Delay | കോട്ടിക്കുളം റെയിൽവേ മേൽപാലം: നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
● 25 വർഷം മുൻപ് ആരംഭിച്ച പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല.
● റെയിൽവേ അനുമതി നൽകിയിട്ടും ടെൻഡർ നടപടികൾ വൈകുന്നു.
● പദ്ധതിയുടെ 50% തുക കേരള സർക്കാരും 50% റെയിൽവേയും വഹിക്കേണ്ടതാണ്.
● ഏപ്രിൽ 15ന് പാലക്കുന്നിൽ ധർണ സംഘടിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
ഉദുമ: (KasargodVartha) 25 വർഷം മുമ്പ് പ്രാരംഭ നടപടികൾ ആരംഭിച്ച കോട്ടിക്കുളം റെയിൽവേ മേൽപാലം നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്താൻ യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കോട്ടിക്കുളം ആർഒബിക്ക് വേണ്ടി റെയിൽവേ ഒരു ഏക്കറോളം സ്ഥലം 20 വർഷം മുൻപ് ഏറ്റെടുത്തെങ്കിലും സംസ്ഥാന സർക്കാർ തുടർ നടപടികൾ എടുക്കാത്തതിനാൽ റെയിൽവേയുടെ പിങ്ക് ബുക്കിൽ നിന്നും ഈ പദ്ധതി ഒഴിവാക്കിയിരുന്നതായാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
തുടർന്ന്, രാജ് മോഹൻ ഉണ്ണിത്താൻ എംപി പാർലമെൻ്റിൽ ഈ വിഷയം ഉന്നയിക്കുകയും ആക്ഷൻ കമ്മിറ്റിയുടെ ശ്രമഫലമായി റെയിൽവേ പിങ്ക് ബുക്കിൽ പുനഃസ്ഥാപിക്കുകയും ചെയ്തു. 2023 ജനുവരി 13ന് റെയിൽവേ അന്തിമ അനുമതി നൽകുകയും ചെയ്തു. കേരള സർക്കാരിന് റെയിൽവേ ഭൂമി യാതൊരു തുകയും ഈടാക്കാതെ വിട്ടുനൽകിയിരുന്നു. പദ്ധതിയുടെ 50% തുക കേരള സർക്കാരും 50% റെയിൽവേയും വഹിക്കേണ്ടതാണ്. ഈ പദ്ധതിയുടെ കരാർ ചുമതല ആർ.ബി.ഡി.സി.കെ-യ്ക്കാണ്.
അന്തിമ അനുമതി ലഭിച്ചിട്ടും 27 മാസമായി ടെണ്ടർ നടപടികൾ പൂർത്തീകരിക്കാൻ കേരള സർക്കാരിന് സാധിച്ചിട്ടില്ല. ആദ്യം വിളിച്ച ടെണ്ടറിൽ ആരും പങ്കെടുക്കാത്തതിനെ തുടർന്ന് റീടെണ്ടറിൽ എറണാകുളം ആസ്ഥാനമായ ഒരു കമ്പനി ടെണ്ടർ വിളിച്ചു. എന്നാൽ, കമ്പനി എസ്റ്റിമേറ്റ് തുകയെക്കാളും 22 ശതമാനം അധികം തുക ക്വോട്ട് ചെയ്തതിനാൽ മന്ത്രിസഭാ തീരുമാനം ആവശ്യമായി വന്നു. ഇതിനായുള്ള നടപടികൾ എട്ട് മാസമായിട്ടും സ്ഥലം എംഎൽഎ മുൻകൈയെടുത്ത് പൂർത്തിയാക്കിയിട്ടില്ലെന്നും യോഗം ആരോപിച്ചു.
റെയിൽവേ ആക്ഷൻ കമ്മിറ്റി യോഗത്തിൽ ധനമന്ത്രി അംഗീകരിച്ച് ഒപ്പുവെച്ചു എന്ന് എംഎൽഎ അറിയിച്ചത് വസ്തുതാ വിരുദ്ധമാണെന്ന് ആക്ഷൻ കമ്മിറ്റി കണ്ടെത്തുകയും ചെയ്തതായും ടെണ്ടർ തുറന്നിട്ട് 27 മാസമായിട്ടും പണി തുടങ്ങാൻ സാധിക്കാത്തത് എംഎൽഎയുടെ വലിയ വീഴ്ചയാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലയുടെ ടൂറിസം ഹബ്ബായ ഉദുമ പഞ്ചായത്തിലെ കോട്ടിക്കുളം മേൽപ്പാലത്തിൻ്റെ അനിവാര്യത കണക്കിലെടുക്കാതെ അനുമതി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉദുമ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഏപ്രിൽ 15ന് വൈകുന്നേരം നാല് മണിക്ക് പാലക്കുന്നിൽ ധർണ സംഘടിപ്പിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ഡിസിസി മുൻ പ്രസിഡൻ്റ് ഹക്കീം കുന്നിൽ ധർണ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ് അധ്യക്ഷത വഹിച്ചു. കൺവീനർ ബി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെഇഎ ബക്കർ, പഞ്ചായത്ത് യുഡിഎഫ് നേതാക്കളായ വി ആർ വിദ്യാസാഗർ, ഗീതാ കൃഷ്ണൻ, ശ്രീധരൻ വയലിൽ, എംഎച്ച് മുഹമ്മദ് കുഞ്ഞി, പ്രഭാകരൻ തെക്കേക്കര, കാദർ കാതീം, ഉദയമംഗലം സുകുമാരൻ, ബി കൃഷ്ണൻ, സുബൈർ കേരള, താജുദ്ധീൻ കോട്ടിക്കുളം, അബ്ദുൾ റഹിമാൻ കറാമ, കാപ്പിൽ സിയാസ് കമലാക്ഷൻ, പി.പി.ശ്രീധരൻ, അമ്പാടി ഉദയ മംഗലം, വാസുമാങ്ങാട്, അബ്ദുൾ സലാം, കളനാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൈനബ അബൂബക്കർ, ചന്ദ്രൻ നാലാം വാതുക്കൽ, സുനിൽ കുമാർ, ബഷീർ പാക്യാര, നഫീസ പാക്യാര, ശകുന്തള, ബിന്ദുസുധൻ, ഹാരിസ് അങ്കക്കളരി, ജാസ്മീൻ തുടങ്ങിയവർ സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
UDF's Uduma Panchayat Committee has decided to launch a protest against the delay in the construction of the Kottikulam Railway Overbridge, which has been pending for 25 years.
#Kottikulam, #RailwayOverbridge, #UDFProtest, #KeralaDevelopment, #Kasargod, #InfrastructureDelay