city-gold-ad-for-blogger

Nightlife | സന്ധ്യയ്ക്ക് ശേഷം നിശ്ചലമാകുന്ന കാസർകോട് നഗരം; ഒരു മാറ്റം അനിവാര്യം

A Kasaragod city at night.
Photo: Arranged

● ബസ് സർവീസുകളും കടകളും നേരത്തെ അടക്കുന്നു.
● നഗരത്തിന്റെ രാത്രികാല ഭംഗി ആസ്വദിക്കാൻ ആളില്ല.
● നഗരത്തെ ഉണർത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം.

മുഹമ്മദലി നെല്ലിക്കുന്ന്

(KasargodVartha) പേര് കൊണ്ടും, പെരുമ കൊണ്ടും പ്രശസ്തിയാർജ്ജിച്ച് യശസ് ഉയർത്തിയ കാസർകോട് നഗരം സന്ധ്യ കഴിഞ്ഞാൽ അനക്കമോ ആരവമോ ഇല്ലാതെ മൗനം പൂണ്ടിരിപ്പാണ്. രാത്രി ഒൻപത് മണിക്കുള്ളിൽ ബസ് സർവീസുകൾ നിർത്തുകയും, അതോടൊപ്പം കടകളും, തെരുവ് കച്ചവടക്കാരും പൂട്ടി പോവുകയും ചെയ്താൽ കാസർകോട് ടൗൺ അനക്കമില്ലാതെ ശാന്തമായിരിക്കും. നഗര വീഥികൾ ആളനക്കമില്ലാതെ ദു:ഖസാന്ദ്രതയിൽ അലിഞ്ഞു ചേരുകയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപാട് സഹിക്കുന്ന ചില ഓട്ടോറിക്ഷകളും ഡ്രൈവർമാരും മാത്രമാണ് കാണാൻ കഴിയുന്നത്.

റമദാനും പെരുന്നാളും ഓണവും വിഷുവും അടക്കമുള്ള ആഘോഷ ദിനങ്ങളിൽ കുറച്ച് ദീർഘ സമയം വരെ ടൗണിൽ തിരക്കുണ്ടാവാറുണ്ട്. അല്ലാത്ത ദിവസം സന്ധ്യ കഴിഞ്ഞാൽ ശാന്തത മാത്രം. തെരുവോര ഇലക്ട്രിക് തൂണുകളിലെ ബൾബുകൾ മിഴികൾ തുറന്നപ്പോൾ അത് കണ്ട് ആസ്വദിക്കാൻ ആരുമില്ല. ഇരുളിനെ കീറി മുറിച്ച് പകലാക്കി കാസർകോട് ടൗണിൽ വെളിച്ചം വിതറിയപ്പോൾ അതിൽ ലയിക്കുവാൻ ശാന്തമായ അന്തരീക്ഷം മാത്രം.

‘മോന്തിയായാൽ അജനയില്ലാത്ത ബജാർ’ കാണുമ്പോൾ മൂകതയിലാണ്. ദീർഘ സമയം വരെ കടകളും, തെരുവ് കച്ചവടക്കാരും തുറന്നിരുന്നാൽ അതു പോലെ ബസുകളുടെ സമയ മാറ്റവും ക്രമീകരിച്ചാൽ കാസർകോട് നഗരത്തിന് ഉണർവുണ്ടായേക്കാം. ഒന്നുമല്ലാത്ത സമയത്ത് വാഹന ഓട്ടം നിർത്തുന്നതും, അതു പോലെ കച്ചവടക്കാർ കടകൾ പൂട്ടി പോകുന്നതും നഗരത്തെ ശാന്തതയിലാക്കുകയാണ്.

പുതിയ ബസ് സ്റ്റാൻഡ് മുതൽ ട്രാഫിക് ജൻക്ഷൻ വരെ അനക്കമില്ലാതെ മൗനത്തിലാണ്ട തെരുവോരം.

കാസർകോടിന്റെ മുഖച്ഛായ മാറ്റുവാൻ നഗരസഭ തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും, ഡിവൈഡറിൽ പച്ചപ്പ് നട്ടു പിടിപ്പിച്ചും ജനഹൃദയത്തെ ആകർഷിപ്പിക്കുകയാണ്. അതുപോലെ നഗരത്തിൽ എത്തുന്നവർക്ക് സെൽഫിയെടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട് .

'പാങ്ങുള്ള ബജാർ ചേലുള്ള ബജാറിന്റെ' രാത്രികാല ഭംഗി ആസ്വദിക്കുവാൻ വേണ്ടി സന്ധ്യ കഴിഞ്ഞാൽ നഗരത്തിൽ ആരുമുണ്ടാകുന്നില്ല. ദേശീയ പാതയോരത്ത് തട്ടുകടകളും കഫേകളും തുറന്നു പ്രവർത്തിക്കുന്നത് മാത്രം കാണുകയല്ലാതെ മറ്റു കടകളെല്ലാം സന്ധ്യയായാൽ അടഞ്ഞു തന്നെ. കാസർകോട് നഗരത്തെ രാത്രിയിലും ഉണർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

#Kasaragod #Nightlife #UrbanDevelopment #KeralaTourism #CityLife #Revitalization

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia