School Arts | ഇനി കലാ മാമാങ്കത്തിന്റെ നാളുകൾ; കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച ഉദിനൂരിൽ തുടക്കം കുറിക്കും
● 16 വർഷത്തിന് ശേഷമാണ് ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിന്റെ മണ്ണിൽ എത്തിച്ചേരുന്നത്.
● ഏഴ് സബ് ജില്ലകളിൽ നിന്ന് 316 ഇനങ്ങളിലായി ആറായിരത്തോളം കുട്ടികൾ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുക്കുന്നു.
● നവംബർ 26, 27 തീയ്യതികളിൽ ഓഫ് സ്റ്റേജ് മത്സരങ്ങളും 28,29,30 തീയ്യതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.
ഉദിനൂർ: (KasargodVartha) ജില്ലയിലെ പ്രതിഭകൾക്ക് വേദിയൊരുക്കി കാസർകോട് റവന്യൂ ജില്ലാ കലോത്സവത്തിന് ചൊവ്വാഴ്ച (നവംബർ 26) ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിക്കും. 16 വർഷത്തിന് ശേഷമാണ് ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിന്റെ മണ്ണിൽ എത്തിച്ചേരുന്നത്.
5 ഗോത്ര നൃത്തരൂപങ്ങൾ പുതുതായി ഉൾപ്പെടുത്തി
ഈ വർഷം മുതൽ മംഗലം കളി, പണിയനൃത്തം, മലപുലയാട്ടം, പളിയനൃത്തം, ഇരുള നൃത്തം എന്നീ 5 ഗോത്ര നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴ് സബ് ജില്ലകളിൽ നിന്ന് 316 ഇനങ്ങളിലായി ആറായിരത്തോളം കുട്ടികൾ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുക്കുന്നു.
12 വേദികളിൽ മത്സരങ്ങൾ
ആതിഥേയ സ്കൂളിലെ അഞ്ചു വേദികളും ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ രണ്ടു വേദികളും ഉദിനൂർ ക്ഷേത്രപാലക അമ്പലപരിസരത്തുള്ള രണ്ടു വേദികളും തടിയൻ കൊവ്വലിലെ രണ്ടു വേദികളും കിനാത്തിലെ ഒരു വേദിയും ഉൾപ്പെടെ 12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. നവംബർ 26, 27 തീയ്യതികളിൽ ഓഫ് സ്റ്റേജ് മത്സരങ്ങളും 28,29,30 തീയ്യതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.
ലോഗോയും സുവനീറും
റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ മത്സരത്തിലൂടെയാണ് തെരഞ്ഞെടുത്തത്. ലോഗോയുടെ പ്രകാശനം പ്രശസ്ത സിനിമാതാരം വിജയരാഘവൻ നിർവഹിച്ചു. കലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനം പ്രശസ്ത സിനിമാ താരവും സംവിധായകനുമായ മധുപാൽ നിർവഹിക്കും.
ഘോഷയാത്രകളും ഉദ്ഘാടനവും
നവംബർ 24നും 25നും വിപുലമായ ഘോഷയാത്രകൾ നടന്നു. നവംബർ 28ന് വൈകുന്നേരം നാലു മണിക്ക് മധുപാൽ കലോത്സവം ഉദ്ഘാടനം ചെയ്യും. നവംബർ 30ന് വൈകുന്നേരം നാല് മണിക്ക് സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
വ്യവസായ വാണിജ്യ വകുപ്പിന്റെ ഉത്പന്ന പ്രദർശനം
വിവിധ മേഖലയിലുള്ള സംരംഭകർ പങ്കെടുക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ ജില്ലാതല ഉത്പന്ന പ്രദർശന- വിപണനമേള നവംബർ 26 മുതൽ 30 വരെ കലോത്സവ നഗരിയിൽ നടക്കും.
വിപുലമായ സംഘാടക സമിതി
കലോത്സവത്തിന്റെ വിജയത്തിനായി തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ബേബി ബാലകൃഷ്ണൻ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) വർക്കിംഗ് ചെയർമാനും, മധുസൂദനൻ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ) ജനറൽ കൺവീനറുമാണ്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 15 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
#KasargodArtsFestival #UdinoorFestival #SchoolCompetitions #KeralaCulturalFestivals #TribalDanceForms #KasargodEvents