city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദ്ഘാടനത്തിനൊരുങ്ങി വനിതാ ഹോസ്റ്റല്‍, സൗജന്യ ഫാഷന്‍ ഡിസൈനിംഗ് കോഴ്സ്, ഗതാഗതം നിരോധിച്ചു; വായിക്കാം കാസര്‍കോട്ടെ പ്രാദേശിക വാര്‍ത്തകള്‍

ഉദ്ഘാടനത്തിനൊരുങ്ങി വനിതാ ഹോസ്റ്റല്‍

കാസര്‍കോട്:  (www.kasargodvartha.com 04.03.2020)വികസനപാക്കേജില്‍ നിര്‍മ്മിക്കുന്ന വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. അഞ്ച്  കോടി രൂപാ ചിലവില്‍  നിര്‍മ്മിച്ച ഹോസ്റ്റലില്‍ 120 പേര്‍ക്ക്  താമസിക്കാം. 24 മണിക്കൂറുമുളള സെക്യൂരിറ്റി, സി സി ടി വി സൗകര്യം, വിശാലമായ ലൈബ്രറി, പഠനമുറി, പ്രത്യേകം യോഗ പരിശീലന സൗകര്യം, എല്‍.ഇ.ഡി പ്രൊജക്ടര്‍ അടക്കമുളള കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ഹോസറ്റല്‍ നിര്‍മ്മിച്ചത്. മിനി പാര്‍ക്ക്, പൂന്തോട്ടം, ഗ്രിഡ് അധിഷ്ഠിത സോളാര്‍ പാനലുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഹോസറ്റലിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട് . ഇരട്ട കെട്ടിട (ട്വിന്‍ ബില്‍ഡിംഗ്) മാതൃകയില്‍ നിര്‍മ്മിച്ച ഹോസ്റ്റലില്‍ കുടുംബശ്രീയുടെ പ്രത്യേക പരിശീലനം ലഭിച്ചതും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതുമായ കാന്റീനും ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കണ്‍വീനരുമായ കമ്മിറ്റിക്കാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തന മേല്‍നോട്ടം.

വനിതാ ഹോസ്റ്റലില്‍ താമസിക്കാന്‍ അപേക്ഷിക്കാം

രണ്ടു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും മൂന്ന് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും അടക്കം 120 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് ഹോസ്റ്റല്‍ ഒരുക്കിയിട്ടുള്ളത്. ഹോസ്റ്റലില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കും താമസ സൗകര്യത്തിനായി അപേക്ഷ നല്‍കാം. അപേക്ഷാ ഫോം കളക്ടറേറ്റ് എം സെക്ഷനില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256266,9446494919                             

ഉദ്യോഗസ്ഥരായായ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക ലക്ഷ്യം: കളക്ടര്‍

ഉദ്യോഗസ്ഥരായായ സ്ത്രീകള്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കും പൂര്‍ണ സുരക്ഷിതത്വവും ആരോഗ്യപരമായ താമസ സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.ഡി.പി വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റല്‍ നിര്‍മ്മിച്ചിട്ടുളളതെന്നും സ്ത്രീകള്‍ക്കുളള ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനുളള സൗകര്യങ്ങളും ഹോസ്റ്റലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കള്ക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.

ഏകദിന നവീകരണ ശില്‍പശാല സംഘടിപ്പിച്ചു

വനിതാ -ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തില്‍ ശൈശവ പൂര്‍വ്വകാല പരിചരണവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ഏകദിന നവീകരണ ശില്‍പശാല സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തോട് പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കാന്‍ രക്ഷിതാക്കളേക്കാള്‍ ഉത്തരവാദിത്വമുള്ളവരാണ് ഓരോ അങ്കണവാടി അധ്യാപകരുമെന്ന് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അങ്കണവാടി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ 85 പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

