Suspension | പി വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാസർകോട് നർക്കോട്ടിക് സെൽ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച ഡിവൈഎസ്പിയെയും വീട്ടിലിരുത്തി
● കാസർകോട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.ഐ. ഷാജിയെ ആണ് സസ്പെൻഡ് ചെയ്തത്.
● സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപണം.
● മദ്യപിച്ച് വാഹനമോടിച്ച മറ്റൊരു ഡിവൈഎസ്പിയെയും സസ്പെൻഡ് ചെയ്തു.
● സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
കാസർകോട്: (KasargodVartha) മുൻ നിലമ്പൂർ എംഎൽഎ പി.വി. അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയ കാസർകോട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.ഐ. ഷാജിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻ്റെ അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ചോർത്തി അൻവറിന് നൽകിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെയാണ് കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.
ആഭ്യന്തര സെക്രട്ടറിയാണ് ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎസ്പിയെയും സസ്പെൻഡ് ചെയ്ത് വീട്ടിലിരുത്തി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിൽകുമാറിനെയാണ് ആലപ്പുഴയിൽ ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ചതിന് സസ്പെൻഡ് ചെയ്തത്.
2018 ഒക്ടോബറിലായിരുന്നു തിരുവനന്തപുരത്തെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം ഉണ്ടായത്. രണ്ട് കാറുകളും സ്കൂട്ടറും കത്തിനശിച്ചിരുന്നു. സിപിഎമ്മിനെ പിന്തുണച്ചിരുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെപ്പ് ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു.
എംഎൽഎ സ്ഥാനം രാജിവെച്ച് സിപിഎമ്മിൽ നിന്നും പുറത്തുപോയ അൻവർ അടുത്തിടെ ആശ്രമം തീവെപ്പ് കേസ് പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കുന്നതിനെ പിന്തുണച്ച ആളാണ് സന്ദീപാനന്ദ ഗിരിയെന്നും ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ച നടപടിയെന്നുമായിരുന്നു അൻവർ പറഞ്ഞത്. കേസിലെ പ്രതികളെ രക്ഷിക്കാൻ പൊലീസ് നീക്കം നടത്തി. ഡിവൈഎസ്പി രാജേഷാണ് കേസ് വഴിതിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം ബിജെപിയിൽ സജീവമായെന്നും അൻവർ ആരോപിച്ചിരുന്നു. ഈ വിവരങ്ങൾ അൻവറിന് ചോർത്തി നൽകിയത് ഡിവൈഎസ്പി ഷാജിയാണെന്നായിരുന്നു ഇൻ്റലിജൻസിൻ്റെ കണ്ടെത്തൽ.
M.I. Shaji, the DySP of Kasaragod Narcotic Cell, has been suspended from service for allegedly leaking confidential information, including details of the Sandeepananda Giri ashram arson case, to former MLA PV Anvar. The action was taken by the Home Secretary based on an intelligence report. Simultaneously, Anil Kumar, DySP of the State Crime Records Bureau, was also suspended for drunken driving in Alappuzha while on official duty. PV Anvar had recently accused the police of sabotaging the ashram arson case, alleging that DySP Rajesh, who later joined BJP, had diverted the investigation. Intelligence found that DySP Shaji had leaked information to Anvar regarding this case.
#KeralaPolice #Suspension #PVAnvar #InformationLeak #SandeepanandaGiri #DrunkenDriving