Transfer | കാസർകോടിൻ്റെ പ്രിയപ്പെട്ട പൊലീസ് ചീഫ് ഡി ശിൽപ സിബിഐയിലേക്ക്; ചുമതല അനൂജ് പാലിവാളിന്
● കാസർകോടിൻ്റെ ചുമതല അനൂജ് പാലിവാളിന്.
● കൂടത്തായി, ഷാരോൺ കേസുകളിൽ മികച്ച അന്വേഷണം നടത്തി.
● കാസർകോടിൻ്റെ ആദ്യ വനിതാ എസ്പിയായിരുന്നു.
● അഞ്ച് വർഷത്തെ ഡെപ്യൂട്ടേഷനാണ്.
കാസർകോട്: (KasargodVartha) കേന്ദ്ര ഡെപ്യൂട്ടേഷനിൽ സിബിഐയിലേക്ക് പോകുന്നത് പൂർണ്ണമായ സംതൃപ്തിയോടെയാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ കാസർകോട് വാർത്തയോട് പ്രതികരിച്ചു. സിബിഐയിലേക്ക് പോകുന്നത് നേരത്തെ അപേക്ഷ നൽകിയതിൻ്റെ അടിസ്ഥാനത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ വലിയ അന്വേഷണ ഏജൻസിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെ ജില്ലാ പൊലീസ് മേധാവിയുടെ പദവി ഒഴിഞ്ഞു രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിക്കും.
കാസർകോട് ജില്ലയെ ഞെട്ടിച്ച പ്രവാസി വ്യവസായി അബ്ദുൾ ഗഫൂർ ഹാജിയുടെ വധം മുതൽ കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊല, ഷാരോൺ വധക്കേസുകളിൽ ജോളിയെയും ഗ്രീഷ്മയെയും അഴിക്കുള്ളിലാക്കിയ ഡി ശിൽപ സിബിഐയുടെ ഭാഗമാകുന്നത് അന്വേഷണ നടപടികൾ കൈകാര്യം ചെയ്യുന്നതിലെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്.
ജില്ലയുടെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവിയെന്ന നിലയിൽ മികവുറ്റ പ്രവർത്തനങ്ങളാണ് ഈ ഐപിഎസുകാരി നടത്തിയത്. ജില്ലയിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ചുക്കാൻ പിടിച്ചു നിൽക്കുന്നതിനിടയിലാണ് സിബിഐയിലേക്കുള്ള പിൻമാറ്റം.
കേരള പൊലീസിലെ അനുഭവ സമ്പത്തോടുകൂടിയാണ് ശിൽപ സിബിഐയുടെ ഭാഗമാകുന്നത്. നിയമ നിർവഹണ സേവനങ്ങളിൽ കഴിവുകൾ തെളിയിക്കാൻ ശിൽപ്പയ്ക്ക് കഴിഞ്ഞിരുന്നു. അഞ്ചു വർഷത്തെ ഡെപ്യൂട്ടേഷന് ശേഷം കേരളത്തിലേക്ക് തന്നെ മടങ്ങി വരുമെന്ന് ഡി ശിൽപ്പ വ്യക്തമാക്കി.
കാസർകോടിൻ്റെ താൽക്കാലിക ചുമതല കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പാലിവാളിന് നൽകി ഉത്തരവായിട്ടുണ്ട്. സിബിഐയോടൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്ന് ഡി ശിൽപ പ്രതികരിച്ചു.
ഒരു വർഷം അനക്കമില്ലാതെ കിടന്ന പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂർ ഹാജി വധക്കേസ് ഡി സി ആർ ബി ഡിവൈഎസ്പി കെ ജെ ജോൺസണിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റവാളികളെ ജാമ്യം പോലും ലഭിക്കാൻ കഴിയാത്ത രീതിയിൽ കൽത്തുറങ്കലിൽ അടയ്ക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. ശിൽപ്പ മേൽനോട്ടം വഹിച്ച ഷാരോൺ വധക്കേസിൽ കേരള പൊലീസിനെ കോടതി അഭിനന്ദിക്കുന്നതിലേക്കും കാര്യങ്ങൾ എത്തിയിരുന്നു.
അന്വേഷണം ഏകോപിപ്പിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും കൃത്യമായ നിർദ്ദേശങ്ങളാണ് ശിൽപ്പയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എല്ലാ പ്രമാദമായ കേസിലും പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം കുറ്റപത്രം സമർപ്പിക്കാനും കഴിഞ്ഞു. ഗ്രീഷ്മയ്ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാനും കഴിഞ്ഞു.
കൊലപാതക കേസുകൾ കൂടാതെ നിരവധി മയക്കുമരുന്ന് വേട്ടയും ഡി ശിൽപയുടെ ലിസ്റ്റിലുണ്ട്. കോവിഡ് കാലത്ത് കാസർകോട് മികച്ച പ്രവർത്തനം നടത്താനും അവർക്ക് കഴിഞ്ഞിരുന്നു. 2016 ഐപിഎസ് ബാച്ചുകാരിയായ ശിൽപ്പ ജില്ലയുടെ പോലീസ് മേധാവിയായി രണ്ടാം തവണയാണ് എത്തിയത്.
ബംഗളൂരു സ്വദേശിനിയായ ശിൽപ്പ 2024 ഓഗസ്റ്റിലാണ് കാസർകോട്ട് പൊലീസ് മേധാവിയായി ചുമതലയേറ്റത്. തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ പ്രോക്യൂർമെൻ്റ് (സംഭരണം) അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ജനറൽ സ്ഥാനത്തുനിന്നാണ് ശിൽപ്പയ്ക്ക് കാസർകോട്ടേക്കുള്ള രണ്ടാം വരവ് ഉണ്ടായത്.
2016 ഐപിഎസ് ബാച്ചുകാരിയായിരുന്ന ശിൽപ്പയുടെ പോലീസ് സേനയിലെ ആദ്യ നിയമനം കാസർകോട്ടായിരുന്നു. 2019ൽ അസിസ്റ്റൻ്റ് പൊലീസ് സൂപ്രണ്ടായിട്ടായിരുന്നു അന്ന് നിയമനം. 2024 ൽ വീണ്ടും ജില്ലാ പൊലീസ് മേധാവിയായി. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ട് സ്വദേശിയായ ശിൽപ്പ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്ങിൽ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിരുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kasaragod District Police Chief D Shilpa is moving to the CBI on central deputation, expressing satisfaction with the transfer. Anoop Paliwal, Kannur Rural SP, will take temporary charge. D Shilpa is known for her successful investigations in major cases like the Koodathayi and Sharon murders and was the first woman SP of Kasaragod.
#DShilpa #KasaragodPolice #CBI #KeralaPolice #Transfer #AnoopPaliwal