നാഷണല്‍ ഇ സി സി ഇ പോളിസി 2013 എന്ന വിഷയത്തില്‍ കാസര്‍കോട് വനിതാ -ശിശുക്ഷേമ വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്തും, ആധുനിക സമൂഹത്തില്‍ അങ്കണവാടി അധ്യാപകരുടെ പ്രാധാന്യം എന്ന വിഷയത്തില്‍ എം മഹേഷ് കുമാറും ക്ലാസെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍്പശാലയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗൗരി, കാഞ്ഞങ്ങാട് സി ഡി പി ഒ മേരി പുഷ്പ ജയന്തി, മടിക്കൈ ഗ്രാമ പഞ്ചായത്ത് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ബിന്ദു  എന്നിവര്‍ പങ്കെടുത്തു. അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ജേതാവും ചെറിയാക്കര ജി യു പി സ്‌കൂള്‍ അധ്യാപകനുമായഎം മഹേഷ് കുമാറിനെ ആദരിച്ചു.

പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലയില്‍ സമഗ്രവികസനം; മാതൃകയാക്കാം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ

സാമ്പത്തിക പരാധീനതകള്‍ ഇനി കാഞ്ഞങ്ങാട് ബ്ലോക്കിലെ കുട്ടികളുടെ പഠനത്തിന് വെല്ലുവിളിയാകില്ല. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ തണലില്‍ അറിവിന്റെ വെളിച്ചമെത്തിയത് നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ്. ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചും ലൈഫ്, പി.എം.എ വൈ വീടുകള്‍ കൂടുതല്‍ അനുവദിച്ചും കോളനികളില്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലയില്‍ നടപ്പാക്കുന്നത് സമഗ്രവികസനമാണ്. വിദ്യാര്‍ഥികള്‍ക്ക് മെറിട്ടോറിയം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി 45 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് നടപ്പ് പദ്ധതിയില്‍ വകയിരുത്തി. 44 ലക്ഷം രൂപ പഠനമുറി നിര്‍മ്മാണത്തിനായി അനുവദിച്ചു. പട്ടികജാതി വിഭാഗത്തില്‍ 10 കുട്ടികള്‍ക്കും പട്ടിവര്‍ഗ്ഗ വിഭാഗത്തില്‍ 12 കുട്ടികള്‍ക്കും പഠനമുറി നല്‍കി.

93 കുടുംബങ്ങള്‍ക്ക് സ്വന്തം വീട്

അടച്ചുറപ്പുള്ള വീട് സ്വപ്നം കണ്ട് നടന്നിരുന്ന എസ്.സി എസ്.ടി വിഭാഗങ്ങളില്‍ പെട്ട  93 കുടുംബങ്ങള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. എസ്.ടി ആറ് ലക്ഷം രൂപ ചിലവില്‍ വിഭാഗത്തില്‍ 65 വീടുകളും എസ്.സി വിഭാഗത്തില്‍ നാല് ലക്ഷം രൂപ ചിലവില്‍ 28 വീടുകളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഉദുമ പഞ്ചായത്തിലെ കാനത്തുംതട്ട, ആര്യനടുക്കം കോളനികളിലും മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ട്, അടുക്കത്ത്പറമ്പ് എന്നീ കോളനികളില്‍ കുടിവെള്ള പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയായി.  മടിക്കൈ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി ഹാളും ലൈബ്രറിയും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.ടി വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്നു. പെരിയ സി.എച്ച്.സിയില്‍ എക്‌സ് റേ, ലാബ് സൗകര്യങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്.

അടുത്ത ലക്ഷ്യം പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റല്‍: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ബങ്കളത്ത് 30 ആണ്‍ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനാവശ്യമായ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഓരോ കര്‍മ്മ പദ്ധതികളിലും നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  പഞ്ചായത്ത് ഫണ്ട് നീക്കിവെക്കാറുണ്ടെന്നും ഇതിന് പുറമേ 30 പെണ്‍കുട്ടികള്‍ക്കുകൂടി താമസിച്ച് പഠിക്കാനാവശ്യമായ പ്രീമെട്രിക് ഹോസ്റ്റല്‍ കൂടി ബ്ലോക്ക് പഞ്ചായത്തില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.

