Accident | കാസർകോട് സ്വദേശിയായ യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു
● സംഭവം ഫറോഖ് റെയിൽവേ സ്റ്റേഷന് സമീപം
● റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു
● തിങ്കളാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്
സീതാംഗോളി: (KasargodVartha) കാസർകോട് സ്വദേശിയായ യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു. സീതാംഗോളി മുഗുറോഡിലെ ഹമീദ് പയോട്ട - ഹഫ്‌സ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത് (21) ആണ് മരിച്ചത്. ഫറോഖ് റെയിൽവേ സ്റ്റേഷന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ഫറോഖ് റെയിൽവേ സ്‌റ്റേഷന് സമീപത്ത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് സാബിത്. റെയിൽ പാളം കടന്നുവേണമായിരുന്നു താമസ സ്ഥലത്തേക്ക് പോകാൻ. തിങ്കളാഴ്ച താൻ നാട്ടിലേക്ക് പോകുന്നതായും കുറച്ച് മധുരപലഹാരങ്ങൾ വാങ്ങാൻ ഉണ്ടെന്നും തലേദിവസം രാത്രി സാബിത് ഒപ്പം താമസിക്കുന്നവരോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.
എന്നാൽ പുലർച്ചെ മറ്റുളവർ ഉറക്കമെണീറ്റപ്പോൾ സാബിതിനെ മുറിയിൽ കാണാനില്ലായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിവരുന്നതിനിടയിൽ ട്രെയിൻ തട്ടിയ നിലയിൽ ഒരു മൃതദേഹം കോഴിക്കോട് മെഡികൽ കോളജിൽ കൊണ്ടുവന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ മോർചറിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
പുലർച്ചെ സാബിത് വസ്തുക്കൾ വാങ്ങാൻ പോകുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഒന്നിലധികം ട്രെയിനുകൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. പോസ്റ്റ് മോർടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സഹോദരിമാർ: സാനിയ, ഫാത്വിമ.
#KasaragodTragedy #TrainAccident #KeralaNews #MuhammadSabith #RailwayAccident #Kozhikode