻ, സി മണികണ്ഠൻ, ഇ കുഞ്ഞിക്കണ്ണൻ, ആഷിഖ് മുസ്‌തഫ, നാരായണൻ കുന്നുച്ചി.
കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ സുരക്ഷ കടൽ ഭിത്തി നിർമിച്ച് തീരദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളിലെ തീരദേശവാസികൾ കടലാക്രമണത്താൽ വലിയ ദുരിതം അനുഭവിക്കുന്നു. കടലാക്രമണത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളും നഷ്ടപ്പെടുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തെ മറി കടക്കാൻ കടൽക്ഷോഭമുള്ള പ്രദേശങ്ങളിൽ അടിയന്തരമായി സുരക്ഷ കടൽ ഭിത്തി പണിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പാലക്കുന്ന് കോട്ടിക്കുളം, ഉദുമ എന്നിവിടങ്ങളിൽ റെയിൽവേ മേൽപാലങ്ങൾ നിർമ്മിക്കുക, കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികൾ നികത്തുക, ഉദുമ തുണിമില്ലിന്റെ പ്രവർത്തനം പാനൽ മെച്ചപ്പെടുത്തി അമിത വൈദ്യുതി ബിൽ ഒഴിവാക്കാൻ സോളാർ പാനൽ സ്ഥാപിക്കുക, പള്ളിക്കര, കോട്ടിക്കുളം റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംഘടനാ റിപോർടിൽ ജില്ലാ സെക്രടറി എം.വി. ബാലകൃഷ്ണനും പ്രവർത്തന റിപോർടിൽ ഏരിയാ സെക്രടറി മധു മുതിയക്കാലും മറുപടി പറഞ്ഞു. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, വി വി രമേശൻ, എം സുമതി, കെ കുഞ്ഞിരാമൻ, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. അജയൻ പനയാൽ ക്രഡഷ്യൽ റിപോർട് അവതരിപ്പിച്ചു. ചന്ദ്രൻ കൊക്കാൽ നന്ദി പറഞ്ഞു.
പാലക്കുന്ന് മീൻ മാർകറ്റ് പരിസരം കേന്ദ്രീകരിച്ച് നടന്ന റെഡ് വളണ്ടിയർ മാർച്ചും പൊതുപ്രകടനവും നടന്നു. ഉദുമ പി രാഘവൻ നഗറിൽ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രടറി മധു മുതിയക്കാൽ അധ്യക്ഷനായി. നാസർ കോളായി പ്രഭാഷണം നടത്തി. കെ സന്തോഷ് സ്വാഗതം പറഞ്ഞു.
#CPM #KeralaPolitics #Uduma #MadhuMuthiyakkal #PoliticalNews #Kerala