രുചി രഥം യാത്രക്ക് തുടക്കമായി

ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പരിചയപ്പെടുത്തുന്ന രുചി രഥം ഭക്ഷണം വണ്ടിയുടെ യാത്രയ്ക്ക് തുടക്കമായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ വി രാംദാസ്, രുചി രഥം യാത്ര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി  എം ഒ, ഡോ. എ ടി മനോജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ്, ജില്ല ആശുപത്രി സുപ്രണ്ട് കെ വി പ്രകാശ് എന്നിവര്‍  സംബന്ധിച്ചു.
ആരോഗ്യകരമായ നാടന്‍  വിഭവങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി  അത്  തയാറാക്കുന്ന  വിധം  പരിചയപ്പെടുത്ത അത് അവരുടെ  ശീലമായി വളര്‍ത്തി എടുക്കുവാനാണ് പരിപാടി ലക്ഷ്യമിടുന്നത്. ഉദൈഫ് മുഹമ്മദ്, മൃദുല രാജീവ്, പ്രതീഷ് മോന്‍, ശ്രുതി കെ, കമല്‍  കെ.ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ജില്ലാ എംപ്ളോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് ആറിന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. മൈക്രോബയോളജി, ബയോകെമിസ്ട്രി, മാത്സ് സോഷ്യല്‍, പൊളിറ്റിക്സ്,ഹിസ്റ്ററി, ഹിന്ദി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അധ്യാപക തസ്തികയിലേക്കും ഫോട്ടോഷോപ്പ്/ ഗ്രാഫിക് ഡിസൈനിങില്‍ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഡിസൈനര്‍ തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയില്‍  പങ്കെടുക്കാം.ഫോണ്‍ 04994297470/ 9207155700

കുംബഡാജെ പഞ്ചായത്ത് വികസന സെമിനാര്‍ 5ന്

കുംബഡാജെ ഗ്രാമപഞ്ചായത്തില്‍  2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 11 ന് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ഫാത്വിമത്ത് സുഹറ ഉദ്ഘാടനം ചെയ്യും. കുംബഡാജെ ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശരേഖ 2020 പ്രകാശനവും സെമിനാറില്‍ നടക്കും.

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേയ്ക്ക് വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്.സി., എം.എസ്.സി., പി. എച്ച്.ഡി., യോഗ്യതയുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), എമര്‍ജന്‍സി, ജനറല്‍ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം  മാര്‍ച്ച് 16 മുതല്‍ 20 വരെ ബെംഗളൂരുവില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 12 നകം www.norkaroots.org ലൂടെ അപേക്ഷിക്കണം.കൂടുതല്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്സ്

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്സിന് അപേക്ഷിക്കാം. 20 നും 45 നും ഇടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് മാര്‍ച്ച് 20നകം അപേക്ഷിക്കാം. ബി പി എല്‍ വിഭാഗക്കാര്‍ക്ക് ആണ് മുന്‍ഗണനയുണ്ട്. ഫോണ്‍  0467 2268240

ദിശാ യോഗം

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണവും പുരോഗതിയും വിലയിരുത്തുന്നതിനായി രൂപീകരിച്ച ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (ദിശാ) യോഗം മാര്‍ച്ച് 21 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

