Approval | കാസർകോട് നഗരസഭയുടെ പരിഷ്കരിച്ച ഡിടിപി പദ്ധതിക്ക് സർക്കാർ അംഗീകാരം; കെട്ടിട നിർമാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകുമെന്ന് ചെയര്‍മാന്‍
● കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരവും വികസിപ്പിക്കാൻ സാധിക്കും.
● കെട്ടിടങ്ങൾ നിർമ്മിക്കാൻ നിശ്ചിത നിയന്ത്രണങ്ങളോടെ അനുമതി ലഭിക്കും
● 33 വർഷത്തിന് ശേഷമാണ് പരിഷ്കരിക്കപ്പെടുന്നത്
കാസർകോട്: (KasargodVartha) കാസർകോട് നഗരസഭ സമർപ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും (ഡി.ടി.പി സ്കീം) സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയതായി നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചു. ഈ അംഗീകാരത്തോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരവും സെൻട്രൽ ഏരിയയും സമഗ്രമായി വികസിപ്പിക്കാൻ സാധിക്കും.
പുതിയ നിയമപ്രകാരം, റസിഡൻഷ്യൽ ആയി സോൺ ചെയ്ത പ്രദേശങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്കും താമസത്തിനുമായി കെട്ടിടങ്ങൾ നിർമ്മിക്കാൻ നിശ്ചിത നിയന്ത്രണങ്ങളോടെ അനുമതി ലഭിക്കും. അതുപോലെ, പൊതു-അർധപൊതു ആവശ്യങ്ങൾക്കായി സൂചിപ്പിച്ചിട്ടുള്ള സ്വകാര്യ ഭൂമികളിൽ പൊതു പ്രവർത്തനം ഇല്ലാത്ത സാഹചര്യത്തിൽ, ചുറ്റുമുള്ള പ്രദേശങ്ങളിലെ നിർമ്മാണത്തിന് ഇളവുകൾ ലഭിക്കും.
1989, 1991 വർഷങ്ങളിൽ നിലവിൽ വന്ന ഡി.ടി.പി സ്കീമിലെ നിബന്ധനകളിൽ ഇളവുകൾ വരുത്തിയാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 33 വർഷത്തിന് ശേഷമാണ് കാസർകോട് നഗരസഭയുടെ വിശദ നഗരാസൂത്രണ പദ്ധതി പരിഷ്കരിക്കപ്പെടുന്നത്.
2024 ഫെബ്രുവരി 22 ന് നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, നഗരസഭാ സെക്രട്ടറി ജസ്റ്റിൻ പി.എ, നഗരസഭാ എൻജിനീയർ ദിലീഷ് എൻ.ഡി തുടങ്ങിയവരുടെ സംഘം പരിഷ്കരിച്ച റിപ്പോർട്ട് തിരുവനന്തപുരത്ത് ചീഫ് ടൗൺ പ്ലാനർ സിപി പ്രമോദ് കുമാറിന് കൈമാറിയിരുന്നു. ഈ പുതിയ നിയമം കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുമെന്നും ചെയർമാൻ അറിയിച്ചു.
#Kasaragod #DTPscheme #KeralaDevelopment #UrbanPlanning #RealEstate #Construction