Policy | മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പഠിച്ച പാരാമെഡിക്കൽ വിദ്യാർഥികൾക്ക് കേരളത്തിൽ രജിസ്ട്രേഷൻ ലഭിക്കാൻ വഴിയൊരുങ്ങുന്നു; എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ഇടപെടൽ
● കേരള സംസ്ഥാന അലൈഡ് ഹെൽത്ത് കെയർ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്
● കൗൺസിലിന്റെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ വിഷയം പരിഗണിക്കും
● ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അറിയിച്ചത്
കാസർകോട്: (KasargodVartha) കേരളത്തിൽ പാരാമെഡിക്കൽ രംഗത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഠിച്ച വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിന് വഴിയൊരുങ്ങുന്നു. നിലവിൽ രൂപീകരിച്ച കേരള സംസ്ഥാന അലൈഡ് ഹെൽത്ത് കെയർ കൗൺസിൽ പൂർണമായും പ്രവർത്തനക്ഷമമാകുന്ന മുറക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പഠിച്ച പാരാമെഡിക്കൽ വിദ്യാർത്ഥികൾക്ക് കൗൺസിൽ രജിസ്ട്രേഷൻ നൽകുന്ന വിഷയം പരിഗണിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.
ഈ വിഷയത്തിൽ ഇടപെട്ട് എൻഎ നെല്ലിക്കുന്ന് എംഎൽഎ അയച്ച കത്തിനുള്ള മറുപടിയിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിലെ കോഴ്സുകൾക്ക് അഫിലിയേഷൻ നൽകുന്നതിനോ രജിസ്റ്റർ ചെയ്യുന്നതിനോ ഒരു റഗുലേറ്ററി ബോഡി ഇല്ലാത്തതിനാൽ, സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അംഗീകരിക്കുന്നതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നു.
2022 ൽ സംസ്ഥാന സർക്കാർ, മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് കേരള പാരാമെഡിക്കൽ രജിസ്ട്രേഷൻ നൽകുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഈ നിർദേശം നടപ്പിലാക്കുന്നതിൽ ചില തടസങ്ങൾ ഉണ്ടായതിനാൽ, കൗൺസിൽ രൂപീകരണത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്.
#Kerala #paramedical #healthcare #registration #India #policy