മണ്ണെണ്ണ പെര്‍മിറ്റ്: മത്സ്യത്തൊഴിലാളികളുടെ വള്ളവും എന്‍ജിനും സംയുക്ത പരിശോധന

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി വള്ളവും എഞ്ചിനും ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി മാര്‍ച്ച് 15 ന്  രാവിലെ എട്ടു മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും.പടന്ന കടപ്പുറം, അഴിത്തല ബോട്ട് ജെട്ടി, തൈക്കടപ്പുറം സ്റ്റോര്‍, കാഞ്ഞങ്ങാട് കടപ്പുറം (നവോദയ ക്ലബ്ബിന് സീപം) അജാനൂര്‍ ഫിഷ് ലാന്റിംഗ് സെന്റര്‍,ബേക്കല്‍ ഫിഷറീസ് യു.പി സ്‌ക്കൂളിന് സമീപം, തൃക്കണ്ണാട് കടപ്പുറം, കീഴൂര്‍ കടപ്പുറം,കസബ കടപ്പുറം (ഫിഷറീസ് ഓഫീസ് കോംപ്ലക്സ്) കസബ കടപ്പുറം (ഫിഷറീസ് സ്‌ക്കൂള്‍ പരിസരം), കുമ്പള ആരിക്കാടി കടവത്ത, ഉപ്പള മൂസോഡി അദീക്ക, മേശ്വരം ഹൊസബേട്ടു കടപ്പുറം തുടങ്ങിയവയാണ് ജില്ലയിലെ  പരിശോധനാ കേന്ദ്രങ്ങള്‍. 10 വര്‍ഷം വരെ പഴക്കമുള്ള (2010 ജനുവരി 01 മുതല്‍ 2020 വരെ വാങ്ങിയിട്ടുള്ള പ്രവര്‍ത്തനക്ഷമമായ എഞ്ചിനുകള്‍) എഞ്ചിനുകള്‍ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അപേക്ഷ ഫോം മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസ്, മത്സ്യഭവന്‍ ഓഫീസ്, മത്സ്യഫെഡ് പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഓരോ എഞ്ചിനും പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കണം.സംയുക്ത പരിശോധനയില്‍ വള്ളവും എഞ്ചിനും ഒരുമിച്ച് ഹാജരാക്കാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല.

വനിതാ ദിനാചരണം: ബോധവത്കരണ സെമിനാര്‍ 5ന്

അന്താരാഷ്ട്ര വനിതാദിനവാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് അഞ്ചിന് വൈകുന്നേരം മൂന്ന്  മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബശ്രീയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സ്ത്രീ ശാക്തീകരണ പരിപാടി എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണ സെമിനാറുകള്‍ നടത്തും. പുരുഷന്റെ കാഴ്ചപാടിലെ സ്ത്രീയും, സ്ത്രീയുടെ ശാക്തീകരണവും എങ്ങനെ  വേണമെന്നും ഏറ്റവും സ്വാധീനിച്ച സ്ത്രീയേയും ക്കുറിച്ചും സമൂഹത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പുരുഷന്മാര്‍  സെമിനാറില്‍  പ്രതികരിക്കും.

രജിസ്ട്രേഷന്‍ പുതുക്കാന്‍ ഹാജരാകണം

സര്‍ക്കാര്‍ ഉത്തരവ് (സാധാ) നമ്പര്‍ 1427/2019/തൊഴില്‍ തീയതി 2019 നവംബര്‍ 20  പ്രകാരം റദ്ദായ രജിസ്ട്രേഷന്‍ പുതുക്കുന്നതിനായി 2019 ഡിസംബര്‍ ഒന്നുമുതല്‍ 2020 ജനുവരി 31 വരെയുളള കാലയളവില്‍ അപേക്ഷ സമര്‍പ്പിച്ച്  ഫെബ്രുവരി 29 നകം കാസര്‍കോട് , ഹോസ്ദുര്‍ഗ്ഗ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരാകുന്നതിന് നിര്‍ദേശം ലഭിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികളില്‍ ഇതുവരെ  ഹാജരാകാത്തവര്‍ മാര്‍ച്ച് 13 നകം    കാസറകോട് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലും, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായി നേരിട്ട് ഹാജരാകണം.  ഹാജരാകാത്തവരുടെ അപേക്ഷകള്‍ മറ്റൊരറിയിപ്പ് കൂടാതെ അസാധുവാക്കുമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

