Accident | ദേശീയപാതയിൽ ക്രെയിനിൽ പികപ് വാന്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു
● ബെദിരയിലെ ബി എം ഇബ്രാഹിമിന്റെ മകൻ നിയാസ് ആണ് മരിച്ചത്.
● മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്ത്യം.
● ദേശീയപാതയിൽ കുമ്പള മൊഗ്രാലിലായിരുന്നു അപകടം.
കാസർകോട്: (KasargodVartha) കുമ്പള മൊഗ്രാലിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിൽ പികപ് വാൻ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. ബെദിരയിലെ ബി എം ഇബ്രാഹിമിന്റെ മകൻ നിയാസ് (42) ആണ് മരിച്ചത്. മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മൊഗ്രാലിൽ വെച്ച് ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിലേക്ക് നിയാസ് ഓടിച്ചുവന്ന പികപ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ നിയാസിന്റെ ഇരു കാലുകളും വാനിൽ കുടുങ്ങുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ കാസർകോട് നിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സീനിയർ അഗ്നിരക്ഷാസേന ഓഫീസർ സണ്ണി ഇമ്മാനുവെല്ലിന്റെ നേതൃത്വത്തിൽ ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഹൈഡ്രോളിക് കടർ ഉപയോഗിച്ച് വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് നിയാസിനെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.
തുടർന്ന് നിയാസിനെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
Youth named Niyas (42) died after his pickup van collided with a crane on the national highway in Kumbala Mogral, Kasaragod. He was seriously injured and passed away in a Mangalore hospital.
#RoadAccident, #Kasaragod, #Death, #CraneAccident, #NationalHighway, #RoadSafety