Issues | അശാസ്ത്രീയ വികസനത്തില്‍ വീര്‍പ്പുമുട്ടി കുമ്പള നഗരം; ദുരിതത്തിലായി ജനം
● ഓടോ റിക്ഷ സ്റ്റാന്‍ഡ് പോലും കുമ്പള നഗരത്തില്‍ ഇല്ല.
● വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യം ഇല്ല.
● കച്ചവടക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു.
● പുരോഗതിയിലേക്കെത്താന്‍ ഒരുപാട് കടമ്പകള്‍ ബാക്കി.
കുമ്പള: (KasargodVartha) പഞ്ചായതിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ കുമ്പള ടൗണ്‍ അശാസ്ത്രീയ വികസനത്തില്‍ വീര്‍പ്പുമുട്ടുന്നു. ഇത് കാരണം പൊതുജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. പഴയ ബസ് സ്റ്റാന്‍ഡ് പൊളിച്ച് കളഞ്ഞ് വര്‍ഷങ്ങളായെങ്കിലും പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് ഇതുവരെ നിലവില്‍ വന്നിട്ടില്ല.
ബസ് സ്റ്റാന്‍ഡ് നിലനിന്നിരുന്ന സ്ഥലത്ത് യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. വര്‍ഷങ്ങളായി ബസ് സ്റ്റാന്‍ഡിനകത്ത് ബസ് കയറുന്നത് വളരെ അപകടം പിടിച്ച അവസ്ഥയിലാണ്. സ്ത്രീകളും കുട്ടികളും മറ്റുള്ളവരും ബസ് കയറുന്നതും ഇറങ്ങുന്നതും തീരെ സൗകര്യമില്ലാത്ത സ്ഥലത്താണ്.
വൈകുന്നേരം ഏഴുമണി കഴിഞ്ഞാല്‍ കുറച്ച് ദൂരം നടന്നുവേണം ദേശീയപാതയില്‍ ചെന്ന് ബസ് കയറാന്‍. അവിടെയും ഗതാഗതക്കുരുക്ക് നേരിടുന്ന പ്രദേശം കൂടിയാണ്. നേരെയുള്ള ഒരു ഓടോ റിക്ഷ സ്റ്റാന്‍ഡ് പോലും കുമ്പള നഗരത്തില്‍ ഇല്ല. ഓടോ റിക്ഷ തൊഴിലാളികളും സ്റ്റാന്‍ഡ് ഇല്ലാത്തത് കാരണം പ്രയാസം അനുഭവിക്കുന്നു. നിര്‍ത്തിയിടാന്‍ സൗകര്യം ഇല്ലാത്തത് കാരണം കടകളുടെ മുമ്പിലും മറ്റുമാണ് സ്വകാര്യ വാഹനങ്ങളും ബസുകളും നിര്‍ത്തിയിടുന്നത്. ഇത് കച്ചവടക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു.
നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കുമ്പള ടൗണില്‍ രണ്ട് പ്രധാന ആശുപത്രി ക്ലിനികുകള്‍, സര്‍ക്കാര്‍ ആശുപത്രി, സര്‍കാര്‍ സ്‌കൂളുകള്‍, സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി പ്രദേശങ്ങളില്‍ നിന്നും എത്തുന്ന പൊതുജനങ്ങള്‍ ബസ് കയറാനും ഇറങ്ങാനും ഏറെ പ്രയാസം അനുഭവിക്കുന്നു.
കുമ്പള ഇനിയും പുരോഗതിയിലേക്കെത്താന്‍ ഒരുപാട് കടമ്പകള്‍ ബാക്കികളുണ്ട്. യാത്രക്കാര്‍ക്ക് അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ശൗചാലമോ നേരെയുള്ള ഒരു വിശ്രമ കേന്ദ്രമോ കുമ്പള ടൗണില്‍ ഇല്ല.
പേരാല്‍ കണ്ണൂര്‍ - സീതാംഗോളി- ബദിയടുക്ക - പെര്‍ള ഭാഗത്തേക്ക് ഏറെ സമയം കഴിഞ്ഞാണ് ബസ് ഉള്ളത്. യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് പ്രയാസം ഇരട്ടിയാക്കുന്നു. കുമ്പള നഗരത്തില്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗം മൂസ അട്ക്ക ആവശ്യപ്പെട്ടു.
#kumbla #urbandevelopment #kerala #infrastructure #publictransport #development