ലേലം

ദേലമ്പാടി വില്ലേജില്‍പ്പെട്ട റി.സ.നമ്പര്‍  438/1 C 7 യില്‍ പ്പെട്ട സര്‍ക്കാര്‍  ഭൂമിയിലെ അപകടാവസ്ഥയിലുളള താന്നി മരം മാര്‍ച്ച് 12 ന് രാവിലെ 11.30 ന് ദേലമ്പാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

ഗതാഗതം നിരോധിച്ചു

കാഞ്ഞങ്ങാട് ടി.ബി ശവപറമ്പ- കൊട്രച്ചാല്‍ റോഡിന്റെ (പുതിയകോട്ട മിനി സിവില്‍സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ കുശാല്‍ നഗര്‍ ശവപറമ്പറോഡ് ജംഗ്ഷന്‍ വരെ) അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച ഏഴ് മുതല്‍ ഈ ഭാഗത്ത് കുടിയുളള ഗതാഗതം നിരോധിച്ചു. ഈ ഭാഗത്ത് കൂടി പോകുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി ജംഗ്ഷനില്‍നിന്നും റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി കടന്ന് മീനാപ്പീസ് ജംഗ്ഷനില്‍ നിന്നും ഇടത് ഭാഗത്തുകൂടി ഹോസ്ദുര്‍ഗ്ഗ് കടപ്പുറം വഴി മുനിസിപ്പാലിറ്റി റോഡിലുടെ വന്ന് ടി.ബി.ശവപറമ്പ റോഡില്‍ പ്രവേശിക്കണം. തിരിച്ചുവരുന്ന വാഹനങ്ങളും ഇതേ റൂട്ടില്‍ കൂടി വരണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയവിദ്യാലയം -രണ്ടിന്റെ കെട്ടിടം പെയിന്റ് ചെയ്യുന്നതിന്  ഗവണ്‍മെന്റ് രജിസ്ട്രേഷനുളള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  താല്പര്യമുളളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ടെന്‍ഡറുകള്‍ മാര്‍ച്ച് 14 നകം ലഭിക്കണം. ഫോണ്‍ 04994 256788.

കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയവിദ്യാലയ (നമ്പര്‍-രണ്ടില്‍ )ത്തില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് ഗവണ്‍മെന്റ് രജിസ്ട്രേഷനുളള കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. താല്പര്യമുളളവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം.ടെന്‍ഡറുകള്‍ മാര്‍ച്ച് 14 നകം ലഭിക്കണം.ഫോണ്‍ 04994 256788.

വാഹനം പിടികൂടി

മഞ്ചേശ്വരം താലൂക്കില്‍ കയ്യാര്‍ ഗ്രൂപ്പ് വില്ലേജില്‍ ലെങ്കിനടുക്കയില്‍ അനധികൃത ചെങ്കല്‍ ക്വാറിയില്‍ നിന്നും കാസര്‍കോട് ് ആര്‍ ഡി ഒ  ടി.ആര്‍.അഹമ്മദ് കബീര്‍ കെല്‍. ക4 ഡബ്യു 9669 വാഹനം കസ്റ്റഡിയില്‍ എടുത്ത് കുമ്പള പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു

ഉദ്ഘാടനത്തിനൊരുങ്ങി വനിതാ ഹോസ്റ്റല്‍, സൗജന്യ ഫാഷന്‍ ഡിസൈനിംഗ് കോഴ്സ്, ഗതാഗതം നിരോധിച്ചു; വായിക്കാം കാസര്‍കോട്ടെ പ്രാദേശിക വാര്‍ത്തകള്‍


Keywords: Kasaragod, Kerala, news, inauguration, Library, class, Conference, solar-products, Kudumbasree,  Women, Local news of Kasaragod 04-03-2020

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia