Drug Awareness | 'കുട്ടികളെ ടൂറിനല്ല കൊണ്ടു പോകേണ്ടത്; ജയിലറയും ഭ്രാന്താശുപത്രിയും കാണിച്ച് ഭയപ്പെടുത്തണം'; മയക്കുമരുന്നിനെതിരെ കാസർകോട്ടെ യുവാവിൻ്റെ വൈറൽ വീഡിയോ
● 'നിലവിലെ ബോധവത്കരണങ്ങൾ പ്രഹസനങ്ങൾ മാത്രം'.
● 'രാഷ്ട്രീയക്കാർ മുതലെടുപ്പിനായി കണ്ണീർ ഒഴുക്കുന്നു'.
● 'യഥാർത്ഥ കാഴ്ചകൾ കുട്ടികളെ തെറ്റായ വഴിയിൽ നിന്നും രക്ഷിക്കും'.
കാസർകോട്: (KasargodVartha) കുട്ടികളെ വർഷംതോറും ടൂറിനല്ല കൊണ്ടു പോകേണ്ടതെന്നും ജയിലറകളും ഭ്രാന്താശുപത്രിയും കാണിച്ച് ഭയപ്പെടുത്തണമെന്നും പറഞ്ഞുകൊണ്ട് കാസർകോട്ടെ യുവാവിൻ്റെ വീഡിയോ വൈറലായി. തളങ്കര സ്വദേശിയും ദേളിയിൽ താമസക്കാരനുമായ നവാസ് എന്ന യുവാവാണ് ലഹരിക്കെതിരെ വീഡിയോ ഇറക്കിയിരിക്കുന്നത്.
സെൻട്രൽ ജയിലും ഭ്രാന്താശുപത്രിയും കാണിച്ചാൽ കുട്ടികൾക്ക് ഭയം വരുമെന്നും അതോടെ കുട്ടികൾ മയക്കുമരുന്ന് അടക്കമുള്ള ലഹരിയിലേക്ക് പോകില്ലെന്നും നവാസ് പ്രതികരിക്കുന്നു. കുഞ്ഞുമനസുകൾക്ക് പേടിപ്പെടുത്തുന്ന അവസ്ഥ കണ്ടാൽ മാത്രമേ തെറ്റായ വഴിയിൽ പോവാതിരിക്കുകയുള്ളൂവെന്നും നവാസ് പറയുന്നു. നിലവിൽ നടക്കുന്ന ബോധവത്കരണങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമാണെന്നും നവാസ് അഭിപ്രായപ്പെടുന്നു.
തൻ്റെ നാട്ടിലെ സ്കൂളിൽ നടന്ന ബോധവത്കരണ പരിപാടിയിൽ സെൽഫിയെടുത്ത് ഭക്ഷണവും പായസവും കഴിച്ച് ആളുകൾ പിരിഞ്ഞുപോയതല്ലാതെ, ഏതെങ്കിലും ഒരു കുട്ടിക്ക് ലഹരി വിരുദ്ധ ബോധവത്കരണം ലഭിച്ചതായി താൻ കരുതുന്നില്ലെന്നും നവാസ് പറഞ്ഞു. കുറെ പ്രാഞ്ചിയേട്ടൻമാരും പൊങ്ങച്ചക്കാരും മാത്രം ബോധവത്ക്കരണത്തിന്റെ പേരിൽ ഷോ കാണിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയക്കാരെല്ലാം ഇതിന്റെ പേരിൽ മുതലെടുപ്പിനായി കണ്ണീർ ഒഴുകുകയാണ്.
യഥാർത്ഥത്തിൽ കുട്ടികളെ കാണിക്കേണ്ടത് ജയിലറകളാണ്. അവിടെ ഓരോ തടവുകാരനും നിലത്ത് പായ വിരിച്ച് കിടക്കുന്നതും അലുമിനിയം പാത്രങ്ങളിൽ രുചികരമല്ലാത്ത ഭക്ഷണം കഴിക്കുന്നതും മറ്റും കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. ലഹരിയും മറ്റും ഉപയോഗിച്ച് ഭ്രാന്താശുപത്രിയിൽ കഴിയുന്നവരെയും കുട്ടികൾക്ക് കാട്ടിക്കൊടുക്കണം. അവരുടെ അവസ്ഥ കണ്ടാൽ കുട്ടികൾ ഒരിക്കലും മയക്കുമരുന്നിന്റെ പിറകെ പോകില്ലെന്നും യുവാവ് വ്യക്തമാക്കി.
തന്റെ യൗവന കാലത്ത് അടിപിടിയും മറ്റും നടത്തി നിയമത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇതിലെല്ലാം ഇപ്പോൾ കുറ്റബോധമുണ്ടെന്നും ചില ഘട്ടം കഴിഞ്ഞാലാണ് തങ്ങൾ ചെയ്ത തെറ്റിൽ പശ്ചാത്താപം ഉണ്ടാവുകയും തിരുത്തുകയും ചെയ്തുവരുന്നതെന്ന് തന്റെ അനുഭവം വെച്ച് നവാസ് കാസർകോട് വാർത്തയോട് പ്രതികരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A youth from Kasargod shares a viral video advocating against drugs, urging to show children the realities of jail and mental hospitals to deter them from drug use.
#Kasargod #DrugAwareness #ViralVideo #YouthAdvocacy #DrugPrevention #KasaragodNews