Relief | നീലേശ്വരം അപകടം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ചികിത്സാ ചിലവ് സർകാർ വഹിക്കുമെന്ന ഉത്തരവ് പുറത്തിറങ്ങി; 81 പേർ ഇപ്പോഴും ആശുപത്രികളിൽ
● മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം
● ഒക്ടോബർ 28-ന് രാത്രിയാണ് അപകടം ഉണ്ടായത്
● 150 പേർക്ക് പരുക്കേറ്റു
● നാല് പേർ മരിച്ചു
കാസർകോട്: (KasargodVartha) നാല് പേരുടെ മരണത്തിനും 150 പേർക്ക് പൊള്ളലേല്‍ക്കുന്നതിനും ഇടയായ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിപ്പുര അപകടം കേരള സർകാർ പ്രത്യേക സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഈ തീരുമാനത്തോടെ അപകടത്തിൽ പെട്ടവർക്ക് സർകാർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമായി.
കാസർകോട് ജില്ലാ കലക്ടർക്ക്, പരുക്കേറ്റവർക്ക് അവരുടെ പരുക്കിന്റെ തോത് അടിസ്ഥാനമാക്കി ആശുപത്രിയിൽ ചികിത്സയ്ക്കായി സഹായം നൽകാൻ അധികാരം നൽകിയിട്ടുണ്ട്. കൂടാതെ, ജില്ലാഭരണകൂടം നടത്തിയ അടിയന്തര നടപടികളുടെ ചിലവും സർകാർ വഹിക്കും. സംസ്ഥാന സർകാർ അപകടത്തിൽപ്പെട്ടവരുടെ ചികിത്സാ ചെലവുകൾ വഹിക്കുമെന്ന തീരുമാനം നേരത്തെ ഉണ്ടായിരുന്നെങ്കിലും, ഇതിനുള്ള ഉത്തരവ് ഇറങ്ങിയില്ലെന്ന വിമർശനം ഉയർന്നിരുന്നു.
പൊള്ളലേറ്റവരുടെയും മരിച്ചവരുടെയും ചികിത്സാ ചിലവുകൾ സംബന്ധിച്ച കൃത്യമായ ഉത്തരവും തുകയും എത്താത്തതിനാല്‍ ഏതു രീതിയിലാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നായിരുന്നു റിപോർടുകൾ. എന്നാൽ, പുതിയ തീരുമാനത്തോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസർകോട് ജില്ലാ കലക്ടർ വിശദമായ നിർദേശം സമർപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം സംസ്ഥാന സർകാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 28-ന് രാത്രിയാണ് അപകടം ഉണ്ടായത്. 154 ആളുകള്‍ പൊള്ളലേറ്റ് ആശുപത്രിയിലായി. ഇതില്‍ കുറെ ആളുകള്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം ഡിസ്ചാർജ് വാങ്ങി വീടുകളിലേക്ക് പോയി. ഗുരുതരമായി പൊള്ളലേറ്റവർ അടക്കം 102 പേരാണ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞത്. നാല് മരണമാണ് ഇതുവരെ റിപോർട് ചെയ്തത്.
നിലവിൽ 81 പേർ ആശുപത്രിയിലുണ്ട്. കണ്ണൂർ, കാസർകോട് , കോഴിക്കോട് ജില്ലകളിലെയും മംഗ്ളുറിലെയും 13 ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചിരുന്നത്.
#NileshwaramAccident #Kerala #DisasterRelief #GovernmentAid