Announcement | കാസർകോട് ഇനി 'മാലിന്യമുക്ത നഗരസഭ'; പ്രഖ്യാപിച്ച് ചെയർമാൻ അബ്ബാസ് ബീഗം
● മാസങ്ങളോളം നീണ്ടുനിന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം.
● ശുചിത്വ തൊഴിലാളികളും ഹരിത കർമ്മ സേന അംഗങ്ങളും ഇതിൽ പങ്കാളികളായി.
● ഹരിത അവാർഡ് നേടിയ സ്ഥാപനങ്ങളെ ആദരിച്ചു.
കാസർകോട്: (KasargodVartha) 'മാലിന്യ മുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി മാസങ്ങളോളം നീണ്ടുനിന്ന മാലിന്യ നിർമാർജന, ശുചിത്വ പ്രവർത്തനങ്ങളുടെ ഫലമായി കാസർകോട് നഗരസഭയ്ക്ക് 'മാലിന്യമുക്ത നഗരസഭ'യെന്ന അഭിമാന നേട്ടം. നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരും ശുചിത്വ തൊഴിലാളികളും ഹരിതകർമ്മസേന അംഗങ്ങളും സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളാണ് നഗരസഭയെ അഭിമാന നേട്ടത്തിലെത്തിച്ചത്.
കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും നഗരസഭയെ 'മാലിന്യമുക്ത നഗരസഭ'യായി പ്രഖ്യാപിക്കുകയും ചെയ്തു. വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഹീർ ആസിഫ്, രജനി കെ, കൗൺസിലർ ലളിത, നഗരസഭാ സെക്രട്ടറി അബ്ദുൽ ജലീൽ ഡി.വി, എച്ച്.ഐ. നിസ്സാം, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്, ഹരിത കേരളം മിഷൻ ബ്ലോക്ക് റിസോർസ് പേഴ്സൺ എ നീലാംബരൻ തുടങ്ങിയവർ സംസാരിച്ചു. സി.സി.എം മധുസൂധനൻ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് സി.കെ.വി ലഹരി ബോധവൽക്കരണ ക്ലാസ് എടുത്തു. ഹരിത അവാർഡ് കരസ്ഥമാക്കിയ നഗരസഭയിലെ വിവിധ സ്ഥാപനങ്ങൾക്ക് ചടങ്ങിൽ വെച്ച് അവാർഡുകളും, സർട്ടിഫിക്കറ്റുകളും കൈമാറി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod Municipality was declared "Waste-Free Municipality" following successful cleanliness drives, with a formal announcement by Chairman Abbas Begum.
#Kasaragod #WasteFreeMunicipality #Cleanliness #GreenInitiatives #AbbasBegum #KeralaNews